മരണവുമായി പറന്നെത്തിയ പാക് ഡ്രോണുകള്‍, തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ സൈന്യം, ശ്വാസം നിലച്ച നിമിഷങ്ങള്‍!

Published : Jun 10, 2025, 06:26 PM ISTUpdated : Jun 10, 2025, 06:34 PM IST
RP Vinod

Synopsis

ഓപ്പറേഷന്‍ സിന്ദൂര്‍ സംഘര്‍ഷവേളയില്‍ ജമ്മുവില്‍നിന്നും നേരിട്ട് റിപ്പോര്‍ട്ടിംഗ് നടത്തിയ ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്റെ അനുഭവങ്ങള്‍. ആര്‍ പി വിനോദ് എഴുതുന്നു

ഓപ്പറേഷന്‍ സിന്ദൂറിന് ഒരു മാസമായി. ആ ഓര്‍മ്മകളില്‍നിന്ന് ഇന്നും മുക്തമായിട്ടില്ല നമ്മുടെ അതിര്‍ത്തി പ്രദേശങ്ങള്‍. അന്ന് ജമ്മുവില്‍ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം നേരിട്ട് കണ്ട ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ ആര്‍ പി വിനോദ് അനുഭവിച്ചറിഞ്ഞ ഞെട്ടിക്കുന്ന യുദ്ധ സമാന നിമിഷങ്ങളാണ് ഈ അനുഭവക്കുറിപ്പില്‍. തലയ്ക്ക് മീതെ പറന്ന പാക് ഡ്രോണുകള്‍. അവയെ ആകാശത്തുവെച്ച് തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍. ആകാശത്ത് ഡ്രോണുകള്‍ നിറയുന്നതിനിടെ ഒരു ബസിന് പിന്നില്‍ ഒളിഞ്ഞിരുന്നുള്ള തത്സമയം റിപ്പോര്‍ട്ടിംഗ്. താമസിച്ച ഹോട്ടലിന് നേരെ പുലര്‍ച്ചെ പാഞ്ഞ് വന്ന ഡ്രോണുകള്‍. ക്യാമറാമാന്‍ സുരേഷ് എസ് നായര്‍ക്കൊപ്പം ജമ്മുവില്‍നിന്ന് ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി നേരിട്ട് റിപ്പോര്‍ട്ടിംഗ് നടത്തിയ ആര്‍ പി വിനോദിന്റെ അനുഭവങ്ങള്‍.

 

പഹല്‍ഗാം ഭീകരാക്രമണം നടന്ന് പന്ത്രണ്ട് ദിവസത്തിന് ശേഷം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി  നല്‍കിയത് 2025 മെയ് മാസം ഏഴിന് പുലര്‍ച്ചെ 1.05 -നും 1.30 -നും ഇടയ്ക്കാണ്. അതിര്‍ത്തി കടക്കാതെ നടത്തിയ സ്റ്റാന്‍ഡ് ഓഫ് സ്‌ട്രൈക്ക്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പിച്ച് തന്നെ നടത്തിയ ആക്രമണം. തിരിച്ചടി ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് കര-വ്യോമ-നാവിക സേനകളുടെ പക്കല്‍ വിശദമായ പ്ലാനുണ്ടായിരുന്നു. ആ പ്ലാന്‍ നമ്മള്‍ കൃത്യമായി നടപ്പാക്കിയത് കൊണ്ടാണ് വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നത്.

പഹല്‍ഗാമിന് ശേഷം ബാലാക്കോട്ട് പോലെ മറ്റൊരു മിന്നലാക്രമണവും പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാന്‍ പരാജയപ്പെടാന്‍ കാരണം അവരുടെ ആസൂത്രണമില്ലായ്മയും ഇന്ത്യന്‍ സൈനിക ശക്തിയെയും പ്രതിരോധ സംവിധാനങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മയും ആണ്

റിപ്പോര്‍ട്ടിംഗിനിടെ ലേഖകന്‍

 

ഏഷ്യാനെറ്റ് ന്യൂസ് @ സ്‌പോട്ട്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിറ്റേന്ന് തന്നെ ശ്രീനഗറിലും പിന്നീട് പഹല്‍ഗാമിലും എത്തിയ ആദ്യ മലയാള മാധ്യമം ഏഷ്യാനെറ്റ് ന്യൂസാണ്. ദില്ലി ബ്യൂറോയില്‍നിന്നും വൈശാഖ് ആര്യന്‍ സംഭവത്തിന് പിറ്റേ ദിവസം രാവിലെ മുതല്‍ തന്നെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളും പ്രതികരണങ്ങളും പ്രേക്ഷകര്‍ക്കായി എത്തിച്ചു. പിന്നാലെ റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ സ്ഥലത്തെത്തി.

