അന്ന് വേട്ടയാടപ്പെട്ടു, ഇന്ന് വോട്ട് ബാങ്കും തീവ്രവാദവും; കാനഡയിലെ സിഖ് വംശജരുടെ കഥ

By Biju SFirst Published Sep 30, 2023, 2:44 PM IST
Highlights

കിഴക്ക് നിന്ന് ദക്ഷിണേഷ്യക്കാർ തങ്ങളുടെ പട്ടണങ്ങളിൽ സാന്നിധ്യം അറിയിച്ചതോടെ വെള്ളക്കാരുടെ വംശവെറി ഉണർന്നു. അവർ ഒരു വർഷത്തെ കുടിയേറ്റം നൂറെന്ന ചെറിയ സംഖ്യയായി ചുരുക്കി. ഇതിനായി നിയമവും കൈയൂക്കും ഒക്കെ ഉപയോഗിച്ചു.


രു മാസം മുമ്പ് വരെ നമ്മുടെ ഏറ്റവും സുരക്ഷിതമായ കുടിയേറ്റ പറുദീസയായിരുന്നു കാനഡ. പഠിക്കാനെന്ന് പറഞ്ഞ് കാനഡയിലേക്ക് പോകുന്ന നമ്മൾ ഇന്ത്യക്കാരുടെ യഥാർത്ഥ ലക്ഷ്യം അവിടെ സ്ഥിരമായി കുടിയേറുകയെന്നതായിരുന്നു.  കാനഡയിലെ ആദ്യകാല ഇന്ത്യൻ കുടിയേറ്റക്കാരിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് സിക്കുകാർ. കാനഡയിലെ ജനസംഖ്യയുടെ ഏതാണ്ട് 5 ശതമാനം വരുന്ന ഇന്ത്യൻ വംശജരിലെ സിംഹഭാഗവും അടുത്ത് കാലം വരെ അവരായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ആദ്യമായി കാനഡയിലെത്തിയ ഇന്ത്യക്കാരിൽ ഏതാണ്ട് മിക്കവരും സിഖുകാരായിരുന്നു. അന്ന് വെള്ളക്കാരിൽ നിന്ന് ഇന്ത്യക്കാരെന്ന നിലയിൽ കൊടും പീഢനങ്ങൾക്കും വംശീയ വിവേചനത്തിനും വിധേയമായ കാനഡയിലെ സിക്കുകാരിലെ ഒരു വിഭാഗം ഇന്ന് പക്ഷേ, അവിടത്തെ മറ്റ് ഇന്ത്യാക്കാരെ ശത്രു പക്ഷത്ത് നിറുത്തിയിരിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിമാരിൽ ഭീകരതയുടെ ആദ്യ രക്തസാക്ഷിയായ ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ഹേതുവായായ ഖലിസ്ഥാൻ തീവ്രവാദം ഇപ്പോൾ കാനഡയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ കൊൽക്കത്ത തുറമുഖത്ത് സമാധാനപരമായ പ്രതിഷേധം നടത്തിയതിന് ബ്രിട്ടീഷ് ഇമ്പീരിയൽ പൊലീസ് നിരവധി ഇന്ത്യൻ സിഖുകാരെ നിഷ്ഠൂരം വെടിവച്ച് കൊന്ന സംഭവമാണ് 'കൊമഗാത്ത മാരു'. കാനഡയിലേക്ക് എസ് എസ് കൊമഗാത്തു മാരു എന്ന കപ്പലിൽ കുടിയേറ്റത്തിന് പോയ മൂന്നൂറിലേറെ ഇന്ത്യക്കാരെ,  ഏറെക്കുറെ സിഖുകാരെ, 1914 -ൽ കനേഡിയയിലെ വാൻകോവർ തുറമുഖത്ത് രണ്ട് മാസത്തോളം തടഞ്ഞു വച്ചിട്ട് അവിടെയിറങ്ങാൻ അനുവദിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചയിച്ചു. തിരികെ കൊൽക്കത്തയിലെത്തിവ അവര്‍ കപ്പലില്‍ സമാധാനപരമായി പ്രതിഷേധിച്ചു. ഈ പ്രതിഷേധക്കാരെ ബ്രിട്ടീഷ് പൊലീസ് നിഷ്ഠൂരമായി തോക്കിനിരയാക്കി. 18 മരണം. ബാക്കിയായവര്‍ തടവിലും. 

