
മുപ്പതാണ്ടിന്‍റെ ഓർമ്മകളിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ആ ഓർമ്മയിലേക്ക് ഒരുപാട് നല്ല കുഞ്ഞുകുഞ്ഞ് ഓർമ്മകൾ കൂട്ടിവെയ്ക്കാൻ കഴിഞ്ഞുവെന്നാണ് ഇപ്പോഴുമെന്‍റെ വിശ്വാസം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്‍റെ പ്രോഗ്രാം, ഇകെ നായനാരുടെ 'മുഖ്യമന്ത്രിയോട് ചോദിക്കാം', നീലൻ സാറും സിഎൽ തോമസും. സ്റ്റുഡിയോയിലെ ജോലിക്കിടെ കിട്ടിയ ആദ്യകാല അവസരങ്ങൾ... നീലൻ സാറ് മുതൽ ഏറ്റവും പുതിയ തലമുറയിലെ റിപ്പോർട്ടർമാരോടൊപ്പം വരെ ഇന്നലെകളിൽ ജോലി ചെയ്തു. ഇനിയെല്ലാം ഓർമ്മകളുടെ അടരുകളിലേക്ക്...
ജോലിക്കിടെ, മോശമാണെന്ന് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. ചിലപ്പോൾ മനസിൽ കാണുമായിരുന്നിരിക്കും. പക്ഷേ, പുറത്ത് പറയാനൊരു അവസരം ആർക്കുമുണ്ടായിക്കാണില്ലെന്ന് കരുതുന്നു.
മുപ്പതാണ്ടിനിടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഏഷ്യാനെറ്റിന്‍റെ എല്ലാ ബ്യൂറോകളിലും ജോലി ചെയ്തിട്ടുണ്ട്.
ടിഎൻജിയുമായി വിശുദ്ധ നഗരമായ റോമിലേക്ക്. അവിടെ വച്ച് ചെയ്ത 'കണ്ണാടി'.
ടിഎൻജിയ്ക്കൊപ്പം രത്തൻ ടാറ്റായുടെ സ്പെഷ്യൽ ഇന്‍റർവ്യൂ. അതിനായി ഞാനും തെരുവിയവും 3 യൂണിറ്റ് പഴയ ക്യാമറകളും ബാഗുകളുമായി ലെ മെരിഡിയന്‍റെ മൂന്നാമത്തെ നിലയിലേക്ക് നടന്ന് കയറി. കഠിനമായ ചില വഴികൾ അങ്ങനെയും.
കേരളത്തിന്‍റെ ചരിത്രത്തിലേക്ക്, നെടുമ്പാശ്ശേരി എയർപോർട്ട് ഉദ്ഘാടനത്തിന് പിന്നാലെ പറന്നിറങ്ങിയ ആദ്യ ജംബോ വിമാനത്തിന്‍റെ കാഴ്ചകൾ മലയാളി ടെലിവിഷനിൽ കണ്ട കാഴ്ചകളിലൊന്ന് ഞാനെടുത്ത ക്യാമറയിലൂടെ ആയിരുന്നുവെന്നത് മറ്റൊരു സന്തോഷം.
സിങ്കപ്പൂരിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ആദ്യമായി ഹോസ്റ്റ് ചെയ്യുന്ന കാലത്ത് നേവൽ എയർപോർട്ടിലേക്ക് ടേപ്പുമായി ഓടിയ ഓട്ടങ്ങൾ. സിങ്കപ്പൂര് നിന്നും ചെന്നൈയിലേക്ക് ഹോസ്റ്റിംഗ് എത്തിയപ്പോൾ കാക്കനാട് വിഎസ്എൻഎൽ ഓഫീസിലേക്ക് ടേപ്പുമായുള്ള മരണപ്പാച്ചിലുകൾ... 'ഓഫീസ് അസിസ്റ്റന്‍റ്' എന്നൊരു തൊഴിലുണ്ടെന്ന് പോലും കേൾക്കാത്ത കാലം.
ട്രെയിൻ കടന്ന് പോകാനായി അടച്ച റെയിൽവേ ക്രോസിന് മുകളിലൂടെ ബൈക്ക് പൊക്കി അപ്പുറം കടത്തി അജയ കുമാർ ടി ആറിനൊപ്പം ആക്സിലേറ്ററിലേക്ക് കൈ മുഴുവനും കൊടുത്ത് പറന്ന് പോയ ആ കാലങ്ങൾ. വീട്ടുകാരുടെ പ്രാർത്ഥനകൾ ആ അതിവേഗങ്ങളിലും ഞങ്ങളെ കാത്തു വന്നു.
