അഭിമാനനിമിഷം; പ്രമേഹമുള്ളവരും ബഹിരാകാശത്തേക്ക്? ശുഭാൻഷു ശുക്ലയ്‍ക്കൊപ്പം യാത്രയ്‍ക്ക് മലയാളി നേതൃത്വം നൽകുന്ന ​ഗവേഷണപദ്ധതിയും

Published : Jun 10, 2025, 09:29 PM ISTUpdated : Jun 10, 2025, 09:30 PM IST
Shubhanshu Shukla , Dr. Shamsheer Vayalil

Synopsis

നാസ അടക്കമുള്ള കമ്പനികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണം ബഹിരാകാശ ദൗത്യത്തിന് നിലവിൽ പ്രമേഹബാധിതർക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിന് വഴിയൊരുക്കും.

ശുഭാൻഷു ശുക്ലയുടെ ചരിത്ര ബഹിരാകാശ ദൗത്യത്തിനൊപ്പം മലയാളി നേതൃത്വം നൽകുന്ന നിർണായക പ്രമേഹ ഗവേഷണം ബഹിരാകാശത്തേക്ക്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത സ്വീറ്റ് റൈഡ് (Suite Ride) ഗവേഷണ പദ്ധതിയാണ് ആക്സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

കെന്നഡി സ്പേസ് സെന്റർ

നാല് പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോൾ മലയാളികൾക്കിത് അഭിമാന മുഹൂർത്തമാണ്.

പ്രമുഖ മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ 'സ്വീറ്റ് റൈഡ്' (Suite Ride) ആണ് ദൗത്യത്തോടൊപ്പം ബഹിരാകാശത്തേക്ക് പുറപ്പെടുന്നത്. ഡോ. ഷംഷീർ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്‌സ് ആക്‌സിയം സ്പേസുമായി ചേർന്ന് വികസിപ്പിച്ച പദ്ധതി ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്റെ പരിമിതികളെ മറികടക്കുന്നതിനുള്ള മൈക്രോഗ്രാവിറ്റിയിലെ അത്യാധുനിക ഗവേഷണത്തിനാണ് വഴിയൊരുക്കുന്നത്.

നാസ അടക്കമുള്ള കമ്പനികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണം ബഹിരാകാശ ദൗത്യത്തിന് നിലവിൽ പ്രമേഹബാധിതർക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിന് വഴിയൊരുക്കും. ഇതോടൊപ്പം, ഭൂമിയിൽ പ്രമേഹം ഉൾപ്പടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ സുപ്രധാന മാറ്റങ്ങൾക്കുള്ള കണ്ടെത്തലുകളുണ്ടാകുമോയെന്നും അറിയാം.

14 ദിവസം നീളുന്ന ആക്സിയം ദൗത്യത്തിലുടനീളം മൈക്രോഗ്രാവിറ്റിയിൽ ശരീരത്തിലെ ​ഗ്ലൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്ദ്ധ മെഡിക്കൽ സംഘം പഠിക്കും. 'ഇതൊരു അഭിമാന മുഹൂർത്തമാണ്. പ്രമേഹം പോലുള്ള അവസ്ഥ നമ്മുടെ സ്വപ്നങ്ങൾക്ക് തടസമാകരുതെന്നുള്ള വിശ്വാസത്തിൽ നിന്നാണ് സ്വീറ്റ് റൈഡ് എന്ന ആശയം പിറക്കുന്നത്. ശാസ്ത്രം വളരുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും വളരണം. ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല ഭൂമിയിലെ രോഗികൾക്കും പ്രയോജനപ്പെടാനുള്ള സാധ്യതയേറെയാണ്' കെന്നഡി സ്പേസ് സെന്ററിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി ഡോ. ഷംഷീർ പറഞ്ഞു.

മൈക്രോഗ്രാവിറ്റിയിൽ നിന്ന് ഗ്രാവിറ്റിയിലേക്ക്

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ആളുകൾ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. സമീപഭാവിയിൽ പ്രമേഹ രോഗികളാകാൻ സാധ്യത ഉള്ളവരിൽ ഏകദേശം 25 ദശലക്ഷം പേർ ഉൾപ്പെടുന്നു. അതിനാൽ തന്നെ സ്വീറ്റ് റൈഡിന്റെ പ്രാധാന്യമേറെയാണ്.