ഇക്കാര്യമൊക്കെ  മനസ്സിലാക്കാൻ നാം ഒന്ന് പുറകിലേക്ക് പോകണം. 19 -ാം നൂറ്റാണ്ടിന്‍റെ ഒടുവിൽ ബ്രിട്ടീഷ് സേനക്ക് വേണ്ടി  പോരടിച്ച ധീരരായ സിഖു സൈനികർ കാനഡയിലെ തീരെ ആൾപാർപ്പ് കുറഞ്ഞ ബ്രിട്ടീഷ് കൊളംമ്പയിൽ ചെന്നു പെടാനിടയായി. ഇപ്പോൾ ഇന്തോ - കാനഡ ബന്ധം വഷളാക്കാനിടയായ ഹർദ്ദീപ് സിംഗ് നജ്ജാർ എന്ന ഖലിസ്ഥാൻ അനുകൂല തീവ്രനിലപാടുള്ള സിഖ് നേതാവ് ഇക്കഴിഞ്ഞ ജൂൺ 18 -ന് കൊല്ലപ്പെട്ട സറേ എന്ന പട്ടണം ഇതേ ബ്രിട്ടീഷ് കൊളംമ്പിയയിൽ ആണ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യം അമേരിക്കകാർ ബ്രിട്ടീഷ് കൊളംമ്പിയ കൈവശപ്പെടുത്തുമോയെന്ന ആശങ്കയിൽ കാനഡ പ്രദേശത്ത് കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. കാനഡ കണ്ട് നാട്ടിലെത്തിയ സിഖ് സൈനികർ ഇക്കാര്യം നാട്ടിൽ പറഞ്ഞു നടന്നു. അങ്ങനെ, നാട്ടിൽ ദാരിദ്ര്യത്തിലും അടിച്ചമർത്തലിലും പൊറുതി മുട്ടിയിരുന്ന പഞ്ചാബികൾ പറുദീസ തേടി കാനഡയിലേക്ക് കുടിയേറ്റം തുടങ്ങി. അതിൽ സിഖുകാരാണ് ഭൂരിപക്ഷമെങ്കിലും കുറച്ചു ഹിന്ദുക്കളും കുറച്ച് മുസ്ലീങ്ങളും ഉണ്ടായിരുന്നു. ആദ്യ ഇന്ത്യൻ കുടിയേറ്റക്കാ‌‍ർ പോലീസായും കാവൽക്കാരായും റെയിൽവേയിലും തടിമില്ലിലും അങ്ങനെ പൊതുവേ, കായികാദ്ധ്വാനവും കഷ്ടപ്പാടുമുള്ള പണികളിലും ഏർപ്പെട്ടു. പ്രയാസമുണ്ടെങ്കിലും കാശ് സമ്പാദിക്കാനാകുന്നുവെന്ന് ചൂണ്ടികാട്ടി ഇവരയച്ച കത്തുകളാണ് മടിച്ചു മടിച്ചാണെങ്കിലും വളരെ അകലെയുള്ള കനേഡിയിയിലേക്ക് ദുഷ്കരമായ കപ്പൽ യാത്രക്ക് നാട്ടിലുള്ളവരെ പ്രേരിപ്പിച്ചത്. പക്ഷേ, കിഴക്ക് നിന്ന് ദക്ഷിണേഷ്യക്കാർ തങ്ങളുടെ പട്ടണങ്ങളിൽ സാന്നിധ്യം അറിയിച്ചതോടെ വെള്ളക്കാരുടെ വംശവെറി ഉണർന്നു. അവർ ഒരു വർഷത്തെ കുടിയേറ്റം നൂറെന്ന ചെറിയ സംഖ്യയായി ചുരുക്കി. ഇതിനായി നിയമവും കൈയൂക്കും ഒക്കെ ഉപയോഗിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ 40 വർഷത്തെ ഇന്ത്യക്കാരുടെ കാനഡിയിലെ ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അതാണ്. 1911 -ൽ 2,342 ഇന്ത്യൻ വംശജർ ഉണ്ടായിരുന്നത്, 30 വർഷം കഴിഞ്ഞപ്പോൾ പകുതിയോളമായി കുറഞ്ഞു. കുടിയേറിയ പലരും അവിടം വിടാൻ നിർബന്ധിതരായി. വോട്ടവകാശം അടക്കം യാതൊരു നിയമപരമായ അവകാശങ്ങളുമില്ലാത്ത ഒരു തരം അടിമ ജീവിതമായിരുന്നു ആദ്യ ഇന്ത്യൻ കുടിയേറ്റക്കാർക്ക്. പക്ഷേ, നാട്ടിലെ ദയനീയമായ ജീവിത സാഹചര്യങ്ങളാണ് അവരെ അവിട പിടിച്ച് നിറുത്തിയത്.  