രണ്ടാം ദിനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സംഭവിക്കുന്നത്. മെയ് 7 -ന് പുലര്‍ച്ചെ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നീക്കം തുടങ്ങിയെന്ന സൂചനകള്‍ കിട്ടിയപ്പോള്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് തത്സമയം ഏറ്റവും പുതിയ വിവരങ്ങളും പുതിയ ദൃശ്യങ്ങളും നല്‍കിത്തുടങ്ങി. വാര്‍ത്തകള്‍ പുലരുവോളം നീണ്ടു. ഞങ്ങള്‍ ഡെസ്‌കിലും ബ്യൂറോയിലും ഉള്ള എല്ലാവരും സജീവമായി

 

മിഷന്‍ ജമ്മു

അന്ന് പുലര്‍ച്ചെയാണ് 'ഉടന്‍ ജമ്മുകാശ്മീരിലേക്ക് പോകണം' എന്ന നിര്‍ദേശം എനിക്ക് കിട്ടുന്നത്. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ സുരേഷ് എസ് നായര്‍ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് ജമ്മുവിലേക്ക്  പോകാനായിരുന്നു പദ്ധതി. അതിര്‍ത്തി മേഖലയിലെ അസാധാരണ സാഹചര്യം കാരണം ജമ്മു കാശ്മീരിലേക്കുള്ള വിമാനത്താവളങ്ങള്‍ അടച്ചത് പ്രതിസന്ധിയായി. ദില്ലിയിലേക്കുള്ള വിമാനടിക്കറ്റും ഒപ്പം പിറ്റേന്ന് പുലര്‍ച്ചെ ദില്ലി ജമ്മു -വന്ദേഭാരത് ട്രെയിനും ബുക്ക് ചെയ്തു.

ഏത് നിമിഷവും ട്രെയിന്‍ റദ്ദാക്കിയേക്കും എന്ന സൂചന ഉണ്ടായെങ്കിലും അത് സംഭവിച്ചില്ല. പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങളെയാണ് തകര്‍ത്തത് എങ്കില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി മേഖലകളിലെ ഇന്ത്യന്‍ ഗ്രാമങ്ങളേയും സാധാരണക്കാരെയും ആണ് ലക്ഷ്യം വച്ചത്. ജമ്മുവിലെ പൂഞ്ചില്‍ നിരവധി വീടുകള്‍ പാക് ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് പരിക്ക് പറ്റി.

ജമ്മുവില്‍ നിന്ന് 229 കിലോ മീറ്റര്‍ അകലെയുള്ള പൂഞ്ചിലേക്ക് പോകാനായിരുന്നു എന്റെ പദ്ധതി. ജമ്മുവില്‍ ഇറങ്ങി ഒട്ടും വൈകാതെ ടാക്‌സി എടുത്ത് പൂഞ്ചിലേക്ക് പുറപ്പെട്ടു. അതിന് മുന്‍പ് പൂഞ്ചില്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ എത്തിച്ച ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തി. അവരോട് തത്സമയം സംസാരിച്ചു. 

അപ്പോഴേക്കും സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണി കഴിഞ്ഞു.

 

'യാത്ര അപകടകരം'

രാത്രി പൂഞ്ചിലേക്കുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് ഡ്രൈവര്‍ ജമ്മു സ്വദേശി പരംജീത് സിങ് ഓര്‍മ്മിപ്പിച്ചു. രാത്രിയിലാണ് പാകിസ്ഥാന്‍ ഷെല്ലിംഗ് തുടങ്ങുന്നത്. ഒപ്പം ദുര്‍ഘടമായ പാതയും. അതിനാല്‍ ജമ്മുവിനും പൂഞ്ചിനും ഇടയിലുള്ള രജൗരിയില്‍ തങ്ങി, പുലര്‍ച്ചെ പൂഞ്ചിലേക്ക് പോകാമെന്ന് കരുതി യാത്ര തുടര്‍ന്നു. സന്ധ്യയായതോടെ സൈന്യത്തിന്റെ ചെക്‌പോസ്റ്റുകളില്‍ നിന്ന് 'യാത്ര അപകടകരം' എന്ന മുന്നറിയിപ്പുകള്‍ ലഭിച്ചു തുടങ്ങി. പക്ഷേ രജൗരിയില്‍ എത്താതെ തങ്ങാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ മുന്നോട്ട് പോയി.

