വടക്കുകിഴക്കൻ ഇന്ത്യയുടെ സ്വർഗ്ഗമായ മിസോറം ഇന്ന് മാരകമായ ലഹരിയുടെ പിടിയിലാണ്. എം.ഡി.എം.എയും കഞ്ചാവും ഒരു തലമുറയെ കാർന്നുതിന്നുകയും, തെരുവുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.
വടക്കുകിഴക്കൻ ഇന്ത്യയുടെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കാവുന്ന മണ്ണാണ് മിസോറം. കോടമഞ്ഞ് പുതച്ച മലനിരകളും, നിഷ്കളങ്കരായ ജനങ്ങളും, മനോഹരമായ സംസ്കാരവും. എന്നാൽ, ഒരു സഞ്ചാരിയായി ആ മണ്ണിൽ കാലുകുത്തിയ എനിക്ക് കാണാനായത് പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല, മറിച്ച് ചോര വാർന്നുപോകുന്ന ഒരു സമൂഹത്തെയാണ്. തലമുറയെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി മാറാൻ കെൽപ്പുള്ള ഐസ്വാൾ ഇന്ന് സഞ്ചാരികളെ ഭയപ്പെടുത്തുന്ന ഒരു 'ഹോറർ' നഗരമായി മാറിക്കൊണ്ടിരിക്കുന്നു. ഐസ്വാൾ മാത്രമല്ല, മിസോറാമിലെ ചെറു നഗരങ്ങൾ പോലും ഇന്ന് ലഹരിയുടെ പിടിയിലാണ്.
കാട്ടുതീ പോലെ പടരുന്ന ലഹരി
മിസോറാമിലെ യുവാക്കളുടെ സിരകളിൽ എം.ഡി.എം.എ (MDMA) എന്ന മാരക രാസലഹരി ഒഴുകുകയാണ്. 'പാർട്ടി ലഹരി' (Party Drug) എന്ന പേരിൽ തുടങ്ങുന്ന ഈ വിഷം, നമ്മുടെ കുട്ടികളുടെ തലച്ചോറിനെയാണ് മരവിപ്പിക്കുന്നത്. കഞ്ചാവിന്‍റെ (Ganja) സാന്നിധ്യവും ഏറെയാണ്. യുവാക്കൾ മാത്രമല്ല, മുതിർന്നവർ പോലും പരസ്യമായി കഞ്ചാവ് വലിക്കുന്നത് ഇവിടെയൊരു സാധാരണ കാഴ്ചയാണ്. തെരുവുകളിൽ പലയിടത്തും കഞ്ചാവിന്‍റെ രൂക്ഷഗന്ധമാകും സഞ്ചാരികളെ വരവേൽക്കുക. ലഹരി എന്നത് ഇവിടെ ഒരു രഹസ്യമല്ല, മറിച്ച് വായുവിൽ അലിഞ്ഞുചേർന്ന ഒരു ശാപമായി മാറിയിരിക്കുന്നു.
ആദ്യ ഡോസ് സൗജന്യം, പിന്നെ...
ഈ ദുരന്തം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഇതിന് പിന്നിൽ അതിവിദഗ്ധമായി പ്രവർത്തിക്കുന്ന ഒരു വൻ ലഹരി മാഫിയ തന്നെയുണ്ട്. അതിസമ്പന്നരായ ഒരു കൂട്ടം ആളുകളിലേക്കാണ് ഈ ലഹരിയുടെ ലാഭം എത്തിച്ചേരുന്നത്. പാവപ്പെട്ട യുവാക്കളെയും കുട്ടികളെയും ഇവർ കെണിയിൽ വീഴ്ത്തുന്നത് 'ആദ്യ ഡോസ് സൗജന്യം' (First Shot Free) എന്ന തന്ത്രത്തിലൂടെയാണ്. വെറുതെ കിട്ടുന്ന ലഹരിയുടെ സ്വാദറിഞ്ഞ്, അതിന് അടിമപ്പെട്ടു കഴിയുമ്പോൾ പിന്നീട് വലിയ വില ഈടാക്കുന്നു. പണം തികയാതെ വരുമ്പോൾ, ലഹരിക്ക് വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത, സ്വന്തം ശരീരം പോലും വിൽക്കാൻ തയ്യാറാകുന്ന ഒരുകൂട്ടം അടിമകളായി നമ്മുടെ യുവതലമുറ മാറുന്നു.
തെരുവ് യുദ്ധങ്ങൾ
ഒരു ടൂറിസ്റ്റ് എന്ന നിലയിൽ ഐസ്വാളിലെ തെരുവുകൾ എനിക്ക് സമ്മാനിച്ചത് സുരക്ഷിതത്വമല്ല, ഭീതിയാണ്. പട്ടാപ്പകൽ പോലും ഗുണ്ടകൾ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള അടിപിടികൾ അവിടെ നിത്യസംഭവമാണ്. ലഹരി മരുന്ന് വിൽപനയെ ചൊല്ലിയുള്ള തർക്കങ്ങൾ പലപ്പോഴും തെരുവു യുദ്ധങ്ങളായി മാറുന്നു. വില്പനക്കാരില്‍ പലരുടെ കൈയിലും തോക്ക് അടക്കമുള്ള ആയുധങ്ങളുണ്ട്. പുറമെ നിന്ന് വരുന്ന സഞ്ചാരികൾക്ക് മുന്നിൽ വലിയൊരു അരക്ഷിതാവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. വളർന്നു വരുന്ന മിസോറമിലെ ടൂറിസം മേഖലയ്ക്ക് ഈ ലഹരി മാഫിയ ഒരു ശവക്കല്ലറ പണിയുകയാണ്. ഭയമില്ലാതെ ആർക്കും ആ തെരുവിലൂടെ നടക്കാൻ കഴിയില്ലെന്ന അവസ്ഥയാണിന്ന്.