വ‌‌‌‌ർഷം

ഇന്ത്യൻ വംശജർ

±%

1901

100

1911

2,342

+2242.0%

1921

1,016

−56.6%

1931

1,400

+37.8%

1941

1,465

+4.6

1947 -ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ വോട്ടവകാശം അടക്കം പല കാര്യങ്ങളും ഇന്ത്യാക്കാർക്ക് അനുവദിക്കപ്പെട്ടു. എന്നാൽ, കുടിയേറ്റം പരമാവധി നൂറും നൂറ്റമ്പതുമായി അപ്പോഴും നിയന്ത്രിച്ചിരുന്നു. എന്നാൽ, അന്ന് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പിടിച്ചു നിന്ന പഞ്ചാബി വംശജരിൽ ചിലർ ക്രമേണ കാനഡയിലെ നിർണ്ണായക ശക്തിയായി ഉയർന്നു. അവരിൽ ഗ്യാനി നരഞ്ജൻ സിംഗ് ഗ്രവാൾ ശ്രദ്ധേയനായി. 1950 -കളിൽ ബ്രിട്ടീഷ് കൊളംമ്പിയയിലെ മിഷൻ പട്ടണത്തിൽ മേയാറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കാനഡയും യുഎസും അടങ്ങുന്ന വടക്കേ അമേരിക്കയിൽ പൊതുസ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ. അക്കാലത്ത് കാനഡുടെ ഈ പ്രദേശത്ത് സാമ്പത്തിക ക്രമം നിർണ്ണയിച്ചിരുന്നത് അവിടെ ധാരാളമുള്ള മരങ്ങളെ ഉരുപ്പടികളാക്കുന്ന തടി മില്ലുകളാണ്. 6 മില്ലുകളുടെ ഉടമയായിരുന്നിട്ടും നരഞ്ജൻ സിംഗ് ഗ്രവാ‌ൾ തൊഴിലാളി പക്ഷക്കാരനായ ജനനായകനായിരുന്നു. മില്ല് മാഫിയകൾക്കെതിരെ നിലപാട് എടുത്ത അദ്ദേഹത്തിന്‍റെ 6 മില്ലുകളും അക്രമികൾ തീയിട്ടു. 1957 ജൂലൈ 17 -ന് സിയാട്ടലിലേക്കുള്ള ബിസിനസ്സ് യാത്രക്കിടയിൽ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. ആരാണ് കൊലയാളിയെന്ന് ഇന്നും അജ്ഞാതം. അങ്ങനെ കാനഡയിലെ ആദ്യ ഇന്ത്യൻ ജനപ്രതിനിധി അകാലത്തിൽ പൊഴിഞ്ഞു. അതിന്‍റെ അലയൊലികൾ എഴുപത് വര്‍ഷത്തിനിപ്പുറവും വ്യത്യസ്ത രൂപത്തിലാണെങ്കിലും തുടരുന്നു.