ഇടയ്ക്ക് പത്തിലധികം പീരങ്കികള്‍ കൊണ്ട് പോകുന്ന വലിയൊരു സൈനിക വാഹന വ്യൂഹത്തിനൊപ്പമായി യാത്ര. റോഡില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലെ ലൈറ്റുകളെല്ലാം പെട്ടെന്ന് അണഞ്ഞു. രജൗരിയില്‍ എത്താന്‍ ഇനിയും 68 കിലോമീറ്റര്‍.

 

ഡ്രൈവര്‍ പരംജിത്ത് (ഏഷ്യാനെറ്റ് ന്യൂസ് മൈക്ക് കൈയില്‍ പിടിച്ച ആള്‍) കുടുബാംഗങ്ങള്‍ക്കൊപ്പം.

 

ജമ്മുവില്‍നിന്നും ഒരു ഫോണ്‍കോള്‍

സുന്ദര്‍ബനി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ പരംജീത്തിന് ഒരു ഫോണ്‍ കോള്‍. ഭാര്യയാണ്. വീടിന് മുകളിലൂടെ വലിയ ശബ്ദത്തോടെ ഒരു തീഗോളം പാഞ്ഞുപോയി. അതായിരുന്നു ഫോണ്‍. പരിഭ്രാന്തനായ പരംജീത്ത് ഞങ്ങളോട് വിവരം പറഞ്ഞ ശേഷം ആകെ ടെന്‍ഷനായി.

അപ്പോഴും, ജമ്മു പോലുള്ള വലിയ ഒരു നഗരത്തിലേക്ക് പാകിസ്ഥാന്‍ കടന്ന് കയറില്ല എന്ന വിശ്വാസത്തില്‍

ഞാനും സുരേഷും പരംജീത്തിനെ ആശ്വസിപ്പിച്ചു.

അഞ്ച് മിനിട്ട് കഴിഞ്ഞില്ല വീണ്ടും പരംജീത്തിന് ഭാര്യയുടെ ഫോണ്‍. ഞങ്ങളെ നോക്കിയ ശേഷം ഫോണെടുത്ത പരംജീത്ത് വാഹനം നിര്‍ത്തി. 'സാബ്, ജമ്മുവിലേക്ക് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. വീടുകളിലെല്ലാം ലൈറ്റ് അണയ്ക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യയും കുട്ടികളും പേടിച്ചിരിക്കുകയാണ്.'

അപ്പോള്‍ തന്നെ വിവരം ഞാന്‍ ഡെസ്‌കില്‍ അറിയിച്ചു. ഒന്ന് കൂടി ക്രോസ് ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സികളില്‍ പോലും വിവരം വന്നിട്ടില്ല.

പെട്ടെന്ന് ഫോണിന്റെ റേഞ്ച് നഷ്ടമായി. ജമ്മുവില്‍നിന്നും ഞങ്ങള്‍ 175 കിലോമീറ്റര്‍ പിന്നിട്ടിരുന്നു.

പൂഞ്ചിലേക്ക് പോവണോ, അതോ ഡ്രോണ്‍ ആക്രമണം നടന്ന ജമ്മുവിലേക്ക് തിരികെ പോണോ?

അലോചിക്കാന്‍ പോലും സമയമില്ല.

 

ശ്വാസമടക്കിപ്പിടിച്ച് മൂന്ന് മണിക്കൂറുകള്‍

തിരികെ രാത്രിയാത്ര അതീവ ദുഷ്‌കരം. ദില്ലി ബ്യൂറോയില്‍ നിന്ന് നിന്ന് അനുമതി വാങ്ങി തിരികെ രണ്ടും കല്‍പ്പിച്ച് ജമ്മുവിലേക്ക്. മൂന്ന് മണിക്കൂറെങ്കിലും വേണം തിരിച്ചെത്താന്‍. പരംജീത്ത് തന്നെ ധൈര്യത്തിലാണ് യാത്ര.

പതിനഞ്ച് മിനിട്ട് പിന്നിട്ടപ്പോള്‍ ഫോണ്‍ റേഞ്ച് വന്നു.

വാട്‌സാപ്പില്‍ മെസേജുകള്‍ ചറപറാ വന്നു, ജമ്മുവിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരണം. ന്യൂസ് അവറിനിടയില്‍ യാത്രയ്‌ക്കൊപ്പം ലൈവ് നല്‍കി. ഡ്രൈവര്‍ പരംജീത്ത് ഭാര്യ വിളിച്ചത് മുതലുള്ള വിവരം ലൈവില്‍ പറഞ്ഞു.

റോഡിലെങ്ങും ആരുമില്ല. വെളിച്ചമില്ല. നിലാവില്‍ കാണുന്നത് മലകള്‍ മാത്രം.

