
പഴയകാലത്തെ വസ്തുക്കളും ചരിത്രശേഷിപ്പുകളും നിശ്ശബ്ദമായി സൂക്ഷിച്ചുവെക്കുന്ന ഇടങ്ങൾ എന്ന പരമ്പരാഗത സങ്കൽപ്പത്തിൽ നിന്ന് മ്യൂസിയങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭൂതകാലത്തിന്‍റെ ഒരു 'കണ്ണാടി' എന്നതിലുപരി, വർത്തമാനകാലത്തെ ചോദ്യം ചെയ്യുകയും ഭാവിയിലേക്കുള്ള വഴികൾ വെട്ടുകയുമാണ് "Museums of Tomorrow" (നാളെയുടെ മ്യൂസിയങ്ങൾ) എന്ന ആശയത്തിലൂടെ മുന്നോട്ടുവെക്കുന്നത്. പണ്ട് മ്യൂസിയങ്ങൾ കേവലം 'കാണാനുള്ള' ഇടങ്ങളായിരുന്നുവെങ്കിൽ, നാളെയുടെ മ്യൂസിയങ്ങൾ സംവാദങ്ങളുടെയും പങ്കാളിത്തത്തിന്‍റെയും ഇടങ്ങളാണ്. സന്ദർശകർക്ക് ചോദ്യങ്ങൾ ചോദിക്കാനും, സ്വന്തം കാഴ്ചപ്പാടുകൾ പങ്കുവെക്കാനും, കലയോടും ചരിത്രത്തോടും നേരിട്ട് സംവദിക്കാനുമുള്ള അവസരങ്ങൾ അവിടെയുണ്ടാകും.
മ്യൂസിയങ്ങളുടെയും സാംസ്കാരിക ഇടങ്ങളുടെയും ഭാവി രൂപരേഖയേയും, മാറുന്ന കാലത്തിനനുസരിച്ച് അവ എങ്ങനെ നവീകരിക്കപ്പെടണമെന്നതിനെയും കുറിച്ചുള്ള ചർച്ച സമൂഹത്തില്‍ എന്നും ഉരിത്തിരിയാറുണ്ട്. മ്യൂസിയങ്ങളോട് മുഖം തിരിക്കുന്ന ഒരു സമൂഹം എന്ന വിമർശനം മലയാളികൾ നേരിടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'അഗോറ' (Agora) കോൺക്ലേവിലെ Museums of Tomorrow എന്ന സെഷനില്‍ ചർച്ച ചെയ്യപ്പെട്ടതും മ്യൂസിയങ്ങളോട് ജനങ്ങൾക്കുള്ള വിമുഖതയെക്കുറിച്ചും മാറിചിന്തിക്കേണ്ട ആവശ്യത്തെക്കുറിച്ചുമാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക നിരൂപകനും, ആർട്ട് ക്യൂറേറ്ററും, എഴുത്തുകാരനുമായ ജോണി എം എലും കേരളത്തിലും കേന്ദ്ര സർക്കാരിലും കല, സംസ്കാരം, ടൂറിസം വകുപ്പുകളിൽ വിപുലമായ പ്രവർത്തനപരിചയമുള്ള മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. വി വേണുവുമാണ് സെഷനില്‍ പങ്കെടുത്ത് ആശയങ്ങൾ പങ്കുവെച്ചത്.
പഴയ ശേഖരങ്ങൾ സൂക്ഷിക്കുന്ന ഇടം എന്നതിനപ്പുറം, ജനകീയവും സംവാദാത്മകവുമായ ഇടങ്ങളായി മ്യൂസിയങ്ങൾ മാറേണ്ടതിനെക്കുറിച്ചും ക്യൂറേഷന്‍റെ പ്രാധാന്യത്തെക്കുറിച്ചുമാണ് വേദിയിൽ ചർച്ച നടന്നത്. ചരിത്രത്തെയും വർത്തമാനകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ജീവനുള്ള സാംസ്കാരിക കേന്ദ്രങ്ങളായി നാളെയുടെ മ്യൂസിയങ്ങൾ എങ്ങനെ രൂപപ്പെടണമെന്ന വ്യക്തമായ കാഴ്ചപ്പാട് സമൂഹം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. എന്നാൽ ആർജവത്തോടെ ആഘോഷത്തോടെ മ്യൂസിയത്തിലേക്ക് കടന്നു ചെല്ലുന്ന എത്ര പേരുണ്ട്? എന്തുകൊണ്ട് മ്യൂസിയങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല? സർക്കാർ തലത്തിൽ മ്യൂസിയങ്ങളെ മെച്ചപ്പെടുത്തുന്നതിനും പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിനും എന്ത് തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളും ചർച്ചകളും Museums of Tomorrow എന്ന സെഷനില്‍ ഉണ്ടായി.