ഇന്ന് ലൈവിൽ വർക്ക് ചെയ്യുന്നവർക്ക് തമാശയായിരിക്കും. പക്ഷേ അന്ന്, ലൈവ് ടെലിക്കാസ്റ്റ് എന്താണെന്ന് പോലും പലർക്കും അറിയില്ല. പിന്നാലെ ലൈവ് വാർത്തകൾക്കായി ന്യൂസ് റീഡേഴ്സിനൊപ്പം റിലയൻസിലേക്കുള്ള യാത്രകൾ.
'99 -ൽ കൊല്ലം കലോത്സവത്തിന് സിന്ധു സൂര്യകൂമാർ, ഇന്ദുകമാർ, അജി എം നൂഹ് എന്നിവരുൾപ്പെടുന്ന ടീമിനൊപ്പം. ഇന്ദുകുമാറിനൊപ്പമുളള എത്രയെത്ര മൂന്നാർ യാത്രകൾ.
ഓർമ്മകളിലൊരു നൊമ്പരമായി, മുണ്ടക്കയം കൂട്ടിക്കലിലെ മലവെള്ളപ്പാച്ചലിൽ മരിച്ച ഒരു വീട്ടിലെ ആറ് പേരുടെ ശവസംസ്കാരം. അടക്കിപ്പിടിച്ച നിലവിളികളുമായി, ഞാനും ജെയ്സണും.
കൊച്ചിൽ നിന്നുള്ള നന്ദുവേട്ടന്‍റെ 'നീതി' എന്ന പ്രോഗ്രാമിന് ഇടയ്ക്ക് 'ശബ്ദ'മായും ഞാൻ നിന്നു.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാനായി 10 - 15 ദിവസം മൂന്നാറിൽ തന്നെയായിരുന്നു. ബിജു പങ്കജ്, സന്തോഷ് കുമളി, പ്രദീപ് തൊടുപുഴ, ചെറുകുന്നം... എന്നീ റിപ്പോർട്ടർമാരോടൊപ്പം വിഎസിന്‍റെ മൂന്നാറിലെ കരിമ്പൂച്ചകളുമായി (സുരേഷ് കുമാർ ഐഎഎസ്, രാജു നാരായണ സ്വാമി ഐഎഎസ്, ഋഷിരാജ് സിംഗ് ഐപിഎസ്) ചില്ലറ കറക്കമല്ല അന്ന് കറങ്ങിയത്. 28 ദിവസം കൊണ്ട് 92 കെട്ടിടങ്ങൾ പൊളിച്ചു, 16,000 -ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിച്ച, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മൂന്നാർ കാലം.
മലയുടെ മുകളിൽ ഒരു അനധികൃത വാച്ച് ടവർ പൊളിക്കാൻ കയറിയപ്പോൾ ഇന്ത്യവിഷൻ ക്യാമറാമാൻ ഫൈസലിന് സുഖമില്ലാതായി. അന്ന് കൂടെ മറ്റാരുമുണ്ടായിരുന്നില്ല. പിന്നെ, അവനെയും തോളിലെടുത്ത് കയറ്റം മുഴുവനും ഇറങ്ങിയത് ഇന്നലെകളിലെന്നോ നടന്ന പോലെ, കാലിലൊരു തരിപ്പായി അവശേഷിക്കുന്നു.
മതികെട്ടാൻ ഒഴിപ്പിക്കൽ നാളിൽ ഉണ്ണി ബാലകൃഷ്ണനുമായി കാടിന്‍റെ നടുവിൽ, ഇരുട്ടിൽ ഒറ്റപ്പെട്ടു പോയത് ഇന്നും മങ്ങാത്ത, മായാത്ത കാഴ്ചയിലുണ്ട്.
ബിനി ജോസഫുമായി ചെയ്ത സ്റ്റോറികളും പ്രോഗ്രാമുകളും... അക്കാലത്ത് ഏഷ്യാനെറ്റിന് ആലപ്പുഴ ബ്യൂറോ ഇല്ലായിരുന്നു. കൊച്ചിയിൽ നിന്നും ഞങ്ങളിരുവരുമാകും മിക്കവാറും ആലപ്പുഴയിലേക്ക് നിയോഗിക്കപ്പെടുക. പിന്നാലെ കാറുമെടുത്ത് കൊച്ചിയിൽ നിന്നും ആലപ്പുഴയിലേക്ക്..
2003 -ൽ തമിഴ്നാട് - കേരളാ തീരത്ത് ആഞ്ഞ് വീശിയ സുനാമിത്തിരയിലും മാഞ്ഞുപോകാത്ത ആലപ്പുഴ തീരദേശവാസികളുടെ കണ്ണീർ, ഇന്നും ക്യാമറാ കണ്ണിലൂടെ എനിക്ക് കാണാം. കഥകളെത്ര ഒപ്പിയിട്ടും ആ കണ്ണീരിന്‍റെ ആഴം കൂടിയിട്ടേയുള്ളൂ.
