അബൂബക്കറിന്റെ ജീവിതത്തിൽ ഒരു 'ചെറിയ' സന്തോഷവുമായി അരുന്ധതി റോയ് വന്നപ്പോൾ

By Babu RamachandranFirst Published Apr 23, 2019, 7:13 PM IST
Highlights

 കേരളത്തിലെ 'ലവ് ഇൻ ടോക്കിയോകൾ' കാലാതിവർത്തികളാണ്. ഇവിടത്തെ അറിയപ്പെടുന്ന ഏതൊരു A1  ലേഡീസ് സ്റ്റോറിൽ ചെന്ന് നിങ്ങൾ ചോദിച്ചാലും നിങ്ങൾക്ക് കിട്ടുന്നത് ഇതുമാത്രമാവും, ഒരു റബ്ബർ ബാൻഡിൽ കൊരുത്തിട്ട രണ്ടു റബ്ബർ മുത്തുകൾ 

  " റാഹേലിന്റെ മുടിയത്രയും ഏതുനേരവും ഒരു ഫൗണ്ടൻ പോലെ തലയ്ക്കു മേലെ എടുത്ത് കെട്ടി വെച്ചിരിക്കുകയാണ്. അതിനെ അതിന്റെ സ്ഥാനത്ത് നിലനിർത്തുന്നത് ഒരു 'ലവ് ഇൻ ടോക്കിയോ'യാണ്. ഒരു റബ്ബർ ബാൻഡിൽ കൊരുത്ത രണ്ടു പ്ലാസ്റ്റിക് മുത്തുകൾ. അതാണ്.. അത് മാത്രമാണ് 'ലവ് ഇൻ ടോക്കിയോ.' അല്ലാതെ അതിൽ 'ലവ്വോ', 'ടോക്കിയോ'യോ  ഒന്നുമില്ല. കേരളത്തിലെ 'ലവ് ഇൻ ടോക്കിയോകൾ' കാലാതിവർത്തികളാണ്. ഇവിടത്തെ അറിയപ്പെടുന്ന ഏതൊരു A1  ലേഡീസ് സ്റ്റോറിൽ ചെന്ന് നിങ്ങൾ ചോദിച്ചാലും നിങ്ങൾക്ക് കിട്ടുന്നത് ഇതുമാത്രമാവും, ഒരു റബ്ബർ ബാൻഡിൽ കൊരുത്തിട്ട രണ്ടു റബ്ബർ മുത്തുകൾ. "  

അരുന്ധതി റോയിയുടെ 'ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' - 'ചെറുതുകളുടെ ഉടയ തമ്പുരാൻ' എന്ന നോവലിലെ റാഹേൽ എന്ന കഥാപാത്രത്തെപ്പറ്റി പറഞ്ഞുപോവുന്ന ഭാഗത്ത് റാഹേലിന്റെ വസ്ത്രവിധാനത്തെയും കേശാലങ്കാരവിശേഷങ്ങളെയും പറ്റി പറയുന്നിടത്ത് അരുന്ധതി പറഞ്ഞുവെക്കുന്ന വിവരങ്ങളാണ് മേലെ കൊടുത്തിരിക്കുന്നത്. 

കോട്ടയത്തിനടുത്ത് തിരുനക്കര എന്ന സ്ഥലത്താണ് ഈ A1 ലേഡീസ് സ്റ്റോർ ഉള്ളത്. ഇന്ന് തിരുനക്കരെയുള്ള ഏറ്റവും പ്രസിദ്ധമായ ലേഡീസ് ഫാൻസി സ്റ്റാറാണ് A1. അരുന്ധതിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'Respectable' ആണ് തിരുനക്കരക്കാർക്ക് ഈ പീടിക. സ്ത്രീകൾക്കാവശ്യമുള്ള എന്ത് കോസ്‌മെറ്റിക് സാധനങ്ങളും ഇന്നിവിടെ കിട്ടും. A1 ലേഡീസ് സ്റ്റാറിന്റെ ഇന്നത്തെ സ്റ്റാറ്റസിന് പിന്നിൽ കനിയപ്പ എന്ന ഒരു വ്യാപാരിയുടെ അരനൂറ്റാണ്ടത്തെ അദ്ധ്വാനമുണ്ട്. 

ലേഡീസ് സ്റ്റോർ എന്ന സങ്കൽപം കേരളത്തിന്റെ മണ്ണിൽ കാലെടുത്തു വെക്കും മുമ്പേ കോട്ടയത്തെ പെണ്ണുങ്ങളെ മൊഞ്ചത്തിമാരാക്കി നിർത്തിയിരുന്നു കനിയപ്പയും കനിയപ്പയുടെ മെയ്ക്ക് ആപ്പ് സാധനങ്ങളും. കരിവളയും കുപ്പി വളയും, ചീപ്പും, കണ്ണാടിയും ഒക്കെയായി അന്ന് ഉത്സവപ്പറമ്പുകൾ തോറും നാടുചുറ്റി കനിയപ്പ. മേളങ്ങളൊഴിഞ്ഞ പഞ്ഞക്കളങ്ങളിൽ നാടെങ്ങും തന്റെ പെട്ടിയുമായി നടന്നു വെയിലുകൊണ്ടു മടുത്തപ്പോഴാണ് കനിയപ്പ ഒരിടത്ത് കുറ്റിയടിക്കാം എന്ന് തീരുമാനിക്കുന്നത്. 