ഡിജിറ്റൽ സാങ്കേതികവിദ്യ, ഓഗ്‌മെന്‍റഡ്/വെർച്വൽ റിയാലിറ്റി (AR/VR), ഇന്‍ററാക്ടീവ് പ്രദർശനങ്ങൾ എന്നിവ മ്യൂസിയങ്ങളുടെ രൂപവും ഭാവവും മാറ്റുന്നുണ്ട്. ചരിത്രസംഭവങ്ങളെയും കലാസൃഷ്ടികളെയും കൂടുതൽ ആഴത്തിലും ആകർഷകമായും പുതിയ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇത് സഹായിക്കുന്നു. എങ്കിലും, സാങ്കേതികവിദ്യ ഒരു ഉപാധി മാത്രമായിരിക്കണം. അതിൽ മനുഷ്യന്‍റെയും കലയുടെയും ആത്മാവ് നഷ്ടപ്പെടരുത്. ചരിത്രത്തെയും കലയേയും എല്ലായ്പ്പോഴും എഴുതിയിരുന്നത് അധികാരകേന്ദ്രങ്ങളിലധിഷ്ഠിതമായിട്ടായിരുന്നു. നാളെയുടെ മ്യൂസിയങ്ങൾ പ്രാദേശികമായ ശബ്ദങ്ങൾക്കും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അനുഭവങ്ങൾക്കും, വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്നവയായിരിക്കണം. ഓരോ പ്രദേശത്തിന്‍റെയും തനിമയും ഓർമ്മകളും ഉൾക്കൊള്ളുമ്പോഴാണ് മ്യൂസിയങ്ങൾ കൂടുതൽ ജനാധിപത്യപരമാകുന്നത്. മ്യൂസിയങ്ങൾ നിശ്ചലമായ ഇടങ്ങളല്ല, മറിച്ച് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി മാറണം. കലാക്യാമ്പുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, നാടക-സംഗീത അവതരണങ്ങൾ, ഗവേഷണങ്ങൾ എന്നിവയിലൂടെ സമൂഹത്തിന്‍റെ സജീവ ഭാഗമായി നിലനിൽക്കാൻ അവയ്ക്ക് സാധിക്കണം. അപ്പോഴാണ് മ്യൂസിയങ്ങൾ സമൂഹത്തിന് അന്യമായ ഒന്നല്ലാതായി മാറുന്നത്.
കേരളത്തിലെ ജനങ്ങൾ ദൃശ്യപരതയെ അവഗണിക്കുന്നുണ്ട് എന്ന അഭിപ്രായം ജോണി എംഎല്‍ സെഷനില്‍ ഉന്നയിക്കുകയുണ്ടായി. കേരളത്തിലെ മ്യൂസിയങ്ങളുടെ സാഹചര്യമെന്താണെന്നും എന്തുകൊണ്ട് ആളുകൾ മ്യൂസിയങ്ങളിലേക്ക് കേറുന്നില്ല എന്നതും ചിന്തിക്കണമെന്നദ്ദേഹം പറയുന്നു. ''മ്യൂസിയങ്ങളില്‍ നിന്നും ചിന്തിക്കാനും പഠിക്കാനുമുള്ളത് ലഭിക്കണം. നിലവിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചരിത്രത്തെ എക്സിബിറ്റ് ചെയ്യണം. സമൂഹത്തോട് മ്യൂസിയങ്ങളെ എങ്ങനെ കണക്റ്റ് ചെയ്യണം എന്നത് പൂർണമായി പരിഹരിക്കപ്പെടാത്ത സമസ്യയാണ്. അതിനുള്ള പരിഹാരമാണ് കാണേണ്ടത്. മ്യൂസിയം ഒരു അലമാരയുടെ ജോലി ചെയ്യുന്നു എന്ന തെറ്റിധാരണയാണ് പലർക്കുമുള്ളത്, കാര്യങ്ങൾ മാറണമെങ്കില്‍ ഇതില്‍ മാറ്റം വരണം. സർക്കാർ തലത്തില്‍ ഏറ്റവും അവഗണന നേരിടുന്ന വകുപ്പുകളിലൊന്നാണ് മ്യൂസിയം. അതില്‍ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. സംസ്കാരങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് മ്യൂസിയങ്ങളുടെ നിശബ്ദ ലക്ഷ്യം'' - ഡോ.വി വേണും വ്യക്തമാക്കി.
റിലേറ്റഡ് ഫീല്‍ഡുകളില്‍ പഠനം പൂർത്തിയാക്കിയ വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയെ പറ്റി ജോണി എം എല്‍ സംസാരിച്ചു. കൂടുതല്‍ സാധ്യതകളും സാഹചര്യങ്ങളും ഒരുക്കുന്നതിലൂടെ മാത്രമെ ഒരു പുത്തൻ ഉണർവ് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഭൂതകാലത്തെ സംരക്ഷിക്കുന്നതിനൊപ്പം വർത്തമാനകാലത്തിന്‍റെ സാമൂഹിക-സാംസ്കാരിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട്, നാളെയുടെ ലോകത്തെ കൂടുതൽ സഹിഷ്ണുതയുള്ളതും സർഗ്ഗാത്മകവുമാക്കാൻ സഹായിക്കുന്ന തുറന്ന ഇടങ്ങളാണ് 'നാളെയുടെ മ്യൂസിയങ്ങൾ'.