ഗവേഷണത്തിന്റെ ഭാഗമായി, പ്രമേഹ രോഗികളിൽ ​ഗ്ലൂക്കോസ് ലെവൽ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കണ്ടിന്യൂസ് ​ഗ്ലൂക്കോസ് മോണിറ്ററുകളുടെ (Continuous Glucose Monitor) കൃത്യത സമഗ്രമായ പ്രീഫ്ലൈറ്റ്, ഇൻഫ്ലൈറ്റ്, പോസ്റ്റ്ഫ്ലൈറ്റ് പ്രോട്ടോകോളുകളിലൂടെ മൈക്രോഗ്രാവിറ്റിയിൽ പരീക്ഷിക്കും. ഒന്നോ അതിലധികമോ ബഹിരാകാശ യാത്രികർ മിഷനിലുടനീളം ഇത് ധരിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആക്‌സിയത്തിന്റെയും ബുർജീലിന്റെയും വിദഗ്ധർ തത്സമയം വിശകലനം ചെയ്യും. ‌ഈ പഠനത്തിലൂടെ ഭാവിയിൽ ഇൻസുലിൻ ഉപയോഗിക്കുന്ന ബഹിരാകാശ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും, ബുർജീലിന്റെ സ്വീറ്റ് റൈഡ് ക്ലിനിക്കൽ ലീഡ് ഡോ. മുഹമ്മദ്‌ ഫിത്യാൻ പറഞ്ഞു.

മെറ്റബോളിക് രോഗങ്ങളുടെ ചികിത്സയിൽ വിദഗ്ധനായ ഫിത്യാൻ ഉൾപ്പെടുന്ന ടീമാണ് തത്സമയം ഭൂമിയിൽ വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഫ്ലൈറ്റ് സമയത്ത് ഗ്ലൂക്കോസിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായി പോയിന്റ്-ഓഫ്-കെയർ രക്ത സാമ്പിളുകൾ ശേഖരിക്കും. ഇതിനായുള്ള ലാൻസെറ്റുകൾ, സൂചികൾ, ബ്ലഡ് ഗ്ലൂക്കോസ് മെഷീനുകൾ (i-STAT) എന്നിവ ബുർജിലാണ് നൽകിയിരിക്കുന്നത്.

എന്തുകൊണ്ട് മൈക്രോഗ്രാവിറ്റി?

ഭൂമിയിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന ശാരീരിക, ഗ്രാവിറ്റി ശക്തികളെ മാറ്റി നിർത്തിയുള്ള ഒരു സവിശേഷ അന്തരീക്ഷം നൽകുന്നു എന്നതാണ് മൈക്രോഗ്രാവിറ്റിയുടെ പ്രത്യേകത. 'മസിൽ മാസ്, ഫ്ലൂയിഡ് ഡിസ്ട്രിബൂഷൻ, സിർക്കാഡിയൻ റിഥം എന്നിവയിലെ മാറ്റങ്ങൾ ഗ്ലൂക്കോസ് മെറ്റബോളിസവും ഇൻസുലിൻ സംവേദനക്ഷമതയും കണ്ടെത്തുന്നതിനായി ഒരു പുതിയ അന്തരീക്ഷം നൽകുന്നു. ഇതിലൂടെ, പ്രമേഹ പരിചരണത്തിൽ നിർണായക മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ​ഗ്ലൂക്കോസ് മോണിറ്റർ ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ, വ്യക്തിഗത പരിചരണത്തിനായി എഐ- അധിഷ്ഠിത പ്രെഡിക്റ്റിവ് മോഡൽ, വിദൂര മേഖലകളിലെ രോഗികൾക്കായി ടെലി ഹെൽത്ത് എന്നിവ വികസിപ്പിക്കാനും സാധിക്കും' ഡോ. ഫിത്യാൻ പറഞ്ഞു

നിലവിൽ, പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്നത് മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികളാണ്. സ്വീറ്റ് റൈഡിലൂടെ മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിൽ ഗ്ലൂക്കോസ് നിയന്ത്രണം എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നത് പ്രമേഹമുള്ളവരിൽ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ്. ഭാവി ദൗത്യങ്ങളിൽ പ്രമേഹമുള്ളവർക്കും ഇതിലൂടെ ബഹിരാകാശ യാത്ര സാധ്യമാകും.

നാസയുടെ മുതിർന്ന ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി (മിഷൻ സ്പെഷ്യലിസ്റ്റ്), ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് മറ്റ് അംഗങ്ങൾ. ദൗത്യത്തിന്റെ ഭാഗമായി 31 രാജ്യങ്ങളിൽ നിന്നുള്ള 60 -ലധികം പരീക്ഷണങ്ങൾ നടത്തും.

PREV
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം