
ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'അഗോറ' (Agora) കോൺക്ലേവിന്റെ ഭാഗമായി നടന്ന "Why Local Stories Matters?" എന്ന സെഷൻ, പ്രാദേശികമായ കഥകൾക്ക് ആഗോളതലത്തിലുള്ള പ്രസക്തിയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾക്ക് വേദിയായി. സാഹിത്യലോകത്തെ പ്രമുഖരായ രണ്ട് വ്യക്തിത്വങ്ങളാണ് ഈ സെഷനിൽ പങ്കെടുത്തത്. Tomb of Sand എന്ന നോവലിലൂടെ 2022-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ പ്രശസ്ത എഴുത്തുകാരി ഗീതാഞ്ജലി ശ്രീ ആയിരുന്നു സെഷനിലെ പ്രധാന ആകർഷണം. ഭാഷയുടെയും ആഖ്യാനത്തിന്റെയും നൂതനമായ ഉപയോഗത്തിലൂടെ ശ്രദ്ധേയയായ ഇവർ അഞ്ച് നോവലുകളും അഞ്ച് കഥാസമാഹരങ്ങളും രചിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള 'വിവാദി' എന്ന നാടകസംഘത്തിന്റെ സ്ഥാപക അംഗം കൂടിയായ ഗീതാഞ്ജലി ശ്രീയുമായി അഗോറയ്ക്ക് വേണ്ടി അഭിമുഖ സംഭാഷണം നടത്തിയത് എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സുനീത ബാലകൃഷ്ണനാണ്. പ്രാദേശികമായി ഉരുത്തിരിയുന്ന കഥകളുടെ/ സാഹിത്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സുനീത ബാലകൃഷ്ണനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
ആഗോളവൽക്കരണവും ഡിജിറ്റൽ സാങ്കേതികവിദ്യയും ലോകത്തെ ഒരൊറ്റ ഗ്രാമമാക്കി മാറ്റിയ കാലഘട്ടത്തിൽ, പ്രാദേശികമായി ഉരുത്തിരിയുന്ന കഥകളുടെ പ്രസക്തി ഏറുകയാണ്. പൊതുവായ ആഖ്യാനങ്ങൾക്കും ഏകീകൃത സംസ്കാരങ്ങൾക്കുമിടയിൽ, ഓരോ മണ്ണിന്റെയും തനിമയും സത്യസന്ധതയും വിളിച്ചോതുന്ന കഥകളാണ് മനുഷ്യാനുഭവങ്ങളുടെ യഥാർത്ഥ മുഖം കാട്ടിത്തരുന്നത്. ഓരോ പ്രദേശത്തിനും അതിന്റേതായ ഭാഷയും, സംസ്കാരവും, ചരിത്രവും, ജീവിതശൈലിയുമുണ്ട്. ഒരു പ്രത്യേക ഗ്രാമത്തിന്റേയോ നഗരത്തിന്റേയോ സൂക്ഷ്മമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന കഥകൾക്ക് അവിടുത്തെ മനുഷ്യരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന സ്വാഭാവികതയുണ്ടാകും. പുറത്തുനിന്നുള്ള കാഴ്ചപ്പാടുകളേക്കാൾ, ആ മണ്ണിൽ ജീവിക്കുന്നവരുടെ അനുഭവങ്ങളാണ് കഥകളെ കൂടുതൽ ആഴമുള്ളതാക്കുന്നത്.
ഏറ്റവും പ്രാദേശികമായ കഥകളിലാണ് പലപ്പോഴും ഏറ്റവും വലിയ സാർവത്രികത ഒളിഞ്ഞിരിക്കുന്നത്. പ്രണയവും, നഷ്ടബോധവും, പോരാട്ടങ്ങളും, പ്രതീക്ഷകളും മനുഷ്യർക്ക് എല്ലായിടത്തും ഒരുപോലെയാണ്. എന്നാൽ അവ ആവിഷ്കരിക്കപ്പെടുന്ന രീതികളും പശ്ചാത്തലവുമാണ് വ്യത്യസ്തമാകുന്നത്. ഒരു ചെറിയ പ്രദേശത്തെ മനുഷ്യന്റെ സങ്കടമോ സന്തോഷമോ ലോകത്തിന്റെ ഏത് കോണിലുള്ള വായനക്കാരനെയും സ്പർശിക്കുന്നത് അതുകൊണ്ടാണ്.
