പോളണ്ടിലെ ക്രാക്കോവിൽ നിന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വീലിസ്‌ക ഉപ്പുഖനിയിലേക്കുള്ള ഒരു യാത്രയുടെ വിവരണമാണിത്. ഉപ്പിൽ കൊത്തിയെടുത്ത ശില്പങ്ങളും, ഭൂമിക്കടിയിലെ അത്ഭുതമായ സെന്റ് കിംഗാ ചാപ്പലും, ഖനിത്തൊഴിലാളികളുടെ അധ്വാനത്തിൻ്റെയും കലയുടെയും ചരിത്രവും ഈ യാത്രയിൽ അനാവരണം ചെയ്യുന്നു. ശാന്തമായ ബോച്‌നിയ ഖനിയുടെ അനുഭവങ്ങളും ഇതിൽ പങ്കുവെക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രാക്കോവിന്‍റെ പ്രഭാതത്തിന് ഒരു പ്രത്യേക നിറമുണ്ട്. ആയിരക്കണത്തിന് നൂറ്റാണ്ടുകളുടെ ചരിത്രത്തിന്‍റെ മണവും യൂറോപ്യൻ നഗരങ്ങളുടെ ശാന്തതയും കലർന്ന ആ നഗരം പിന്നിലാക്കി ഞങ്ങളുടെ വാഹനം തെക്കോട്ടു നീങ്ങുമ്പോൾ, ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ ഭൂഗർഭ ലോകങ്ങളിലൊന്നാണ് കാത്തിരിക്കുന്നതെന്ന ചിന്ത തന്നെ യാത്രയെ ആവേശകരമാക്കി.

(ക്രാക്കോവ് നഗരം)

അതൊരു സാധാരണ ഖനിയല്ല. ഏഴുനൂറ്റാണ്ടിലേറെ മനുഷ്യപ്രയത്‌നത്തിന്റെ കഥ ഉറങ്ങിക്കിടക്കുന്ന, യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വീലിസ്‌ക റോയൽ സാൾട്ട് മൈൻ.

പ്രവേശന കവാടത്തിലെത്തിയപ്പോൾ ഒരു ഗൈഡ് ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഇനി നിങ്ങൾ ഇറങ്ങുന്നത് ഒരു ഖനിയിലേക്കല്ല... ചരിത്രത്തിലേക്കാണ്."

അത് വെറും സ്വാഗതവാക്കല്ലെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല.

ആദ്യ പടി... പിന്നെ എണ്ണമറ്റ പടികൾ

മരത്തിൽ തീർത്ത ഇടുങ്ങിയ പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങിത്തുടങ്ങി. ഒന്ന്... രണ്ട്... നൂറ്... അഞ്ഞൂറ്... ഒടുവിൽ എണ്ണമറ്റ പടികൾ പിന്നിട്ടപ്പോൾ ഭൂമിക്കടിയിലെ തണുത്ത വായു മുഖത്തടിച്ചു.

മുകളിൽ വേനൽച്ചൂടായിരുന്നെങ്കിലും താഴെ സ്ഥിരമായി 14 ഡിഗ്രി സെൽഷ്യസ്. കാലാവസ്ഥ മാത്രമല്ല മാറിയത്. സമയം പോലും പിന്നിലേക്ക് സഞ്ചരിച്ചുവെന്ന തോന്നൽ.

ചുമരിൽ കൈവെച്ചപ്പോൾ ഗൈഡ് ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഇത് കല്ലല്ല... ഉപ്പാണ്."

വിശ്വസിക്കാൻ പ്രയാസം. ചുറ്റുമുള്ള ചുമരുകളും നിലവും മേൽക്കൂരയും—എല്ലാം കോടിക്കണക്കിന് വർഷം പഴക്കമുള്ള പാറയുപ്പ്. നൂറ്റാണ്ടുകളായി ഇവിടെ ജോലി ചെയ്തിരുന്ന ഖനിത്തൊഴിലാളികൾ അവരുടെ ഒഴിവുസമയങ്ങളിൽ ഉപ്പുപാറകളിൽ കൊത്തിയെടുത്ത അമ്പരപ്പിക്കുന്ന ശില്പങ്ങൾ.

ഉപ്പിൽ തീർത്ത ഒരു ദേവാലയം

വീലിസ്‌കയിലെ ഏറ്റവും വലിയ അത്ഭുതം മുന്നിലുണ്ടായിരുന്നു.

