'30 വർഷം കഴിഞ്ഞാലും മലയാളിയുടെ തീൻമേശയിൽ ബിരിയാണിക്ക് സ്ഥാനമുണ്ടാവും'; മലയാളിയുടെ രുചിഭേദങ്ങൾ

Published : Nov 28, 2026, 11:20 PM IST
AGORA 26

Synopsis

ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ 'ആരുടെ രുചിക്കൂട്ട്' എന്ന പേരിൽ ചർച്ച നടന്നു. മലയാളിയുടെ ഭക്ഷണസംസ്കാരം, വൈവിധ്യങ്ങൾ, വ്ലോഗുകൾ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് എബിൻ ജോസ്, അബിദ റഷീദ്, നിമി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ മുരളീധരൻ ചർച്ച മോഡറേറ്റ് ചെയ്തു.

മലയാളിയെ സംബന്ധിച്ചിടത്തോളം സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുക എന്നത് വിട്ടുവീഴ്ച്ചയില്ലാത്ത കാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ്. അതും തനതായ മലയാളിയുടെ ഭക്ഷണം എന്നത് ഭൂരിപക്ഷം പേർക്കും നിർബന്ധമാണ്. എന്നാൽ എന്താണ് മലയാളിയുടെ ഭക്ഷണം? ആരാണ് നമ്മുടെ രുചിയെ തീരുമാനിക്കുന്നത്? പലനാട്ടിലും ഒരുപേരിലുള്ള ഭക്ഷണത്തിന്റെ രുചിക്കൂട്ടുകൾ വ്യത്യസ്തമാണ്. ആറ് മലയാളികൾക്ക് നൂറ് ഭാഷ എന്ന് പറയുന്ന പോലെ ഓരോ നാട്ടിലും പല രുചികളും പല രുചിക്കൂട്ടുകളുമാണ് നിലനിൽക്കുന്നത്. കാലം ചെല്ലുംതോറും അതിലെല്ലാം പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച അഗോറയിൽ ഇന്ന് വ്യത്യസ്തമായ ഒരു ചർച്ച നടന്നു. 'ആരുടെ രുചിക്കൂട്ട്' എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ അബിദ റഷീദ്, നിമി സുരേന്ദ്രൻ, എബിൻ ജോസ് എന്നിവരാണ് പാനലിസ്റ്റുകളായി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ മുരളികൃഷ്ണ മാലോത്ത് ആയിരുന്നു ചർച്ച മോഡറേറ്റ് ചെയ്തത്.

ഒരു ട്രാവൽ കണ്ടന്റ് ക്രിയേറ്ററും ഭക്ഷണം, യാത്ര, വൈവിധ്യമാർന്ന സംസ്കാരങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്ന മലയാളം പ്ലാറ്റ്‌ഫോമായ 'ഫുഡ് എൻ ട്രാവൽ' എന്ന യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന വ്‌ളോഗറുമാണ് എബിൻ ജോസ്. മാനേജ്‌മെന്റ് വിദ്യാഭ്യാസം പൂർത്തിയാക്കി മാർക്കറ്റിങ് മേഖലയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വികസനശാസ്ത്ര മേഖലയിലേക്ക് ചുവടുമാറി. ആഫ്രിക്കയിലെ ഒരു സന്നദ്ധ വികസന സംഘടനയുമായി 15 വർഷത്തിലേറെ പ്രവർത്തിച്ചതുൾപ്പെടെ 21 രാജ്യങ്ങളിൽ അദ്ദേഹം പ്രവർത്തനപരിചയം നേടി. 2016-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ എബിൻ, യാത്രയോടുള്ള തന്റെ അഭിനിവേശത്തെ കഥപറച്ചിലിന്റെ വേറിട്ടൊരു വഴിയാക്കി മാറ്റുകയായിരുന്നു. തുടക്കത്തിൽ 'ജോണ്ട് മങ്കി' (Jaunt Monkey) എന്ന പ്ലാറ്റ്‌ഫോമിലൂടെയും പിന്നീട് 'ഫുഡ് എൻ ട്രാവൽ' എന്ന സംരംഭത്തിലൂടെയുമാണ് ഈ യാത്ര തുടർന്നത്. ഓരോ പ്രദേശത്തിന്റെയും തനിമയാർന്ന അനുഭവങ്ങൾ, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ, അധികമാരും അറിയാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ, മനുഷ്യരുടെയും സംസ്കാരങ്ങളുടെയും കൗതുകകരമായ കഥകൾ എന്നിവയാണ് തന്റെ സൃഷ്ടികളിലൂടെ എബിൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