ഇടയ്ക്ക് വലിയ സ്‌ഫോടന ശബ്ദങ്ങള്‍, ആകാശത്തില്‍ തീഗോളങ്ങള്‍. സ്‌ഫോടന ശബ്ദത്തിന്റെ കാഠിന്യം കൂടിക്കൂടി വന്നു. വെളിച്ചം തിരിച്ചറിഞ്ഞാല്‍ അങ്ങോട്ടാകും ഷെല്ലുകള്‍ വരുക എന്ന് പരംജീത്ത് ഇടയ്ക്കിടെ പറഞ്ഞു.

വാഹനം നിര്‍ത്താനും തരമില്ല. ഭാര്യയേയും കുട്ടികളേയും കാണാന്‍ പായുന്ന പരംജീത്തും ജമ്മുവിലെത്തി ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനുള്ള വെപ്രാളത്തില്‍ ഞങ്ങളും.

കരസേനയുടെ ചില യൂണിറ്റുകള്‍ക്ക് മുന്നിലൂടെ യാത്ര ചെയ്തപ്പോള്‍ ഇടയ്ക്കിടയ്ക്ക് വലിയ വെടി ശബ്ദം കേട്ടു.

അപ്പോഴേക്കും ഇരുഭാഗത്ത് നിന്നും വലിയ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കഴിഞ്ഞു.

ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെല്ലാം പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നും എല്ലാം ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്നും പാക് സൈനിക കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ തിരിച്ചടി ഉണ്ടായെന്നും സ്ഥിരീകരണം കിട്ടി.

ഇടയ്ക്കിടയ്ക്ക് വാഹനത്തില്‍ ഇരുന്ന് തന്നെ ലൈവ് നല്‍കി. ഒടുവില്‍ ജമ്മുവിലെത്തുമ്പോള്‍ രാത്രി 11 മണി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലൈവ് നല്‍കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ച എല്ലാവരും പറഞ്ഞത് പരിഭ്രാന്തിയുടെ കഥകള്‍.

പക്ഷേ അപ്പോഴേക്കും എല്ലാം ശാന്തമായിരുന്നു.

 

ലൈറ്റ് ഓണ്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ നിലാവെളിച്ചത്തില്‍ തല്‍സമയ റിപ്പോര്‍ട്ടിംഗ് നടത്തുന്ന ലേഖകന്‍

 

 

'വിനോദേ, വെടി പൊട്ടുന്ന ശബ്ദം...'

ജമ്മുവിന് നേരെ രാത്രി 8 മുതല്‍ എട്ടര വരെയായിരുന്നു പാക് ഡ്രോണ്‍ ആക്രമണം. ജമ്മു വിമാനത്താവളം, സൈനിക കേന്ദ്രം എന്നിവയെയാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. പക്ഷേ ഒരു ഡ്രോണ്‍ പോലും നിലത്ത് കുത്താന്‍ നമ്മുടെ സൈന്യം അനുവദിച്ചില്ല.

പിറ്റെന്ന് പുലര്‍ച്ചെ വീണ്ടും പൂഞ്ചിലേക്ക് പോകാം എന്ന് പരംജീത്തിനോടും ക്യാമറമാന്‍ സുരേഷിനോടും പറഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ ജമ്മു നഗരത്തിലെ ഹോട്ടലിലെത്തി. നേരത്തെ പ്ലാന്‍ ചെയ്തത് പോലെ പൂഞ്ചിലേക്ക് പോകാം എന്ന്പറഞ്ഞ് ഉറപ്പിച്ച് ആറ് മണിക്ക് അലാറവും വച്ച് കിടന്നതാണ്. കിടന്നത് മാത്രം ഓര്‍മ്മ.

പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ക്യാമറാമാന്‍ സുരേഷ് എസ് നായരുടെ നിലവിളി!

ആദ്യം ഒന്നും മനസ്സിലായില്ല. 'വിനോദേ, വെടി പൊട്ടുന്ന ശബ്ദം. ജനല്‍ തുറക്കൂ' എന്ന് മാത്രം സുരേഷ് പറഞ്ഞ് കൊണ്ടേയിരുന്നു.

ലൈറ്റിട്ട് ജനല്‍ തുറന്നയുടന്‍, 'ലൈറ്റ് ബന്ദ് കരോ' (ലൈറ്റ് അണയ്ക്കൂ) എന്ന് ഉച്ചത്തില്‍ ഞങ്ങളോട്  പറഞ്ഞു, തൊട്ടടുത്ത വീടുകളിലെ ടെറസില്‍ പതുങ്ങി നില്‍ക്കുന്ന താമസക്കാര്‍.