ഉള്ളിലെ ഭയം പുറത്ത് കാട്ടാതെയിരുന്ന ചില കഥകളുമുണ്ട്. ഗുരുവായൂർ ദേവസ്വം അഴിമതി. അന്ന് കൊച്ചി ബ്യൂറോയിൽ നിന്നും ചെയ്ത ഇന്‍വെസ്റ്റിഗേഷൻ സ്റ്റോറി. ആ യാത്രകളെ കുറിച്ചോർക്കുമ്പോൾ ഇന്നും പുറത്ത് കാട്ടാതിരുന്നൊരു ഭയമാണ് അവശേഷിക്കുന്നത്.
രണ്ട് അദ്ധ്യപകരുടെ ജോലി കളഞ്ഞ സ്വശ്രയ കോളേജ് അഡ്മിഷൻ അഴിമതിയുടെ സ്റ്റോറി. കോവൂർ കുഞ്ഞുമോനെതിരെയുള്ള ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. സ്പീഡ് ഗവർണർ അഴിമതി. മഞ്ജുഷ് ഗോപാലിനൊപ്പം നടത്തിയ അന്വേഷണങ്ങൾ... അങ്ങനെ ആദ്യ വികെ മാധവൻ കുട്ടി അവാർഡും കൈയിൽ പിടിച്ച് വേദിയിൽ.
ജയലളിത ചെന്നൈയിലെ ആശുപത്രിയിൽ കിടന്നത് മുതൽ ആശുപത്രിപ്പടിയിലെ കാത്തിരുപ്പിന് ഒപ്പം നിന്നത് ജോഷി കുര്യൻ. പിന്നെ മരണവും ശവസംസ്കാരവും കഴിഞ്ഞാണ് ഞങ്ങളിരുവരും മടങ്ങിയത്.
ശ്രീലങ്കയിലെ ആദിവാസി ഊരുകളിലേക്ക് അഭിലാഷ് ജി നായരോടൊപ്പം നടത്തിയ കടൽ കടന്ന സ്റ്റോറികൾ.
അത്തച്ചമയ ഘോഷയാത്ര, നെഹ്റു ട്രോഫി വള്ളം കളി, തൃശ്ശൂർ പൂരം, കലോത്സവങ്ങൾ... എത്രയെത്ര വർഷങ്ങൾ.
ആദ്യമായി ജോലിക്കിടെ എനിക്ക് അടി വാങ്ങിത്തന്ന ക്രെഡിറ്റ് ഒരാൾക്ക് മാത്രം. സലാം പി ഹൈദ്രോസ്! ഹൈക്കോടതിയിൽ മാധ്യമ പ്രവർത്തകരും വക്കീലന്മാരും തമ്മിലുള്ള തർക്കം ഷൂട്ട് ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ സലാമുണ്ട്. അതിനിടെയാണ് അപ്രതീക്ഷിതമായി ഒരു പറ്റം വക്കീലന്മാർ അക്രമിക്കാനായി ആർത്തലച്ച് വന്നത്. ശബ്ദം കേട്ട് ഒന്ന് പാളി നോക്കിയതേയുള്ളൂ, സലാമിനെ കാണാനില്ല. ക്യാമറയും ചുമലേറ്റി നിൽക്കുന്ന എന്നെയവർ തല്ലുമ്പോൾ, സലാം കൃത്യമായി മുങ്ങിയിരുന്നു.
കോഴിക്കോട് ബ്യൂറോയിലെ സ്റ്റോറികൾ മറക്കാൻ കഴിയില്ല. എൻ കെ രവീന്ദ്രൻ സാറിന്‍റെ 'കേട്ടതും കണ്ടതും' എന്ന പ്രോഗ്രാമിന് വേണ്ടി ചെയ്ത എത്രയെത്ര കഥകൾ. ജാനുവിന്‍റെ സ്റ്റോറിക്ക് പിന്നാലെ ഹൈക്കോടതി ഇടപെട്ട് അവർക്ക് വീട് വച്ച് കൊടുത്തത്. അന്ന് ക്യാമറയ്ക്ക് മുന്നിൽ ശ്യാമും ബിജു പറവത്തും നിന്നു.
നിരവധി കാഴ്ചകൾക്കും കഥകൾക്കും ശേഷം ആലപ്പുഴയിൽ വീണ്ടുമെത്തുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ ഐപ് വള്ളിക്കാടൻ. കീടനാശിനിയും വളപ്രയോഗവും അടക്കമുള്ള അന്വേഷണാത്മക കഥകളുടെ കാലമായിരുന്നു അത്.