മലബാറിന്റെ തനതായ പാചകപാരമ്പര്യത്തോട് ആഴത്തിലുള്ള ബന്ധം പുലർത്തുന്ന സെലിബ്രിറ്റി ഷെഫും എ.ആർ ഫുഡ്‌സിന്റെ സ്ഥാപകയുമാണ് അബിദ റഷീദ്. മലബാറിന്റെ ഹൃദയഭാഗത്ത് വളർന്ന അവർ ചെറുപ്പം മുതലേ പാചകത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ടെക്സ്റ്റൈൽ ബിസിനസ് രംഗത്ത് വിജയകരമായ കരിയർ കെട്ടിപ്പടുത്തെങ്കിലും, ഒടുവിൽ സ്വന്തം വേരുകളായ ഭക്ഷണത്തിന്റെയും പാചകത്തിന്റെയും ലോകത്തേക്ക് അവർ മടങ്ങിയെത്തുകയായിരുന്നു.

പരമ്പരാഗത പാചകക്കുറിപ്പുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലക്കൂട്ടുകൾ, അച്ചാറുകൾ, പലഹാരങ്ങൾ എന്നിവയിലൂടെ മലബാറിന്റെ സമ്പന്നമായ പാചകപൈതൃകം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ് അവരുടെ പ്രവർത്തനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. തലമുറകളായി കൈമാറിവന്ന പാചകക്കുറിപ്പുകളും രീതികളും അടിസ്ഥാനമാക്കി, മലബാറിന്റെ തനതായ രുചികളും പാചകരീതികളും ഉൾക്കൊള്ളുന്ന സവിശേഷമായൊരു പാചകശൈലി രൂപപ്പെടുത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത മസാലക്കൂട്ടുകളും മറ്റ് മലബാർ ഭക്ഷ്യോൽപ്പന്നങ്ങളും നിർമിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ മലബാറിന്റെ തനതുരുചികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അബിദ. ഭക്ഷണപൈതൃകം, സംരംഭകത്വം, പാചകസംസ്കാരത്തിന്റെ കഥപറച്ചിൽ എന്നിവയെ സമന്വയിപ്പിക്കുന്ന അവരുടെ പ്രവർത്തനം, പരമ്പരാഗത പാചകക്കുറിപ്പുകൾ സംരക്ഷിക്കുന്നതിനൊപ്പം മലബാറിന്റെ സമ്പന്നമായ ഭക്ഷണസംസ്കാരം പുതുതലമുറ ഉപഭോക്താക്കൾക്കും പരിചയപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നു.

പുരസ്‌കാര ജേതാവായ പാചകപുസ്തക രചയിതാവും കേരളീയ ഭക്ഷണവിഭവങ്ങളുടെ കൺസൾട്ടന്റും പാചകപൈതൃകത്തിന്റെ ക്യൂറേറ്ററുമാണ് നിമി സുരേന്ദ്രൻ. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അവർ അഞ്ച് രാജ്യാന്തര പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്. ആഗോള വേദികളിൽ തത്സമയ പാചകപ്രദർശനങ്ങൾ അവതരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ തനതായ രുചികളും പാചകപാരമ്പര്യങ്ങളും വിവിധ രാജ്യങ്ങളിലെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിവരുന്നു.

'ലിപ് സ്മാക്കിങ് ഡിഷസ് ഓഫ് കേരള', '4 ഒ ക്ലോക്ക് ടെംപ്റ്റേഷൻസ് ഓഫ് കേരള' എന്നിവയാണ് അവരുടെ ശ്രദ്ധേയമായ പാചകപുസ്തകങ്ങൾ. കേരളത്തിന്റെ സമ്പന്നമായ പാചകപാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഈ പുസ്തകങ്ങൾക്ക് ഗോർമാൻഡ് വേൾഡ് കുക്ക്ബുക്ക് അവാർഡുകളിലൂടെ രാജ്യാന്തര അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഗവേഷണത്തിലൂടെയും രേഖപ്പെടുത്തലിലൂടെയും തലമുറകളായി കൈമാറിവന്ന പരമ്പരാഗത വീട്ടുപാചകക്കുറിപ്പുകളും പാചകവിജ്ഞാനവും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നിമി.