ഞാന്‍ ലൈറ്റ് ഓഫ് ചെയ്ത് ജനലടച്ചു.

ഡ്രോണ്‍ ആക്രമണമാണ്.

ഈ സമയം സുരേഷ് ക്യാമറ ഓണാക്കി. ജനല്‍ കര്‍ട്ടനിടയിലൂടെ ക്യാമറ വച്ച് മുഴുവന്‍ ലൈവ് നല്‍കി. ഡ്രോണ്‍ വരുന്നതു ഇന്ത്യന്‍ സൈന്യം അവയെ തകര്‍ക്കുന്നതും കണ്ടു. ഇന്ത്യന്‍ ഭാഗത്ത് നിന്ന് പാകിസ്ഥാനിലേക്ക് പറക്കുന്ന മിസൈലുകളുടെ ശബ്ദവും ജമ്മു വിമാനത്താവളത്തില്‍ നിന്ന് പറയുന്നയരുന്ന യുദ്ധവിമാനങ്ങളുമെല്ലാം ആ പുലര്‍ച്ചെ നേരിട്ടു കണ്ടു.

ഏകദേശം അര മണിക്കൂര്‍ കൊണ്ട് എല്ലാം അവസാനിച്ചു.

കേരളത്തില്‍ നിന്ന് വ്യത്യസ്തമായി, കശ്മീരില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ സൂര്യന്‍ ഉദിച്ച് തുടങ്ങും. വെളിച്ചം വീണതോടെ വീണ്ടും ശാന്തത.

നേരം പുലരുമ്പോള്‍ ആക്രമണം ഭയന്ന് ഒരാള്‍ പോലും ജമ്മു നഗരത്തില്‍ ഉണ്ടാകില്ല എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി. നഗരം സജീവം, ജനജീവിതം സാധാരണ പോലെ. ശ്രീനഗറില്‍ നിന്ന് റോഡ് മാര്‍ഗം ജമ്മുവിലേക്ക് വന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച പരാജയപ്പെട്ട ജമ്മുവില്‍ എത്തിയ ഒമര്‍ നല്‍കിയത് വലിയ സന്ദേശം. ഇന്ത്യയുടെ സൈനിക ശക്തിയെ പ്രകീര്‍ത്തിക്കുന്ന ജനത. ഡ്രോണിനെ തകര്‍ത്ത S 400 -നെക്കുറിച്ചൊക്കെ വാചാലരാകുന്ന ജമ്മു നിവാസികള്‍.

ഉച്ച പിന്നിട്ട് വെയില്‍ മങ്ങിത്തുടങ്ങിയതോടെ വീണ്ടും പിരിമുറക്കത്തിന്റെ നിമിഷങ്ങള്‍. കടകളെല്ലാം അടയ്ക്കുന്നു. ആഹാരം കഴിക്കാന്‍ ഒരു ഹോട്ടലുപോലും ഇല്ലാത്ത അവസ്ഥ.

അഞ്ച് മണിയോടെ വെയില്‍ മങ്ങി, നഗരം ഇരുട്ടിലമര്‍ന്നു.

ആരും ലൈറ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ അനൗണ്‍സ്‌മെന്റ്. സിവില്‍ ഡിഫന്‍സ് ഫോഴ്‌സും ജമ്മു പൊലീസും സൈന്യവും നഗരത്തില്‍ റോന്ത് ചുറ്റുന്നു. വാഹനങ്ങളുടെ ലൈറ്റുകള്‍ മാത്രം റോഡില്‍. 

എങ്ങും മൂകത.

ഏഴ് മണിക്കും ഏഴരയ്ക്കും ഉള്ള ലൈവിനായി ഹോട്ടലിന് പുറത്തിറങ്ങി. ക്യാമറ ലൈറ്റ് ഓണാക്കാതെ ലൈവ് നല്‍കി. എട്ട് മണിക്ക് ന്യൂസ് അവര്‍ ലൈവ് നല്‍കി, മടങ്ങാന്‍ കാറിലേക്ക് കയറിയപ്പോള്‍ പല ദിക്കുകളില്‍നിന്ന് ഉച്ചത്തില്‍ മുഴങ്ങുകയാണ് സൈറണുകള്‍.