അധികാരികളുടെ നിസ്സംഗത
ഏറ്റവും ഹൃദയഭേദകമായ കാഴ്ച, ഈ അരാചകത്വത്തിന് നേരെ കണ്ണടയ്ക്കുന്ന ഭരണകൂടമാണ്. ഐസ്വാളിലെ ജില്ലാ പോലീസ് മേധാവി (SP) ഒരു ബേക്കറിയിൽ ഇരുന്ന് 'ബെൽജിയം വാഫിൾ' രുചിച്ചു കഴിക്കുമ്പോൾ, അദ്ദേഹത്തിന് വെറും പത്തോ ഇരുപതോ മീറ്റർ അകലെ യുവാക്കൾ പരസ്യമായി ലഹരി കുത്തിവെക്കുന്നുണ്ടായിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിന് മുന്നിൽ നിന്ന് പോലും കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ആർക്കും ആരെയും ഭയമില്ല. എല്ലാം കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്ന നിയമപാലകരെ കാണുമ്പോൾ തോറ്റുപോകുന്നത് നമ്മളോരോരുത്തരുമാണ്.
കണ്ണ് നനയിക്കുന്ന കാഴ്ചകൾ
ലഹരി സിരകളിൽ മാത്രമല്ല, അവരുടെ ആത്മാവിൽ പോലും മുറിവേൽപ്പിച്ചിരിക്കുന്നു. ഒരേ സൂചി തന്നെ പത്തും ഇരുപതും പേർ മാറി മാറി ഉപയോഗിക്കുന്നത് വഴി എയ്ഡ്സ് (AIDS) പോലുള്ള മാരക രോഗങ്ങൾ കാട്ടുതീ പോലെ പടരുന്നു. ലഹരി കുത്തിവയ്ക്കാനായി കൈകളിലെ ഞരമ്പുകൾ തെളിയാതാകുമ്പോൾ, ലൈംഗികാവയവങ്ങളിലും, ചുണ്ടുകളിലും, നാക്കിലും കഴുത്തിലും വരെ സൂചികൾ കുത്തിയിറക്കുന്ന കാഴ്ചകൾ... എയർപോർട്ടിലേക്കുള്ള വഴിയിൽ കണ്ട, ലഹരി മണത്ത് ബോധം കെട്ടുറങ്ങുന്ന പെൺകുട്ടികളുടെ മുഖം ഇന്നും ഉറക്കം കെടുത്തുന്നു.
അതിർത്തിയിലെ വിള്ളലുകൾ
ഇന്ത്യ - മ്യാൻമർ അതിർത്തിയിലെ 'ഫ്രീ മൂവ്‌മെന്‍റ് റെജിം' (Free Movement Regime) ആണ് ഈ ലഹരി ഒഴുക്കിന്‍റെ പ്രധാന ഉറവിടം. അതിർത്തി കാക്കുന്ന അസം റൈഫിൾസ് (Assam Rifles) തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, ഈ ഒഴുക്ക് തടയാൻ അത് മതിയാകുന്നില്ല. അതിർത്തിക്കിപ്പുറത്ത് അധികാരത്തിന്‍റെ തണലില്‍ ലഹരി കച്ചവടത്തിന് ആളുകൾ തയ്യാറാകുമ്പോൾ അത് നിർബാധം ഒഴുകിയെത്തുന്നു.
എം.ഡി.എം.എയും കഞ്ചാവും സിറിഞ്ചുകളും ചേർന്ന് ഒരു തലമുറയെ കാർന്നു തിന്നുകയാണ്. പ്രകൃതിയും സംസ്കാരവും സമ്പന്നമാക്കിയ ഒരു നാടിൻറെ പുതുതലമുറ ഇന്ന് ലഹരിക്ക് അടിമകളായിരിക്കുന്നു. ടൂറിസത്തിന്‍റെ അനന്ത സാധ്യതകൾ മുന്നിലുള്ളപ്പോൾ ഒരു നാട് ഇങ്ങനെ നിശബ്ദം ഇല്ലാതാകരുത്. ലഹരികളിൽ പൊലിയുന്ന ജീവനുകളെയും കുടുംബങ്ങളെയും ഭരണകൂടം കാണാതെ പോകരുത്. അവരുടെ കരച്ചിൽ നമ്മൾ കേൾക്കാതെ പോകരുത്. പഞ്ചാബിന്‍റെ ഗതി മിസോറാമിന് ഉണ്ടാകരുത്. ആ നിലവിളി അധികാരികളിലേക്ക് എത്താൻ ഇനിയുമെത്ര ജീവനുകൾ പൊലിയണം?