കേരളത്തിന്‍റെ കുറ്റകൃത്യ ചരിത്രത്തിലെ പോലീസിന്‍റെ 'S' കത്തി പ്രയോഗം ഞങ്ങളിരുവർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകളാണ്. ഉറക്കമില്ലാതെ ഓടിയ എത്രയെത്ര രാത്രികൾ.
ആലപ്പുഴയിൽ നിന്നും ഐപ്പിനൊപ്പം ശ്രീലങ്കയിലേക്ക്. അവിടെ ആകെയുണ്ടായിരുന്നത് 3 മണിക്കൂർ. ഐപ്പ് ക്യാമറയ്ക്ക് മുന്നിൽ മൈക്കുമായി നിന്നപ്പോൾ പിറന്നത് 5 സ്റ്റോറിയും 1 കേട്ടതും കണ്ടതും.
ടിഎൻജിയുമായി (ടിഎൻ ഗോപകുമാർ) നിരവധി 'കണ്ണാടി' സ്റ്റോറികൾ. അതിലൂടെ ഒരുപാട് പേർക്ക് സഹായങ്ങൾ ലഭിക്കുമ്പോൾ നമ്മൾ ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം കൂടുന്നു. മറ്റൊരാൾക്ക് ആശ്വാസമാകാൻ ഞാനൊരു നിമിത്തമായെന്ന വിശ്വാസം. അതിലപ്പുറം ഈ ജോലി തരുന്ന സന്തോഷങ്ങൾ മറ്റെന്താണ്? അനിൽ അടൂരിന്‍റെ സഹായങ്ങൾ.
രഞ്ജിത് രാമചന്ദ്രൻ, വികെ സോന, സുജിത് ചന്ദ്രൻ, സന്ദീപ് വചസ്പതി, അഞ്ജു തങ്കപ്പൻ, ബിനോയ്... ആലപ്പുഴയിൽ നിന്നും ക്യാമറയ്ക്ക് മുന്നിൽ വന്ന് പോയ റിപ്പോർട്ടർമാർ.
ഇതിനിടെ 3 വർഷത്തെ അടുപ്പിച്ചുള്ള ഇൻ ഹൌസ് അവാർഡുകൾ ഏറ്റുവാങ്ങാൻ അവസരം കിട്ടി.
'ലെൻസ്' എന്ന സെഗ്മെന്‍റ് തുടങ്ങിയപ്പോൾ ആദ്യ അവാർഡും ഏറ്റുവാങ്ങി.
തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ്, നെഹ്റു ട്രോഫി അവാർഡ്, ദൃശ്യ അവാർഡ്... അങ്ങനെ ചിലത് കൂടി ഒപ്പം പോന്നു.
എസ് ബിജു, പ്രശാന്ത് രഘുവംശം, ടോം മാത്യു, വേണു ബാലകൃഷ്ണൻ, സജി ഡോമനിക്, ഷാഹിന കെ കെ, വിധു വിൻസെന്‍റ്, ഷാജഹാൻ, നവീൻ, ശ്രീധരൻ കുറിയേടത്ത്, അനുജ, ആശാ ജാവേദ്... ഓർമ്മയുടെ അടരുകളിൽ പേരുകൾ പലതും മങ്ങുന്നു... ക്ഷമിക്കുക.
കൊച്ചിയുടെ ചരിത്രത്തിലേക്ക്, കോടതി ഉത്തരവോടെ പൊളിഞ്ഞ് വീണ മരട് ഫ്ലാറ്റ് പൊളിക്കൽ വേറിട്ടൊരു അനുഭവമായി തങ്ങിനിൽക്കുന്നു. കൺമുന്നിൽ നിന്ന ബഹുനില കെട്ടിടം ഉയർന്ന് പൊങ്ങിയ പൊടിയടങ്ങിയപ്പോൾ ഒരു വെറും കോൺക്രീറ്റ് കൂനയായി.
മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ... കർണ്ണാടക തെരഞ്ഞെടുപ്പിന് സനീഷ് എളേതുമായി ബെംഗളൂരു. ഇന്ദുകുമാറും ജോസ് അഗസ്റ്റിനുമായി മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിന് ബോംബെയിലെത്തിയതും മറക്കാൻ കഴിയില്ല.
മറയൂർ ചന്ദനക്കടത്ത് ഷൂട്ട് ചെയ്യാൻ പോയി, അവിടെ നിന്നും ഇറങ്ങി ഓടിയ ഓട്ടം... ക്യാമറയുമായി ഞാനും തെരുവിയവും പിന്നെ ഇന്ദുകുമാറും.