സെന്‍റ് കിംഗ ചാപ്പൽ

ഒരു ഖനിയുടെ ഉള്ളിൽ ഇത്രയും മനോഹരമായ ഒരു ദേവാലയം ഉണ്ടാകുമെന്ന് ആരും കരുതില്ല. ഈ St. Kinga's Chapel ആണ് ഖനിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 101 മീറ്റർ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന ഈ ചാപ്പലിൽ വൻ ബലിപീഠം, ഭിത്തികളിലെ ശില്പങ്ങൾ, നിലത്തിലെ കൊത്തുപണികൾ, മേൽക്കൂരയിൽ തൂങ്ങിയ ചാൻഡിലിയറുകൾ...എല്ലാം ഉപ്പു കല്ലിൽ പണിതവ. ഉപ്പുപാളികളിൽ കൊത്തിയെടുത്ത അന്ത്യത്താഴ ശില്പം (The Last Supper) പ്രത്യേക ശ്രദ്ധ നേടുന്നു.

എല്ലാം ഉപ്പ്.

അതെ, സർവ്വവും.

നൂറ്റാണ്ടുകളോളം ഭൂമിക്കടിയിൽ ജോലി ചെയ്ത ഖനിത്തൊഴിലാളികൾ അവരുടെ വിശ്വാസവും കൈവഴക്കവും ചേർത്ത് ഉപ്പിൽ തീർത്ത മഹത്തായ കലാസൃഷ്ടി.

ചാൻഡിലിയറുകളിൽ നിന്ന് വീഴുന്ന വെളിച്ചം ഉപ്പുപരലുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ അത് ഒരു ഭൂഗർഭ കത്തീഡ്രലല്ല, മറ്റൊരു ലോകമാണെന്ന് തോന്നും.

ഇരുട്ടിനെ തോൽപ്പിച്ച മനുഷ്യർ

വീലിസ്‌ക വെറും വിനോദ സഞ്ചാര കേന്ദ്രമല്ല. പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ തുടർച്ചയായി പ്രവർത്തിച്ച യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ വ്യാവസായിക സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.

245 കിലോമീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ.

ഒമ്പത് ഭൂഗർഭ നിലകൾ.

327 മീറ്റർ ആഴം.

ഇതെല്ലാം ആധുനിക യന്ത്രങ്ങളില്ലാതെ, മനുഷ്യന്റെ കൈകളും മനസ്സും കൊണ്ട് നിർമ്മിച്ചതാണെന്ന വസ്തുതയാണ് ഏറ്റവും വലിയ അത്ഭുതം.

ഉപ്പിന്‍റെ തടാകങ്ങളും നിശ്ശബ്ദതയുടെ സംഗീതവും

യാത്ര തുടരുമ്പോൾ ഭൂഗർഭ തടാകങ്ങൾ പ്രത്യക്ഷപ്പെട്ടു. പച്ചനിറം കലർന്ന വെള്ളം അത്രയും ശാന്തം. ഒരു തുള്ളി വീണാൽ പോലും ശബ്ദം വളരെ ദൂരം സഞ്ചരിക്കുന്നതുപോലെ. പ്രകാശത്തിന്‍റെ പ്രതിഫലനം കാരണം ഈ തടാകങ്ങൾ അതിമനോഹരമായി കാണപ്പെടുന്നു. ചില ഭാഗങ്ങളിൽ വെള്ളം അത്രയും ഉപ്പുള്ളതാണ്, അതിൽ മനുഷ്യശരീരം എളുപ്പത്തിൽ പൊങ്ങിക്കിടക്കും.

പഴയകാലത്ത് ഇവിടെ ചെറുബോട്ടുകളിൽ സഞ്ചാരികളെ കൊണ്ടുപോയിരുന്നുവെന്ന് ഗൈഡ് പറഞ്ഞു.

700 വർഷത്തിലേറെക്കാലം പോളണ്ടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ഈ ഖനി. "വെളുത്ത സ്വർണം" എന്നറിയപ്പെട്ടിരുന്ന ഉപ്പ് മധ്യകാല യൂറോപ്പിൽ വലിയ സമ്പത്തിന്റെ ഉറവിടമായിരുന്നു. ഖനിയിൽ ജോലി ചെയ്ത തൊഴിലാളികൾ അത്യന്തം കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ജീവിതം നയിച്ചത്. അവരുടെ വിശ്വാസവും കലാപ്രതിഭയും അധ്വാനവും ഇന്നും ഈ ഖനിയിലെ ഓരോ മതിലിലും കാണാം

അൽപം അകലെ ഖനിത്തൊഴിലാളികളുടെ പ്രതിമകൾ.