പിന്നീട്, കാനഡയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം ജ്യാമിതകമായി ഉയ‌ർന്നു. 1972 -ൽ ആഫ്രിക്കയിലെ ഉഗാണ്ടയിൽ നിന്ന് ഈദി അമീൻ 80,000 -ത്തോളം ഇന്ത്യക്കാരുൾപ്പെടുന്ന ദക്ഷിണേഷ്യൻ വംശജരെ പുറത്താക്കിയപ്പോൾ അതിൽ നിന്ന് 7,000 പേർക്ക് കാനഡ അഭയം നൽകി. ഗുജറാത്തികളായ ഇസ്മായിലി വംശജരായിരുന്നു ഇതിലേറെയും. ആദ്യമായാണ് പഞ്ചാബികൾക്ക് ഒപ്പം ഗുജറാത്തികളും ഇന്ത്യൻ കുടിയേറ്റക്കാർക്കിടയിലെ ബദൽ ശക്തിയായി വരുന്നത്. ഇപ്പോഴത്തെ സംഭവങ്ങളിലടക്കം പഞ്ചാബ് - ഗുജറാത്തി വംശജരുടെ അസ്വാരസ്യങ്ങളും കുറവല്ല. യൂറോപില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ കാനഡ അവരുടെ കുടിയേറ്റം ഉദാരമാക്കി. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ ഏതാണ്ട് മൂന്നിരട്ടി വരും കാനഡ. എന്നാൽ കാനഡയുടെ ജനസംഖ്യ വെറും നാലേകാൽ കോടിയോളം മാത്രം. നമ്മുടേത് 140 കോടിയും. ജനസംഖ്യയിൽ കാനഡയേക്കാൾ ഏതാണ്ട് 35 മടങ്ങാണ് ഇന്ത്യയില്‍. 

ഒരു കാലത്ത് യൂറോപ്പിൽ നിന്ന് വെള്ളക്കാർ ധാരാളമായി കാനഡ ലക്ഷ്യം വച്ചിരുന്നു. എന്നാൽ, യുദ്ധാനന്തരം യൂറോപ്പ് പുരോഗതിയും സമ്പൽസമൃതിയും കൈവരിച്ചപ്പോൾ അന്നാട്ടുകാർ കഴിവതും നാട്ടിൽ തന്നെ തുടർന്നു. അങ്ങനെയാണ്  ഇന്ത്യ അടക്കം ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കാനഡ കൂടുതലായി സ്വീകരിച്ചു തുടങ്ങിയത്. മാത്രമല്ല  യോഗ്യരായ ആൾക്കാരെ തെരഞ്ഞെടുക്കുന്ന സംവിധാനവും അവർ സ്വീകരിച്ചു തുടങ്ങി. ഇന്നിപ്പോൾ ഏറ്റവുമധികം പുതിയ കുടിയേറ്റക്കാരും വിദ്യാര്‍ത്ഥികളും ഇന്ത്യയിൽ നിന്നാണ്. കാന‍ഡയിലെത്തുന്നവരിൽ ഏതാണ്ട് 25 ശതമാനം വരുമിത്. വർഷം ഏതാണ്ട് 3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിലെത്തുന്നെന്ന് കണക്കുകള്‍ പറയുന്നു. അതായത്, കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് നമ്മൾ വലിയ സഹായം ചെയ്യുന്നുവെന്ന്. അങ്ങനെ ഒരു നൂറ്റാണ്ട് മുമ്പ് ഒരു ശതമാനത്തിലും എത്രയോ താഴെയായിരുന്ന ഇന്ത്യൻ വംശജർ ഇന്ന് 5 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. സ്വാഭാവികമായി ഇന്ത്യൻ വംശജർ അവിടത്തെ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി വളർന്നു. 338 അംഗ കനേഡിയൻ ജനപ്രതിനിധി സഭയിൽ 3 ക്യാബിനറ്റ് മന്ത്രിമാരടക്കം 19 ഇന്ത്യൻ വംശജ‍ർ ഇന്ന് അംഗങ്ങളാണ്. 