മലപ്പുറം കവളപ്പാറയിലെ മണ്ണിടിച്ചിൽ. എൻകെ ഷിജുവും ഞാനും. മലമുകളിൽ നിന്നും ഒലിച്ചിറങ്ങിയ മണ്ണിനും വെള്ളത്തിനും അടിയിൽ പുതഞ്ഞ് ശ്വാസം മുട്ടി മരിച്ച മനുഷ്യരുടെ മേലെ കൂടിയാണോ അന്ന് നടന്നിരുന്നതെന്ന ചിന്ത ഇന്നും തണുത്തൊരു വിങ്ങലായി ഉള്ളിലുറഞ്ഞു കൂടുന്നു.
മനുഷ്യ നിർമ്മിതികൾ ഈ ഭൂമിയിൽ തീർക്കുന്ന ഉണങ്ങാത്ത വടുക്കൾ എത്ര കണ്ടാലും പഠിക്കാൻ, തിരുത്താൻ നമ്മുക്ക് എന്തുകൊണ്ടാണ് കഴിയാത്തതെന്ന് തോന്നും, പുതിയ ചില കാഴ്ചകൾ കാണുമ്പോൾ.
തിരുവന്തപുരം ബ്യൂറോയിൽ ആറ്റുകാൽ പൊങ്കാല മുതൽ ശബരിമല സ്ത്രീ പ്രവേശനം വരെ. ഏതാണ്ട് ഇരുപത് വർഷത്തോളം ശബരിമല മകരവിളക്ക് മലയാളി വീട്ടിലിരുന്ന് ഭക്തിപുരസരം ദർശിച്ചത് ഞങ്ങളുടെയൊക്കെ കാഴ്ചയിലൂടെയായിരുന്നു.
ജിമ്മി ജെയിംസുമായി കടൽ കടന്ന് മാലിയിലേക്ക്. പ്രമാദമായ ഐഎസ്ആർഒ ചാരക്കേസ്. മറിയം റഷീദയുടെ ഇന്‍റർവ്യൂ ആണ് ലക്ഷ്യം. മാലി എയർപോർട്ടിൽ ഇറങ്ങി. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞു. പിന്നാലെ, അവർ അടുത്ത ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക് കയറ്റി വിട്ടു!
ഏഷ്യാനെറ്റിന്‍റെ ആദ്യ സാന്‍റാ യാത്ര. ഹെൽസിങ്കിയിൽ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പറന്നു. പിജി സുരേഷ് കുമാർ, വിനു വി ജോൺ, മാർക്കറിംഗിലെ ഉണ്ണി സർ, അനിൽ സർ, ജോർജ് മുണ്ടക്കൽ.
അജയഘോഷ്, കമലേഷ്, വന്ദന, പിആർ പ്രവീണ, അജിത... മുന്നിൽ നിന്ന് റിപ്പോർട്ട് ചെയ്തവർ.
പാലക്കാട് ബ്യൂറോയിൽ നിന്നും ചെയ്ത സ്റ്റോറി, രണ്ട് കുടുംബങ്ങൾക്ക് വീട് കിട്ടാൻ കാരണമായി. പ്രിയ, ഹാത്തീഫ്, ശരത്, പാലക്കാടൻ ചൂടിൽ ഏറ്റവും കൂടുതൽ സ്റ്റോറികൾ ചെയ്തതും ഇവരോടൊപ്പമാകും.
ഇന്നും മറക്കാത്തൊരു വേദന സമ്മാനിച്ചിട്ടുണ്ട്, പാലക്കാട്. അന്ന് അവിടെ മാതൃഭൂമി ന്യൂസിലെ ക്യാമറാമാൻ എ വി മുകേഷ്. ജോലിക്കിടെയിലും ജോലി കഴിഞ്ഞുള്ള നേരങ്ങളിലും ഞങ്ങളൊന്നിച്ചിരുന്നു. സുഹൃത്ത്, അതിലുമപ്പുറം സഹോദര തുല്യനായിരുന്നു അവൻ. വന്യജീവി അക്രമണം അന്നുമുണ്ടായിരുന്നു. ഒരിക്കൽ കോട്ടേക്കാട് കാട്ടാന ഇറങ്ങിയെന്ന് വിവരം കിട്ടിപ്പോയതാണ്.
കാടിയറിങ്ങിയ കാട്ടാനയെ കാടുകയറ്റാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും കൂടിയിരുന്നു. ആൾക്കൂട്ടം കണ്ട്, കണ്ടവഴികളിലൂടെ ഓടിയ കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട മുകേഷിനെ അവൻ കാൽക്കീഴിലാക്കി. ജീവനില്ലാത്ത അവന്‍റെ ശരീരം ഏറ്റുവാങ്ങാൻ ആശുപത്രി മോർച്ചറിക്ക് മുന്നിൽ നിൽക്കുമ്പോൾ, കാടോളം കനം വച്ചൊരു ഹൃദയമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഇന്നും ഉണങ്ങാത്ത വേദനയായി, വിങ്ങലായി അവനൊപ്പമുണ്ട്.