വിവിധ പ്രോജക്ടുകളുടെ ഭാഗമായി കേരളീയ ഭക്ഷണവിഭവങ്ങളിൽ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന അവർ, താജ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ഗസ്റ്റ് ഷെഫ് എന്ന നിലയിലും പ്രാദേശിക പാചകപാരമ്പര്യങ്ങളെ സമകാലിക ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധിപ്പിക്കുന്നു. 'മ്യൂസിയം ഓൺ എ ബനാന ലീഫ്', 'ദി അൺറിറ്റൺ മെനു' തുടങ്ങിയ വ്യത്യസ്തമായ പാചകാനുഭവങ്ങളുടെ ക്യൂറേഷനും നിമി നിർവഹിക്കുന്നു. ഭക്ഷണം, ചരിത്രം, കഥപറച്ചിൽ എന്നിവയെ സമന്വയിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളിലൂടെ വരുംതലമുറകൾക്കായി കേരളത്തിന്റെ സമ്പന്നമായ പാചകപൈതൃകം സംരക്ഷിക്കാനും സജീവമായി നിലനിർത്താനുമാണ് അവർ ശ്രമിക്കുന്നത്.

'30 വർഷം കഴിഞ്ഞാലും ബിരിയാണിയുണ്ടാവും'

ഭക്ഷണത്തെ കുറിച്ച് സംസാരിക്കാൻ മികച്ചൊരു പാനൽ തന്നെയായിരുന്നു 'ആരുടെ രുചിക്കൂട്ട്' എന്ന അഗോറ ചർച്ചയ്ക്ക് ലഭിച്ചത്. കാണികളുടെ ഇടപെടലുകളും സംവാദങ്ങളും നിറഞ്ഞ ചർച്ച ഭക്ഷണപ്രേമികളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നത് തന്നെയാണ് ഈ സെഷന്റെ ഏറ്റവും വലിയ പ്രത്യേകത. പലതരം ഭക്ഷ്യവിഭവത്തിന്റെയും ചിത്രങ്ങൾ സ്‌ക്രീനിൽ കാണിച്ചുകൊണ്ട്, ഓരോന്നും പ്രാദേശികമായി ഏത് പേരിലാണ് അറിയപ്പെടുന്നത് എന്നതായിരുന്നു മോഡറേറ്റർ ആദ്യം ഉന്നയിച്ച ചോദ്യം. കാണികളിൽ നിന്ന് വരെ വളരെ സജീവമായ പങ്കാദിത്തമായിരുന്നു ഉണ്ടായിരുന്നത്. ഓരോന്നിനും തങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നതെന്ന് നിരവധി പേർ വിളിച്ചുപറയുകയുണ്ടായി. കൂടെ കേരളത്തിന്റെ തനതായ ഭക്ഷണമെന്ന് നമ്മൾ കരുതി പോരുന്ന കപ്പ പോലെയുള്ള പല ജനകീയ വിഭവങ്ങളും നമ്മുടെ തനതായ ഭക്ഷണമല്ലെന്നും പാനലിസ്റ്റുകൾ ഓർമ്മിപ്പിക്കുകയുണ്ടായി.

അൻപത് വർഷം കഴിഞ്ഞാലും മലയാളിയുടെ തീന്മേശയിൽ നിലനിൽക്കുന്ന ഒരു ഭക്ഷണം ബിരിയാണി ആയിരിക്കാമെന്ന ശ്രദ്ധേയമായ നിരീക്ഷണം എബിനും അബിദയും ചൂണ്ടികാണിക്കുകയുണ്ടായി. അതേസമയം മുരിങ്ങിയില പോലുള്ള ഇലകൾ കൊണ്ടുള്ള വിഭവം മറ്റൊരു രൂപത്തിലായിരിക്കാം അൻപത് വർഷത്തിന് ശേഷം മലയാളിയുടെ തീന്മേശയിൽ കാണാൻ സാധിക്കുകയെന്നും അബിദ റഷീദ് ചൂണ്ടിക്കാട്ടി. കൂടാതെ ഫുഡ് വ്ലോഗർമാർ ചെയ്യുന്ന റീലുകളിലൂടെയും മറ്റും മലയാളിയുടെ ഭക്ഷണ സംസ്കാരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും കുട്ടികളുടെ അടക്കം ഭക്ഷണത്തിന്റെ ചോയ്സുകളിൽ ഇത്തരം പോപ്പുലർ കണ്ടന്റുകൾ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

എഴുത്തില്‍ കൂട്ടിന് എഐ, വിപണി കീഴടക്കാൻ പോപുലര്‍ ഫിക്ഷൻ, വായനയ്ക്ക് സോഷ്യൽ മീഡിയ; കാലത്തെ അതിജീവിക്കുക ഏത് കൃതി?
മലയാളിക്ക് ആയുസ്സുണ്ട്, ആരോഗ്യമുണ്ടോ? സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക് ദൂരമേറെ