ഇതിനൊപ്പം മറ്റൊന്ന് കൂടി സംഭവിച്ചു. മുമ്പ് കാനഡയിലെ ഇന്ത്യൻ വംശജർ എന്നാൽ ഏറെക്കുറെ സിഖുകാരായിരുന്നു. കുറച്ച് മുസ്ലീങ്ങളും. എന്നാൽ, അടുത്ത കാലത്തായി ഹിന്ദുക്കളുടെ ജനസംഖ്യയും കാര്യമായി കൂടി. 34 ശതമാനം വരും സിഖുകാർ, ഹിന്ദുക്കൾ 27 ശതമാനം. മുസ്ലീങ്ങൾ 17 ഉം ക്രിസ്ത്യാനികൾ 16 ശതമാനവും. നാട്ടിലേക്കാൾ ജാതി - മത വിവേചനം ഇവിടെത്തെ ഇന്ത്യക്കാരുടെ ഇടയിലും പ്രതിഫലിക്കുന്നു. പുതിയ സംഭവ വികാസങ്ങള്‍ ആ വിടവ് കൂട്ടി. പുറമേയ്ക്ക് അത്ര പ്രകടമല്ലെങ്കിലും ഹർദ്ദീപ് സിംഗ് നജ്ജാർ കൊലപാതകത്തിന്‍റെ പേരിൽ കാനേഡിയന്‍ പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോ ഇന്ത്യയെ കുറ്റപ്പെടുത്തിയതോടെ അത് ഇന്ത്യാക്കാരുടെയിടയിലെ ചേരിതിരിവ് വർദ്ധിപ്പിച്ചു. തെരുവുകളില്‍ പോലും  അത് പതിയെ പ്രകടമായി തുടങ്ങിയിരിക്കുന്നു.

കാനഡയിലെ ഇന്ത്യൻ വംശജർ (2001)
മതം  ശതമാനം
സിഖ്  34%
ഹിന്ദു 27%
ഇസ്ലാം 17%
ക്രൈസ്തവ 16%
മതമില്ലാത്തവർ 4%
മറ്റുള്ളവർ 2%

 

ജസ്റ്റിൻ ട്രൂഡോയ്ക്ക് ഭരണം നിലനിര്‍ത്താൻ സിഖ് നേതാവ് ജഗ്മീത്ത് സിംഗിന്‍റെ ന്യൂ ഡെമേക്രാറ്റിക്ക് പാർട്ടിയുടെ പിന്തുണ അനിവാര്യമാണ്. മുമ്പ് സിഖ് വിഘടനവാദ ഖലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള ജഗ്മീത്ത് സിംഗ് ഇപ്പോൾ നജ്ജർ കൊലപാതകം മുൻനിറുത്തി ഇന്ത്യയ്ക്കും മോദി സർക്കാറിനുമെതിരെ രൂക്ഷമായ ആക്രമണം നടത്തുകയാണ്. ഇന്ത്യയിൽ സിഖുകാർക്ക് പീഢനമാണെന്നും ഇതിനെതിരെ ശക്തമായ നിലപാട് എടുക്കാൻ കാനഡ തയ്യാറാകണമെന്നും ജഗ്മീത്ത് സിംഗ് പാർലമെന്‍റിലടക്കം ശക്തമായി നിലപാട് എടുക്കുന്നതാണ് ട്രൂഡോയെയും ആ വഴിക്ക് നടത്തിക്കുന്നത്. നാലേകാൽ കോടി വരുന്ന കനേഡിയൻ ജനസംഖ്യയിൽ 2.5 ശതമാനം ഏതാണ്ട് 10 ലക്ഷത്തോളം സിഖുകാരാണ്. ഇവരിൽ നല്ലൊരു ശതമാനം ഖാലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്നവരല്ലെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോൾ അവരെല്ലാം സിഖ് സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയ്യുക. ഈ വോട്ട് രാഷ്ട്രീയമാണ് ട്രൂഡോയുടെ നിലപാടിന്‍റെ അടിസ്ഥാനവും. 

 