നിമിഷ നേരത്തിനുള്ളില്‍ ജമ്മു നഗരത്തിന് മീതെ കൂട്ടത്തോടെ ഡ്രോണുകള്‍. ആയുധങ്ങളുമായെത്തുന്ന ഡ്രോണുകള്‍ ആകാശത്ത് വച്ച് തന്നെ തവിട് പൊടിയാകുന്ന കാഴ്ച. അത് ഏഷ്യാനെറ്റ് ന്യൂസിന്റെ നാഷണല്‍ ബ്രേക്കിംഗ് ആയി. എല്ലാ മാധ്യമങ്ങളും പൂഞ്ചില്‍ ആയിരുന്നതിനാല്‍ ഏഷ്യാനെറ്റ് ന്യൂസ് മാത്രമായിരുന്നു ജമ്മുവില്‍.

റോഡിലൂടെ പോയിരുന്ന വാഹനങ്ങളെല്ലാം സുരക്ഷാ സേന തടഞ്ഞിട്ടു. ലൈറ്റ് അണച്ചു. വാഹനങ്ങളില്‍ നിന്ന് ആളുകളെ ഇറക്കി. റോഡില്‍ കമിഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു.

എന്തും സംഭവിക്കാം എന്ന അവസ്ഥ.

ഈ സമയം ആകാശത്ത് ഘോര ശബ്ദത്തോടെ പാക് ഡ്രോണുകള്‍ പൊട്ടി വീഴുന്നതു കാണാമായിരുന്നു.

ഒരു ഡ്രോണ്‍ ഞങ്ങള്‍ നിന്ന കെട്ടിടത്തിന്റെ അടുത്തേക്ക് വരുന്നതായി തോന്നി. നിലവിളിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.

ക്യാമറമാന്‍ സുരേഷും ഞാനും കൂടി പതിനഞ്ച് മിനിട്ടോളം ലൈവ് നല്‍കി. ലൈറ്റ് ഇല്ലാത്തതിനാല്‍ ചാന്ദ്ര വെളിച്ചത്തില്‍ എന്നെ ക്യാമറാ ഫ്രെയിമില്‍ സുരേഷ് കാണിച്ചു.

എല്ലാം അവസാനിച്ചെന്ന് കരുതിയെങ്കില്‍ തെറ്റി. രാത്രി 9 മണിയോടെ വീണ്ടും ഡ്രോണുകള്‍.

രണ്ട് ദിവസങ്ങളിലായി 260 ലധികം ഡ്രോണുകള്‍ ജമ്മുവിലേക്ക് മാത്രം എത്തിയെന്ന് പിന്നീട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായി.

ഉറക്കവും ഭക്ഷണവും ഇല്ലാത്ത രാത്രി കടന്നു പോകുകയാണ്. ഹോട്ടല്‍ റൂമിനകത്ത് കയറിയിട്ടും ഘോരശബ്ദങ്ങള്‍ നിലയ്ക്കുന്നില്ല. ഹോട്ടലില്‍ നിന്ന് കിട്ടിയ വെള്ളം മാത്രം കുടിച്ച് നേരം വെളുപ്പിക്കുകയാണ്.

ഇടയ്ക്ക് ജനല്‍ തുറന്നപ്പോള്‍ ആകാശത്ത് തീഗോളങ്ങള്‍. ജമ്മുവില്‍ നിന്ന് വളരെ അടുത്താണ് നിയന്ത്രണ രേഖ. ഹോട്ടലില്‍ താമസിക്കുന്നവരെല്ലാം കട്ടിലിനടിയിലേക്ക് മാറാന്‍ നിര്‍ദേശം കിട്ടി. അങ്ങനെ കട്ടിലിനടിയില്‍ കിടന്ന് ഉറക്കമായി.

പാക് ആക്രമണത്തില്‍ വീട് തകര്‍ന്ന അനില്‍ ഛദയും കുടുംബവും, അനില്‍ ഛദ്ദയുടെ തകര്‍ന്ന വീട്

 

ഉച്ചയോടെ ആ വലിയ വാര്‍ത്ത എത്തി

ആറ് മണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പുറത്ത് വലിയ ശബ്ദം. സാധാരണ സൂര്യനുദിച്ചാല്‍ ഇരു ഭാഗവും സംയമനം പാലിക്കാറാണ് പതിവ്. പക്ഷേ ഇന്ന് പതിവു തെറ്റി. പകല്‍വെളിച്ചത്തില്‍ പുറത്ത് അതിശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

പുറത്തേക്കിറങ്ങി, ലൈവ് നല്‍കണം. ഡ്രൈവര്‍ പരംജീത്ത് എത്തിയിട്ടുണ്ട്.

രണ്ടും കല്‍പ്പിച്ച് ജമ്മു വിമാനത്താവളത്തിലേക്ക്. സ്‌ഫോടന ശബ്ദങ്ങള്‍ വാഹത്തിലിരുന്ന് കേള്‍ക്കാം.