1969 -ൽ തിരുനക്കര ഒരു ബസ്റ്റാന്റ് കെട്ടിടം വന്നപ്പോൾ, കനിയപ്പയും ഒരു കട അവിടെ വാടകയ്‌ക്കെടുത്തു.  A1ലേഡീസ് സ്റ്റോർ എന്നപേരിൽ അദ്ദേഹം അവിടെ ഒരു ഫാൻസി സ്റ്റോർ തുടങ്ങി. നാടകങ്ങൾ ധാരാളം നടന്നിരുന്ന അക്കാലത്ത് മെയ്ക്ക് അപ്പ് സാമഗ്രികൾക്കായി പ്രദേശവാസികളെല്ലാം അദ്ദേഹത്തെ ആശ്രയിച്ചു. മെല്ലെ മെല്ലെ A1 വളർന്നു. 

1966 -ൽ പുറത്തുവന്ന ഒരു ബോളിവുഡ് ചിത്രമായിരുന്നു 'ലവ് ഇൻ ടോക്കിയോ'. ആ ചിത്രത്തിൽ ആശാ പരേഖിന്റെ മുടിയെ പോണിടെയിൽ ആയി കെട്ടി നിർത്തിയത് ഒരു റബ്ബർബാൻഡിൽ കോർത്തിട്ട രണ്ടു പ്ലാസ്റ്റിക് മുത്തുകളായിരുന്നു. സിനിമയ്ക്കൊപ്പം ആ ഉത്പന്നവും മാർക്കറ്റിലെത്തിയപ്പോൾ അവർ അതിനെ 'ലവ് ഇൻ ടോക്കിയോ' എന്ന് പേരിട്ടു വിളിച്ചു. ആ പേര് പ്രസിദ്ധമായി. അത് A1 ലേഡീസ് സ്റ്റോർ വഴി കേരളത്തിലുമെത്തി. 

എഴുപതുകളിലും എൺപതുകളിലും ആ പേരിൽ തന്നെ അതറിയപ്പെട്ടു. അയ്മനത്തെ തന്റെ കുടുംബ വീട്ടിൽ ചെലവിട്ട തന്റെ ബാല്യകാലത്താവും അരുന്ധതി റോയി A1 ലേഡീസ് സ്റ്റോറും, അവിടത്തെ ലവ് ഇൻ ടോക്കിയോയും ഒക്കെ പരിചയിക്കുന്നത്. അതിനെ മനസ്സിലേക്കെടുക്കുന്നതും. പിൽക്കാലത്ത് തന്റെ നോവലിൽ ആ പേരുപയോഗിക്കുന്നതും.

അമ്പതുകൊല്ലത്തിനിപ്പുറം, A1ലേഡീസ് സ്റ്റോർ പൂർണ്ണമായും നവീകരിച്ചപ്പോൾ അതിന്റെ ഉദ്ഘാടനത്തിന് മറ്റൊരാളുടെ പേരും ഇപ്പോഴത്തെ ഉടമയും കനിയപ്പയുടെ മകനുമായ അബൂബക്കറിന്റെ മനസ്സിലേക്കെത്തിയില്ല. എന്തുപറയും എന്നൊരു ചെറിയ സന്ദേഹത്തോടെ തന്നെ അദ്ദേഹം അരുന്ധതിയുമായി ബന്ധപ്പെട്ടു. അത്ഭുതമെന്ന് പറയട്ടെ, കോട്ടയത്ത് വരുമ്പോൾ തീർച്ചയായും വരാമെന്ന്  അരുന്ധതി റോയ് സമ്മതിച്ചു. 

അങ്ങനെ കാത്തിരിപ്പിനൊടുക്കം കഴിഞ്ഞ ദിവസം ആ ശുഭദിനവും വന്നെത്തി. തെരഞ്ഞെടുപ്പുകളുടെ പേരിൽ നടക്കുന്ന തമ്മിൽത്തല്ലിന്റെ ഇക്കാലത്ത്, ഇത്തരത്തിലുള്ള ചെറിയ ചെറിയ സന്തോഷങ്ങളാണ് തന്റെ ജീവിതത്തെ സാർത്ഥകമാക്കുന്നതെന്ന് അരുന്ധതി ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു എന്ന് അബൂബക്കർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ആ ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

click me!