പണ്ടേ ഖലിസ്ഥാൻ തീവ്രവാദത്തിന് ശക്തമായ അടിവേരുകളുള്ള രാജ്യമാണ് കാനഡ. എയർ ഇന്ത്യാ വിമാനമായ കനിഷ്കയെ , 1985 ജൂൺ 23 -ന്  കാനഡയിൽ ബോംബ് വച്ച് തകർത്തതാണ് അതിലെ നിർണ്ണായക സംഭവം. വാൻകോവറിലെ വിമാനത്താവളത്തിൽ വച്ച് ഖലിസ്ഥാൻ തീവ്രവാദികൾ ബോംബ് സ്ഥാപിച്ചതിനെ തുടർന്നാണ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ വിമാനം തകരാനിടയായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ച ആ സംഭവത്തിൽ 15 വർഷത്തിന് ശേഷം 2 പേർ അറസ്റ്റിലായി. റിപുദ മാൻ സിംഗ് മാലിക്, അജൈപ് സിംഗ് ബാഗ്രി എന്നീ ഇന്ത്യൻ വംശജർ ജയിലിലായെങ്കിലും പിന്നീട് നിയമ നടപടികളിലൂടെ 2005 -ൽ മുക്തരായി. അത് ഖലിസ്ഥാൻ വാദികൾക്ക് വർദ്ധിത ഊർജ്ജം പകർന്നു.  ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി കാനഡയില്‍ അവർക്ക് ഒളിവും മറയുമില്ലാതെ പ്രവർത്തിക്കാനാകുന്നു. പരസ്യമായി കാനഡയിലെ ഇന്ത്യന്‍ കോൺസുലേറ്റുകൾ ആക്രമിക്കാനും ഇന്ത്യന്‍ പതാക കത്തിക്കാനും നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും മറ്റ് ഇന്ത്യൻ വംശജരെ ആക്രമിക്കാനുമൊക്കെ അവർക്ക് കഴിയുന്ന നിലയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. 

നജ്ജറിന്‍റെ കൊലയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ തലയിൽ കെട്ടിവച്ച് കൊണ്ട് കനേഡിയൻ പ്രധാനമന്ത്രി രംഗത്ത് വന്നതും അതിനെ അതേ രീതിയിൽ നമ്മൾ നേരിട്ടതും ഇന്തോ - കനേഡിയൻ ബന്ധത്തെ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഉലച്ചിരിക്കുകയാണ്. സാധാരണ ഇത്തരം വിഷയങ്ങൾ നയതന്ത്ര പിന്നാമ്പുറങ്ങളിൽ രഹസ്യമായി കൈകാര്യം ചെയ്യുകയായണ് പതിവ്. കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെങ്കിൽ പോലും അത് ഉപയോഗിച്ച് പിന്നാമ്പുറ ഡീലുകൾ നടത്തി പ്രശ്ന പരിഹാരം നടത്തുകയാണ് സാധാരണ നയതന്ത്രം. എന്നാൽ, കാര്യങ്ങൾ ഈ വഴിക്ക് സംഭവിക്കുന്നത് സൂചിപ്പിക്കുന്നത് അത്തരം ശ്രമങ്ങൾ പലതും കാലങ്ങളായി നടത്തിയിട്ടും ഫലം ചെയ്തില്ലെന്നതാണ്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ കാനഡയ്ക്ക് അനുകൂലമായ നിലപാട് എടുത്തതും ഖലിസ്ഥാൻ വാദികൾക്ക് വർദ്ധിത വീര്യം നൽകിയിരിക്കുകയാണ്. വിദേശത്ത് ചേക്കേറാൻ ആഗ്രഹിക്കുന്ന ശരാശരി ഇന്ത്യക്കാർ ഒരു മാസം മുമ്പ് വരെ മുന്തിയ പരിഗണന് നൽകിയിരുന്ന രാജ്യമാണ് കാനഡ. ഇന്നിപ്പോൾ കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലിൽ അടക്കം ഇരു രാജ്യങ്ങളിലെയും പല കാര്യങ്ങളിലും കനത്ത ആഘാതമുണ്ടായിരിക്കുകയാണ്. മനുഷ്യാവകാശം പൗരസ്വാതന്ത്ര്യവും തീവ്രവാദവും ഭീകരതയും ഒക്കെ തമ്മിൽ ഒരു നേർത്ത വ്യത്യാസമേയുള്ളു. കനേഡിയൻ രാഷ്ട്രീയക്കാർ വെറും രണ്ടര ശതമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തീവ്രവാദത്തെ പ്രോത്സാഹിക്കുന്നു. ആദ്യമായി ഒരിന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷിയതും ഇതേ ഖലിസ്ഥാൻ തീവ്രവാദത്തിന്‍റെ ഫലമാണ്. കുറച്ച് വോട്ടുകൾക്ക് വേണ്ടി ആ രക്തസാക്ഷിത്വത്തെ ഒളിഞ്ഞും മറഞ്ഞും ചിലപ്പോഴൊക്കെ തെളിഞ്ഞും പിന്തുണച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് ഉത്തരവാദികളാണെന്നതാണ് സത്യം. 
 

click me!