തലേദിവസത്തേത് പോലെ റോഡില്‍ ആളുകളില്ല, വാഹനവുമില്ല. ഒരു ഹര്‍ത്താല്‍ പ്രതീതി.

ജമ്മുവിലെത്തിയ ശേഷം പരിചയപ്പെട്ട ചാന്ദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് പെട്ടെന്ന് ബക്ഷി നഗറിലേക്ക് എത്താന്‍ പറഞ്ഞു.അവിടെ എത്തിയപ്പോള്‍ കണ്ടത് പാകിസ്ഥാന്റെ ഡ്രോണില്‍ നിന്ന് വീണ സ്‌ഫോടക വസ്തു ഒരു വീടിന്റെ മുന്‍ഭാഗം തകര്‍ത്തതാണ്. അനില്‍ ഛദ്ദയുടെ കുടുംബം ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തൊട്ടടുത്തെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തെ വീടും തകര്‍ന്നു.

രാവിലെ പത്ത് മണി കഴിഞ്ഞു. ഇപ്പോഴും ഉച്ചത്തിലുള്ള ശബ്ദം തുടരുന്നു. രണ്ട് ദിവസമായി ഭക്ഷണമില്ല. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥ.

ഉച്ചയോടെ ആ വലിയ വാര്‍ത്ത എത്തി- വെടിനിര്‍ത്തല്‍!

 

വെടി നിര്‍ത്തലിന് ശേഷം ജമ്മുവിലെ സ്‌കൂളുകള്‍ തുറന്നപ്പോള്‍

 

സമാധാനത്തിന്റെ രാപ്പകലുകള്‍

ജമ്മു അതിവേഗം സാധാരണ നിലയിലാകുന്ന കാഴ്ചകളാണ് കണ്ടത്. കടകള്‍ തുറക്കുന്നു, ചന്തകള്‍ സജീവമാകുന്നു, രണ്ട് ദിവസത്തെ പട്ടിണിക്ക് ശേഷം ഞങ്ങള്‍ നന്നായി ആഹാരം കഴിച്ചു.

ഏത് സമയവും എന്തും സംഭവിക്കാം എന്ന അവസ്ഥയ്ക്ക് വലിയ മാറ്റമില്ലായിരുന്നു. കാരണം എതിര്‍വശത്ത്

പാകിസ്ഥാന്‍ ആണ്. ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യം. തിരിച്ചടിക്ക് പോലും ശക്തി നല്‍കാത്ത രീതിയില്‍ ഇന്ത്യ പാകിസ്ഥാന് മേല്‍ എല്‍പ്പിച്ചത് അത്രമേല്‍ കനത്ത പ്രഹരം ആയിരുന്നു.

 

അഖ്‌നൂറില്‍ വീണ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍

 

അഖ്‌നൂരില്‍ തകര്‍ന്നത് ഇന്ത്യന്‍ യുദ്ധ വിമാനമോ?

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഉണ്ടായ ഇന്ത്യ- പാക് യുദ്ധസമാന സാഹചര്യത്തില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ചോദ്യമായിരുന്നു ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നോ എന്നത്.

സിന്ദൂറിന് ഒരു മാസത്തിനിപ്പുറം ഇതെഴുതുമ്പോള്‍, ഇന്ത്യ ഔദ്യോഗികമായി തന്നെ യുദ്ധവിമാനം തകര്‍ന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോര്‍വിമാനം തകര്‍ന്ന് വീണതായും അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടതെന്നും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു.

ഞാനിപ്പോള്‍ ഒരു പെരും സംശയത്തിലാണ്. അന്ന് ഞാന്‍ കണ്ടത് ഇന്ത്യന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ആയിരുന്നോ?

ദില്ലിയില്‍ നിന്ന് ജമ്മുവിലിറങ്ങി പൂഞ്ചിലേക്കുള്ള യാത്രയിലാണ് അത് കണ്ടത്. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജമ്മു ഗ്രാമമാണ് അഖ്‌നൂര്‍. അഖ്‌നൂരിന് തൊട്ട് കിടക്കുന്ന ഹൈവേയിലൂടെയാണ് പൂഞ്ചിലേക്കുള്ള യാത്ര.

പെട്ടെന്ന് ഞങ്ങളുടേത് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ പൊലീസും സൈന്യവും ചേര്‍ന്ന് തടഞ്ഞിട്ടു. ഹൈവേ ബ്ലോക്കായി. കാര്യം അന്വേഷിച്ചപ്പോള്‍ സൈനിക നീക്കം നടക്കുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരു യുദ്ധവിമാനം അഖ്‌നൂരില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെ തകര്‍ന്നെന്ന വിവരം കിട്ടി.