വയനാട് ദുരന്ത കാലത്ത് നിലമ്പൂർ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് നിന്നപ്പോൾ ആംബുലൻസിൽ വന്നിറങ്ങിയ ശരീര ഭാഗങ്ങൾ കണ്ട് കണ്ട് മനസ് തകർന്ന് പോയ, തൊണ്ടയിൽ നിലവിളി കുരുങ്ങിയ രാത്രികൾ.
അശോകുമാർ പിഎസ്, നാരായണൻ നമ്പൂതിരി, ചെറുകുന്നം അങ്ങനെ ചിലർ എപ്പോഴും കൂടെയുണ്ടായിരുന്ന മറ്റൊരു കാലം.
2015 ആഗസ്റ്റിൽ അപകടത്തിപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച 19 -കാരൻ പ്രണവിൻ്റെ ഹൃദയം ചെന്നൈയിലുള്ള രോഗിക്ക് കൊടുക്കാൻ വീട്ടുകാർ സമ്മതിച്ചു. അതോടെ കേരളത്തിലെ ആദ്യത്തെ ഇൻ്റർസ്റ്റേയ്റ്റ് ഓർഗൺ ട്രാൻസ്പ്ലാൻ്റിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിന് മുമ്പ് മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠ ശർമ്മയുടെ ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിക്ക് കൊണ്ടു വന്നിരുന്നു. മാത്യു അച്ചാടന് വേണ്ടി. അന്ന് കൊച്ചിയിലെ ലുലുവിൻ്റെ സ്വകാര്യ ഹെലിപാടിൽ ഇറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും ഹൃദയവുമായി ലേക് ഷോറിലേക്ക് പാഞ്ഞ ആംബുലൻസിന് പിന്നാലെ അന്നത്തെ ദൃശ്യമാധ്യമങ്ങൾ എല്ലാമുണ്ടായിരുന്നു. പക്ഷേ, ആ ഷൂട്ടിന്‍റെ റിവ്യൂ മീറ്റിംഗിൽ റീജ്യണൽ ഹെഡ് സംതൃപ്തനായിരുന്നില്ല. ചിലപ്പോൾ അതുകൊണ്ട് കൂടിയാകാം ഇത്തവണത്തെ ഓർഗൺ ട്രാൻസ്പ്ലാൻറേഷന് കൂടെ പോകാൻ അഭിലാഷ് ജി നായർ ആവശ്യപ്പെട്ടത്.
ആംബുലൻസിന് ഒപ്പം പോകാൻ എന്താ വേണ്ടത് എന്നാണ് അഭിലാഷ് ചോദിച്ചത്. 'കമ്പനി വണ്ടിയും ഡ്രൈവറും' എന്നായിരുന്നു മറുപടി. നമസ്തേ കേരളം മുതൽ ആശുപത്രിയിൽ നിന്നും ലൈവ് പോകുന്നു. പെട്ടെന്നാണ് നീണ്ട വിസിലടിയോടെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സംഘം ആശുപത്രിിയിൽ നിന്നും ഇറങ്ങി വന്നത്. അവർ ആംബുലൻസിൽ കയറിയാൽ തെട്ട് പിന്നാലെ പായണം. ഇല്ലെങ്കിൽ നമ്മൾ പിന്നിലായി പോകും. പിന്നിലായാൽ പിന്നെ മുന്നിലാവുക അസാധ്യം.
ആക്സിലേറ്ററിൽ കാൽ വച്ച്, സ്റ്റയറിംഗിൽ കൈവച്ച് അനീഷ് നെട്ടൂരാൻ ഇരിക്കുന്നു. ഹൃദയമടങ്ങിയ നീല പെട്ടി ആംബുലൻസിലേക്ക് കയറ്റിയതും 'തകഴീ...' യെന്ന നെട്ടൂരാന്‍റെ വിളി കേട്ട് ഓടിച്ചെന്ന് കാറിന്‍റെ ഡോർ അടച്ച് ഉള്ളിലിരിക്കുമ്പോൾ ക്യാമറയും ബാക് പാക്കും കൈയിലുണ്ട്. 120 -ന് മുകളിൽ സ്പീഡിൽ പാഞ്ഞ് പോകുന്ന ആംബുലൻസിന് തൊട്ട് പിന്നിൽ മറ്റൊരു വണ്ടിയെയും കടത്തി വിടാതെ നെട്ടൂരാൻ പറ പറന്നു. പക്ഷേ, അതൊന്നും ഞാനറിഞ്ഞില്ല. വ്യൂഫൈന്‍റിൽ നിന്നും തെന്നിമാറാതെ ആംബുലൻസിനെ പിടിക്കുന്നതിലായിരുന്നു കണ്ണും കൈയും. ആ നിമിഷങ്ങളിൽ ആ രണ്ട് അവയവങ്ങൾ മാത്രമേ ശരീരത്തിൽ ഉണ്ടായിരുന്നൊള്ളൂവെന്ന് ഇപ്പോൾ തോന്നുന്നു.