ചിലത് വിശുദ്ധരുടെ രൂപങ്ങൾ.

ചിലത് തൊഴിലാളികളുടെ ജീവിതം.

എല്ലാം ഉപ്പിൽ കൊത്തിയത്.

ഓരോ ശില്പവും പറയുന്നത് ഒരേയൊരു കഥ—

"ഞങ്ങൾ ഉപ്പ് മാത്രമല്ല, ചരിത്രവും കൊത്തിയെടുത്തു."

ബോച്‌നിയ... ശാന്തമായ സഹോദരൻ

വീലിസ്‌കയുടെ തിരക്കിൽ നിന്ന് മാറി ബോച്‌നിയയിലെത്തുമ്പോൾ അനുഭവം മാറുന്നു.

വിനോദസഞ്ചാരികളുടെ ബഹളത്തേക്കാൾ ചരിത്രത്തിന്റെ ശബ്ദമാണ് ഇവിടെ കൂടുതൽ കേൾക്കുന്നത്.

മൾട്ടിമീഡിയ അവതരണങ്ങൾ, ഹോളോഗ്രാഫിക് ദൃശ്യങ്ങൾ, രാജകുമാരി കിംഗയുടെ ഇതിഹാസം, ഭൂഗർഭ തടാകത്തിലൂടെയുള്ള ബോട്ട് യാത്ര...

ഖനിക്കുള്ളിലെ വായുവിൽ പൊടിപടലങ്ങളും മലിനീകരണവും വളരെ കുറവാണ്. ഉപ്പിന്റെ സാന്നിധ്യം കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഇവിടെ ചെലവഴിക്കുന്ന സമയം ആശ്വാസകരമാണെന്ന് കരുതപ്പെടുന്നു. അതിനാൽ ഖനിക്കുള്ളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ബോച്‌നിയ കൂടുതൽ ആത്മബന്ധമുള്ള ഒരു അനുഭവം സമ്മാനിക്കുന്നു.

ഇവിടെ ഓരോ ഇടനാഴിയും മധ്യകാല യൂറോപ്പിലേക്കുള്ള ഒരു വാതിൽപോലെയാണ്.

ഭൂമിക്കടിയിൽ നിന്ന് വീണ്ടും സൂര്യപ്രകാശത്തിലേക്ക്...

ലിഫ്റ്റിലൂടെ വീണ്ടും മുകളിലേക്ക് ഉയരുമ്പോൾ ഒരുതരം നിശ്ശബ്ദത മനസ്സിലുണ്ടായിരുന്നു.

നൂറുകണക്കിന് വർഷങ്ങളായി ആയിരക്കണക്കിന് മനുഷ്യർ ഇറങ്ങിയ അതേ വഴിയിലൂടെയാണ് ഞാനും മടങ്ങുന്നത്.

മുകളിൽ സൂര്യൻ പഴയതുപോലെ തന്നെ പ്രകാശിക്കുന്നു.

പക്ഷേ, എന്നിൽ എന്തോ മാറിയിരുന്നു.

ഒരു ഖനി കണ്ടുവെന്ന തോന്നലല്ല അത്.

മനുഷ്യന്റെ അധ്വാനം, വിശ്വാസം, കല, ശാസ്ത്രം—ഇവയെല്ലാം ഭൂമിയുടെ ഹൃദയത്തിൽ കൊത്തിവെച്ച ഒരു മഹാകാവ്യം കണ്ടുവെന്ന അനുഭവം.

വീലിസ്‌ക നമ്മെ പഠിപ്പിക്കുന്നത് ഉപ്പ് എങ്ങനെ ഖനനം ചെയ്യാം എന്നതല്ല.

മറിച്ച്, മനുഷ്യൻ തന്റെ കൈകൾ കൊണ്ട് ഭൂമിയുടെ ആഴങ്ങളിൽ പോലും സൗന്ദര്യം എങ്ങനെ സൃഷ്ടിക്കാമെന്നതാണ്. ഭൂമിയുടെ ആഴങ്ങളിൽ മനുഷ്യന്റെ അധ്വാനവും കലയും ചരിത്രവും എങ്ങനെ ഒന്നിച്ചുചേരുന്നു എന്നതിന്റെ അപൂർവ ഉദാഹരണമാണ് ഈ ഉപ്പിന്റെ ഭൂഗർഭ രാജ്യം.