എല്ലാ കഥകളും പ്രാദേശികമായിത്തന്നെ ഉരുത്തിരിയുന്നവയാണെന്നാണ് ഗീതാഞ്ജലി ശ്രീ പറയുന്നത്. എല്ലാം കഥകൾക്കും അതു നിലനില്‍ക്കുന്ന ഒരു ജോഗ്രഫി-പ്രദേശം ഉണ്ടാവും. ലോകോത്തരമായ എല്ലാ കഥകളും പ്രാദേശികമായി രൂപപ്പെട്ടതായിരിക്കും. രാമായണത്തെ ഉദാഹരിച്ചു കൊണ്ട് ഗീതാഞ്ജലി പറഞ്ഞത് ഇങ്ങനെയാണ്- രാമായണം പോലും നോക്കൂ. ഒരു കുടുംബത്തിന്റെ കഥയാണ്, ഒരു സാധാരണ നാട്ടില്‍ നടന്ന അച്ഛന്റെ, അമ്മയുടെ, മകന്റെ, ഭാര്യയുടെ, സഹോദരങ്ങളുടെ കഥ. അത് പക്ഷേ ഏത് തലത്തിലാണ് നില്‍ക്കുന്നതെന്ന് നോക്കൂ. നല്ല കഥകൾ സാഹിത്യ ലോകം ചർച്ച ചെയ്യും. പ്രചരിക്കും. യൂണിവേഴ്സൽ റീഡേഴ്സിനെ ലഭിക്കും. അത് നല്ല കഥ-നല്ല സാഹിത്യം ആയതുകൊണ്ടാണ്. പക്ഷേ അതിന്റെ വേര് പ്രാദേശികം തന്നെയാണ്. അതിന് ഒരു യൂണിവേഴ്സൽ ആക്സപ്റ്റൻസ് ലഭിക്കുന്നൂ എന്നുമാത്രം. ഒരു അരുവി പുഴയാകുന്നതും പുഴ കൈവഴികളാകുന്നതും കൈവഴികളായൊഴുകി സമുദ്രമാകുന്നതുപോലെയും ഉള്ള ഒരു പ്രക്രിയയാണത്. എല്ലാ കഥകളും 'Local'ആണ്. അതില്‍ നല്ല കഥകൾ 'more than local' ആകുന്നു. അതാണ് സാഹിത്യത്തിന്റെ ശക്തി. എന്റെ രചനകളെല്ലാം ആശയം കൊണ്ടും ജോഗ്രഫി കൊണ്ടും അങ്ങനെയുള്ളതാണ്. എന്റെ മായി എന്ന നോവല്‍ പരിശോധിക്കുകയാണെങ്കിൽ വളരെ പ്രാദേശികമായ ഒരു കഥയാണത്. ഒരമ്മയുടെ ത്യാഗത്തെപറ്റി പറയുന്ന കഥ. എന്നാല്‍ വളരെ പ്രാദേശികമായ അടിത്തറയുള്ള ഒരു കഥയ്ക്ക് എങ്ങനെ ലോകോത്തരമാകാം എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ആ നോവൽ. യൂറോപ്പ്യൻ രാജ്യങ്ങളില്‍ ആ നോവലിന് വലിയ അംഗീകാരം ലഭിച്ചു. ഞാൻ ആലോചിച്ചു ഇത്രയും പ്രാദേശികമായ കഥയ്ക്ക് എന്താണ് ഇത്രവലിയ പ്രാധാന്യവും അഭിനന്ദനങ്ങളും ലഭിക്കുന്നതെന്ന്. ഒരു ജർമ്മൻ പൗരൻ എന്നോട് വന്ന് പറഞ്ഞത് I learn to respect my mother after reading this എന്നാണ്. ആ രീതിയിലാണ് സാഹിത്യം വ്യാപിക്കുന്നതും അംഗീകരിക്കപ്പെടുന്നതും.
കാലം മാറുന്നതിനനുസരിച്ച് പല പഴയ ജീവിതരീതികളും, നാട്ടുഭാഷകളും, കലാരൂപങ്ങളും, ചരിത്രസംഭവങ്ങളും വിസ്മൃതിയിലേക്ക് ആണ്ടുപോകാം. പ്രാദേശിക കഥകൾ അത്തരം ഓർമ്മകളെ സംരക്ഷിക്കാനുള്ള മാധ്യമങ്ങളാണ്. ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത സാധാരണക്കാരുടെ ജീവിതവും ചെറുത്തുനിൽപ്പുകളും അടയാളപ്പെടുത്താൻ ഇവ സഹായിക്കുന്നു. മാതൃഭാഷയുടെയും നാട്ടുഭാഷകളുടെയും താളവും ശക്തിയും നിലനിൽക്കുന്നത് പ്രാദേശിക ആഖ്യാനങ്ങളിലൂടെയാണ്. ഒരു ഭാഷയിലെ സൂക്ഷ്മഭാവങ്ങൾ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോഴും, ആ കഥയുടെ വേരുകൾ പ്രാദേശികമായി തന്നെ നിലനിൽക്കുന്നു. ഇത് വൈവിധ്യമാർന്ന സംസ്കാരങ്ങളെ പരസ്പരം അറിയാനും ബഹുമാനിക്കാനും സഹായിക്കുന്നു.
വലിയ വാർത്തകൾക്കും ആഗോളതലത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങക്കും ഇടയിൽ, സാധാരണ മനുഷ്യരുടെ ചെറിയ കഥകൾ കാണാതെ പോകരുത്. സാഹിത്യത്തിലായാലും മാധ്യമപ്രവർത്തനത്തിലായാലും, പ്രാദേശിക കഥകൾക്ക് ഇടം നൽകുന്നത് ജനാധിപത്യപരമായ ഒരു മൂല്യം കൂടിയാണ്. അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള കഥകൾക്കപ്പുറം, താഴെത്തട്ടിലുള്ളവരുടെ ശബ്ദങ്ങൾ കേൾക്കാൻ ഇത് സമൂഹത്തെ പ്രേരിപ്പിക്കുന്നു. പ്രാദേശിക കഥകൾ വെറും വിനോദത്തിനോ ഭൂതകാല സ്മരണകൾക്കോ വേണ്ടിയുള്ളതല്ല. മറിച്ച്, വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ ലോകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും, മനുഷ്യത്വത്തെ ചേർത്തുപിടിക്കാനുമുള്ള അനിവാര്യമായ കണ്ണാടികളാണവ.