രാഷ്ട്രീയം പകപോക്കാനുള്ള ഇടമല്ലെന്നും പരസ്പരം സഹായിക്കാനുള്ള വേദിയാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരൻ വധം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഏറ്റവും നോവുന്ന ഓർമ്മയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനം കുറയുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാഷ്ട്രീയം പകപോക്കാനുള്ള ഇടമല്ലെന്നും പരസ്പരം സഹായിക്കാനുള്ള വേദിയാണെന്നും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പക തീർക്കാൻ ഗുണ്ടാസംഘങ്ങൾ മതിയാകുമെന്നും ശുദ്ധമനസ്സോടെ ജനങ്ങളോട് ഇടപെട്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനും ടി പിയും പഠിച്ച സ്കൂൾ രണ്ടാണ് എന്നേ ഉള്ളൂ, പഠിച്ച സിലബസ് ഒന്നാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഗോറ വേദിയിൽ നിഷാന്ത് മാവിലവീട്ടിലുമായുള്ള സെഷനിൽ അദ്ദേഹം പറഞ്ഞു. 17-ഓളം വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഒരു വകുപ്പിലും തനിക്കെതിരെ കറുത്ത പുള്ളികൾ ഉണ്ടായിട്ടില്ല. എന്നാൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലഘട്ടത്തിലെ ഏറ്റവും നോവുന്ന ഓർമ്മ ടി പി ചന്ദ്രശേഖരൻ വധമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. ടി പി വധത്തിന്‍റെ അന്വേഷണത്തിൽ നടത്തിയ അതിവേഗ ഇടപെലുകളും അതുകൊണ്ട് പ്രതികളെ വേഗത്തിൽ പിടികൂടാൻ സാധിച്ച കാര്യവും അദ്ദേഹം ഓർത്തെടുത്തു.

സോളാർ കേസ് നിലവിൽ തനിക്ക് അടഞ്ഞ അധ്യായമാണ്. പ്രതിയെ അറസ്റ്റ് ചെയ്യാൻ മന്ത്രിയുടെ ഓഫീസിൽ നിന്നല്ല ഉത്തരവിടുന്നത്, മറിച്ച് പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. താൻ ഒരു കേസിലും അനാവശ്യമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് ശതമാനം കുറയുന്നത് ആശങ്കാജനകമാണ്. വോട്ടർമാരുടെ താൽപര്യം വർദ്ധിപ്പിക്കുകയും കുട്ടികളെ ജനാധിപത്യ പ്രക്രിയയിലേക്ക് അടുപ്പിക്കുകയും വേണം. വിദേശത്തേക്കുള്ള കുടിയേറ്റമില്ലാതെ ജനിച്ച നാട്ടിൽ തന്നെ ജീവിക്കാനാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ നിയമസഭയിലും ഉണ്ടാകും. 18 വയസ്സാകുമ്പോൾ വോട്ടവകാശമുള്ള കുട്ടികളെ മുദ്രാവാക്യം വിളിക്കാനും കൊടിപിടിക്കാനും മാത്രമല്ല, നാടിന്‍റെ നന്മയ്ക്കായി പോസിറ്റീവായ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് വേണ്ടത്.

നിലവിലെ നിയമസഭയിൽ 71 പേർ പുതുമുഖങ്ങളാണ്. മന്ത്രിസഭയിലും യുവാക്കളുണ്ട്. നിലവിലെ മുഖ്യമന്ത്രി (വി ഡി സതീശൻ) ഏറെ വൈബ്രന്‍റ് ആണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രായോഗികമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. നിയമസഭയിൽ റൂൾ ബുക്ക് അനുവദിക്കുന്നതെന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്‍റെ പേരിൽ ചിലപ്പോൾ ഏകാധിപത്യ പ്രവണതകൾ കടന്നുവരാറുണ്ട്. അധികാര കേന്ദ്രീകരണം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം.

വനിതാ സംവരണത്തിന്‍റെ പേരിൽ മാത്രം ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന അഭിപ്രായമില്ല. എന്നാൽ വീട്ടമ്മമാരുടെ അധ്വാനം കാണുമ്പോൾ ദുഃഖമുണ്ട്. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ്, എല്ലാവരും ഉറങ്ങിയ ശേഷം മാത്രം ഉറങ്ങുന്ന അവർക്ക് ശമ്പളമില്ല. തിരികെ നമുക്ക് നൽകാൻ സ്നേഹം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടിയെ വളർത്തുമോ തളർത്തുമോ എന്ന് ഇപ്പോൾ പറയുന്നില്ല, പ്രസ്താവനകൾ വളച്ചൊടിക്കപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും ചങ്ങല പൊട്ടിക്കുന്നതോ കെട്ടിടം തകർക്കുന്നതോ ആയ നിലയിലേക്ക് കാര്യങ്ങൾ പോകരുത്. ഏത് പുതിയ പാർട്ടി ഉണ്ടാക്കിയാലും അതിനെ ജനങ്ങൾ അംഗീകരിക്കട്ടെ. രാഷ്ട്രീയ തിരക്കുകൾക്കിടയിലും പാട്ട് കേൾക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അത് കേൾക്കാൻ ഇമ്പമുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.