ലേക് ഷോർ - എയർപോട്ട്. അന്നാണ് ആദ്യമായും അവസാനമായും വെറും 28 മിനിറ്റ് കൊണ്ട് ആ 37.6 കിലോമീറ്റർ ദൂരം ഞങ്ങളിരുവരും താണ്ടിയത്. കേരളം മനമുരുകി കണ്ട ആ കാഴ്ചകൾ എന്‍റെ തോളിലെ ക്യാമറയിൽ നിന്നായിരുന്നു. അന്നത്തെ ലൈവ് റിപ്പോർട്ടിംഗ് ഡെസ്കിൽ നിന്നായിരുന്നു. അത്യന്തം നാടകീയമായ, അതിലേറെ ചടുലമായ യാത്രയും കാഴ്ചയും. എല്ലാം കഴിഞ്ഞ് ബ്യൂറോയിലെത്തിയപ്പോൾ ടിവിയിൽ വീണ്ടും അതേ കാഴ്ച. ക്യാമറയും ബാക് പാക്കും തോളിൽ നിന്നും ഇറക്കിവയ്ക്കാൻ പോലും മറന്ന് കണ്ട് നിന്ന കാഴ്ച.
പക്ഷേ... സ്റ്റോറിയുടെ അവസാനത്തെ സൈൻ ഓഫിൽ എല്ലാ റിപ്പോർട്ടർമാരെയും പേരെടുത്ത് പറഞ്ഞെങ്കിലും എന്‍റെ പേരില്ലായിരുന്നു. പെട്ടെന്നുള്ള സങ്കടത്തള്ളിച്ചയിൽ പറഞ്ഞ് പോയ ആത്മഗതം അല്പം ഉച്ചത്തിലായി. ചിലപ്പോൾ അത് കൊണ്ടായിരിക്കാം അടുത്ത ബുള്ളറ്റിനിൽ 'ടീം കൊച്ചി' എന്നായിരുന്നു സൈൻ ഓഫ്.
എല്ലാറ്റിനുമൊടുവിൽ പടിക്ക് പുറത്താക്കപ്പെടുന്ന ക്യാമറാമാൻമാരെ കുറിച്ച് അന്നത്തെ ചീഫ് ക്യാമറാമാനായ കെപി വിനോദിനോട് പറഞ്ഞു. "ഒരു ക്യാമറ 360 ഡിഗ്രി കറക്കിയാൽ അതിൽപ്പെടാത്ത ഏകവസ്തു ആ ക്യാമറാമാൻ മാത്രമായിരിക്കും" കെപിയുടെ വാക്കുകളാണ് തെല്ലൊരു ആശ്വസമായത്. ചില ജോലികൾ അങ്ങനെയാണ്. എത്രയധ്വാനിച്ചാലും എന്നും അജ്ഞാതനായി തുടരാൻ വിധിക്കപ്പെടുന്നവർ! പിന്നീട് കെപി വിനോദ്, ഒരു അഭിനന്ദന കുറിപ്പെഴുതി, എല്ലാ സീനിയേഴ്സിനും കോപ്പി വെച്ചു.'കമ്പനി വണ്ടിയിൽ വില്ലു കുലച്ച അർജ്ജുനനെ പോലെ തകഴി ഇരുന്നപ്പോൾ അതിൻ്റെ സാരഥിയായി നെട്ടൂരാൻ ഇരുന്നത് യുദ്ധ ഭൂമിയിൽ ഒരിക്കലും തെറ്റാതെ തേർതെളിച്ച കൃഷ്ണനെ പോലെ...' അനുഭവങ്ങളുടെ തീച്ചൂളയിൽ വരണ്ടുണങ്ങിയ പാടത്ത് ആർത്തുപെയ്തൊരു മഴയായി ആ അഭിനന്ദനക്കത്ത്. അത് നെട്ടൂരാനും എനിക്കും മാത്രം സ്വന്തം.
കോസ്റ്റ് ഗാർഡിന്‍റെ അരമണിക്കൂർ പ്രോഗ്രാം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത മറ്റൊരു അനുഭവം. പ്രശാന്ത് ആൽബർട്ട്, സൗണ്ട് എഞ്ചിനീയർ ധനേഷ്, ജോഷി കുര്യൻ പിന്നെ ഞാനും. ആദ്യമൊരു സ്പീഡ് ബോട്ടിൽ, പിന്നെ ഹെലികോപ്റ്ററിൽ. താഴെ നീലക്കടൽ, മുകളിൽ നീലാകാശം. അന്തമില്ലാത്ത കാഴ്ചകൾ.
പിന്നാലെ വിദേശ കപ്പലുകളിൽ പരിശോധയ്ക്ക് വീണ്ടും കോസ്റ്റ് ഗാർഡിന്‍റെ സ്പീഡ് ബോട്ടിൽ. ജപ്പാന്‍റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിലേക്ക്. ബോട്ടിൽ നിന്നും നോക്കിയാൽ കപ്പൽ ഒരു ചില്ലി തെങ്ങോളം പൊക്കത്തിൽ. കപ്പലിന്‍റെ തിരയിൽ ബോട്ട് പൊങ്ങി ഉയരുമ്പോൾ കയറേണ്ണിയിൽ പിടിച്ച് കയറണം. എല്ലാം തയ്യാറായി നിന്നപ്പോഴാണ് നേവൽ ഓഫീസറിന്‍റെ ചോദ്യം,'ഇതിന് മുമ്പ് കയറിയിട്ടുണ്ടോ?' പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയ കഥ നേവൽ ഓഫീസറോട് എങ്ങനെ പറയും? ക്യാമറയും പുറകിൽ തൂക്കി ആദ്യ ടേക്കിൽ തന്നെ മുകളിലെത്തി. ഷൂട്ട് ചെയ്ത് അതേ കയറേണിയിൽ തൂങ്ങിപ്പിടിച്ച് താഴേക്കും.
കോസ്റ്റ് ഗാർഡിന്‍റെ മറ്റൊരു ഷൂട്ടിന് ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ ഒപ്പം ടോം മാത്യു. സമാനമായ അനുഭവം.
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ കാലത്ത് കെപി മോഹൻ സാറുമായുള്ള സ്പെഷ്യൽ ഇന്‍റർവ്യൂ. അന്ന് രാജ്യം മുഴുവനും എന്‍റെ ക്യാമറ കണ്ണിലൂടെ പ്രധാനമന്ത്രിയെ കണ്ടു. അതും അപൂർവ്വമായി മാത്രം മാധ്യമങ്ങളെ കണ്ടൊരു പ്രധാനമന്ത്രി.
മൂന്നാർ പൊന്തൻമേടുള്ള ഭൂമിയിൽ കുരിശു നാട്ടി കൈയേറാൻ ശ്രമിച്ചപ്പോൾ, സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കൽ ശ്രമം. ക്യാമറയ്ക്ക് മുന്നിൽ അഞ്ചു രാജ്, പ്രദീപ് തൊടുപുഴ. ആ യാതയും കാലമേറെക്കഴിഞ്ഞാലും ഓർമ്മകളിൽ തങ്ങിനിൽക്കും.
28 - 29 വർഷം. വീട്ടിൽ കുടുംബത്തോടൊപ്പം ഇരുന്നതിനെക്കാൾ കൂടുതൽ നേരം ഏഷ്യാനെറ്റിന്‍റെ ക്യാമറ ചുമലിൽ തൂങ്ങിക്കിടന്ന കാലം.
അതിനിടെ ചാനലുകൾ പലതും വന്നു. പലരും പല വഴി ചേക്കേറി. ഓരോ കാലത്തും പുതിയ കൂടൊരുക്കി ഓരോരോ വിളികൾ വന്നു. പക്ഷേ, ഏഷ്യാനെറ്റ് ന്യൂസിനെ വിട്ടൊഴിയാൻ കഴിയുമായിരുന്നില്ല. അതൊരു വിശ്വാസം കൂടിയാണ്. ചുമലേറ്റിയ ക്യാമറയെന്ന പോലെ.
രാജേഷ് തകഴി എന്ന വിലാസം നേടിയെടുത്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു പേരേയുള്ളൂ. ഏഷ്യാനെറ്റ് ന്യൂസ്!
അനുഭങ്ങളുടെ, പകർത്തിയ കാഴ്ചയുടെ നൂറിലൊന്ന് പോലും ഇതാകുന്നില്ലെന്ന് അറിയാം. എങ്കിലും ഇനി, ആ മേൽവിലാസമുണ്ടാകില്ലെന്ന തിരിച്ചറിവിൽ ഒരു ചെറുകുറിപ്പ് മാത്രം.
നേരോടെ നിർഭയം നിരന്തരം