അങ്ങോട്ടേക്ക് വാഹനം നീക്കിയപ്പോള്‍ തന്നെ ഒരു മലയാള വാര്‍ത്താ ചാനലിലെ വാര്‍ത്ത ശ്രദ്ധിച്ചു. ബ്രേക്കിംഗ് വാര്‍ത്ത. അഖ്‌നൂരില്‍ തകര്‍ന്നത് പാകിസ്ഥാന്‍ യുദ്ധവിമാനം, JF 17, വെടിവച്ചിട്ടത് ഇന്നലെ എന്നൊക്കെയായിരുന്നു വാര്‍ത്ത.

വളരെ വേഗം അവിടെ എത്തുമ്പോള്‍ ആ മലയാള മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ സ്ഥലം വിട്ടിരുന്നു. ഞാനും ലൈവിന് തയ്യാറായി. നാട്ടുകാരോട് സംസാരിക്കാനും അഭ്യര്‍ത്ഥിച്ചു.

ലൈവ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഗ്രാമവാസികള്‍ ഞങ്ങളുടെ അടുത്തെത്തി. അവര്‍ പറഞ്ഞത് കേട്ട് ഞാനും സുരേഷും ഞെട്ടി.

അയാള്‍ പറഞ്ഞത് ഇങ്ങനെ: 'സാബ് ഇന്നലെ രാത്രിയാണ് ഒരു ശബ്ദം കേട്ട് ഗ്രാമീണര്‍ ഇവിടെ എത്തിയത്. ഒരു തീഗോളം കത്തുന്നതാണ് കണ്ടത്. വിമാനത്തില്‍ നിന്ന് പൈലറ്റ് ഇജക്ട് ( സ്വയം രക്ഷപ്പെടാനുള്ള

സംവിധാനം) ചെയ്തു. നമ്മുടെ പൈലറ്റാണ്. കുറച്ചപ്പുറം അദ്ദേഹം വീണു. ഞങ്ങളാണ് അയാളെ സൈന്യം വരുന്നത് വരെ നോക്കിയത്. സാബ് അത് നമ്മുടെ വിമാനമാണ്. ഇത് സാബ് ആലോചിച്ച് മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ.

 

അഖ്‌നൂറില്‍ വീണ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍

 

ഞങ്ങള്‍ വലിയ ആശയക്കുഴപ്പത്തിലായി. ഡിഫന്‍സ് ക്ലാസില്‍ പഠിച്ച 'യുദ്ധസമയത്ത് എന്ത് റിപ്പോര്‍ട്ട് ചെയ്യണം, എന്തൊക്കെ റിപ്പോര്‍ട്ട് ചെയ്യരുത്' എന്ന ഭാഗങ്ങളൊക്കെ മനസ്സിലേക്ക് വന്നുകയറി.

'സംഘര്‍ഷം കനത്ത് നില്‍ക്കുമ്പോള്‍, ചിലപ്പോള്‍ നിങ്ങള്‍ കണ്ടതും കേട്ടതും രാജ്യത്തിന്റെ സുരക്ഷയെ കരുതി റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും'

യുദ്ധവിമാനം വീണ ആ രാത്രി തന്നെ സൈന്യം ആ സ്ഥലത്തേക്ക് ഗ്രാമീണര്‍ ഉള്‍പ്പടെ ഉള്ളവരുടെ പ്രവേശനം തടഞ്ഞു. രാവിലെ വലിയ ലോറികളില്‍ അവശിഷ്ടങ്ങള്‍ നീക്കി എന്നും നാട്ടുകാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമങ്ങളോട് വാര്‍ത്ത നല്‍കരുതെന്നും സൈന്യം അഭ്യര്‍ത്ഥിച്ചു.

വിമാനം വീണ് 50 മീറ്റര്‍ ചുറ്റളവില്‍ പ്രദേശം കത്തി നശിച്ചിരുന്നു. മരങ്ങള്‍ കത്തിയമര്‍ന്നു. വലിയ പാറക്കഷ്ണങ്ങളും മറ്റും തെറിച്ച് കിടക്കുന്ന അവസ്ഥയിലുമായിരുന്നു.

ഈ വിവരങ്ങളൊക്കെ പാക്കിസ്താന്റെ JF 17 വീണെന്ന് റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞില്ലേ എന്ന് നാട്ടുകാരോട് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി ഞാന്‍ ഇവിടെ എഴുതുന്നില്ല!

PREV
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം