'എഐ മനുഷ്യനെ അവരവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുന്നു'; ഡിജിറ്റൽ ലോകം ഒരു 'എക്കോ ചേംബർ' ആയി മാറിയെന്ന് ശശി തരൂർ

Published : Nov 27, 2026, 05:02 PM IST
sashi tharoor

Synopsis

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'അഗോറ 2026' വേദിയിൽ ഡോ. ശശി തരൂർ എംപി ഡിജിറ്റൽ ലോകത്തെ അൽഗോരിതങ്ങളെക്കുറിച്ച് സംസാരിച്ചു. മനുഷ്യനെ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചു. വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കാനും അറിവ് നേടാനും യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: നിർമ്മിത ബുദ്ധിയും ഡിജിറ്റൽ അൽഗോരിതങ്ങളും മനുഷ്യനെ അവരവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുകയാണെന്ന് ഡോ. ശശി തരൂർ എംപി. കനകക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'അഗോറ 2026' വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ശബ്‍ദം കേൾക്കേണ്ട വേദിയാകേണ്ടിയിരുന്ന ഡിജിറ്റൽ ലോകം ഇന്ന് അൽഗോരിതങ്ങൾ കാരണം ഒരു 'എക്കോ ചേംബർ' ആയി മാറിയിരിക്കുകയാണ്. വിയോജിക്കുന്നവരെ കേൾക്കുന്നതിന് പകരം അവരെ ബ്ലോക്ക് ചെയ്യുന്ന പ്രവണതയാണ് ഇന്നുള്ളതെന്നും, എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കാനും അറിവ് നേടാനുമുള്ള ഇടമാണ് യഥാർത്ഥ 'അഗോറ' എന്നും അദ്ദേഹം പറഞ്ഞു.

പുരാതന ഏഥൻസിലെ ആശയവിനിമയ വേദിയായ 'അഗോറ'യുടെ പാരമ്പര്യം കേരളത്തിന് എന്നും സ്വന്തമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. പണ്ട് മുസിരിസിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾ തേടി വന്ന കപ്പലുകൾ സ്വർണ്ണത്തോടൊപ്പം പുതിയ ആശയങ്ങളും കൊണ്ടുവന്നു. ക്രിസ്തുമതം, ജൂതമതം, ഇസ്ലാം എന്നിവയെല്ലാം വ്യാപാര മാർഗ്ഗങ്ങളിലൂടെ ഇവിടെയെത്തുകയും സൗഹാർദ്ദത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്തു. സംഗമഗ്രാമ മാധവന്‍റെ ഗണിതശാസ്ത്ര സംഭാവനകൾ, സ്വാതി തിരുനാൾ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം, തുമ്പയിലെ പള്ളി വിട്ടുനൽകിയതിലൂടെ ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ യാത്ര എന്നിവ ആശയങ്ങൾ തുറന്ന മനസ്സുകളിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾക്ക് ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചക്രം, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ തുടങ്ങിയ കണ്ടുപിടുത്തങ്ങൾക്ക് പിന്നിലെല്ലാം ഓരോ ആശയങ്ങളാണുള്ളത്. പൂജ്യം എന്ന ആശയം, ഗാന്ധിജിയുടെ അഹിംസ, ശ്രീനാരായണ ഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ദർശനം എന്നിവ ലോകത്തെയും സമൂഹത്തെയും മാറ്റിമറിച്ചു. തോമസ് ജെഫേഴ്സന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഒരു മാമ്പഴം പങ്കുവെച്ചാൽ അത് നഷ്ടപ്പെടുമെന്നും എന്നാൽ ഒരു ആശയം പങ്കുവെച്ചാൽ അത് ഇരുവർക്കും സ്വന്തമാകുമെന്നും കൂടുതൽ മെച്ചപ്പെടുമെന്നും തരൂർ ഓർമ്മിപ്പിച്ചു.

പ്രസംഗത്തിന്‍റെ തുടക്കത്തിൽ, താൻ കറുത്ത കണ്ണടയും മഞ്ഞ വസ്ത്രവും ധരിച്ചതിനെക്കുറിച്ച് തമാശരൂപേണ അദ്ദേഹം വ്യക്തത വരുത്തി. താൻ ഡിഎംകെയിൽ ചേർന്നിട്ടില്ലെന്നും, കണ്ണിനുള്ള ചെറിയൊരു അസ്വസ്ഥത കാരണം വെളിച്ചം നേരിട്ട് അടിക്കാതിരിക്കാനാണ് കണ്ണട വെച്ചതെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയുടെ പ്രധാന യോഗം ഉണ്ടായിരുന്നിട്ടും, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ വാക്ക് പാലിക്കാനാണ് താൻ ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വേദിയിലുണ്ടായിരുന്ന മമ്മൂട്ടി, എഴുത്തുകാരി ബാനു മുഷ്താഖ്, ഡോ. അഡ്രിയൻ വുൾഫ്സൺ എന്നിവർ ഈ അഗോറയുടെ പ്രതീകങ്ങളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുവാക്കൾ വെറും കാഴ്ചക്കാരായി നിൽക്കാതെ ചോദ്യങ്ങൾ ചോദിക്കണമെന്നും ഭയമില്ലാതെ എന്നാൽ മാന്യമായി വിയോജിപ്പുകൾ രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംസ്കാരങ്ങളുടെ ഭാഗമായി നിലകൊള്ളുക, അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കുക; മ്യൂസിയങ്ങൾ നിറവേറ്റുന്ന നിശബ്ദ ലക്ഷ്യം
ആഭ്യന്തര മന്ത്രിയായപ്പോഴുണ്ടായ ഏറ്റവും നോവുന്ന നിമിഷം പങ്കുവെച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ; 'രാഷ്ട്രീയം പകപോക്കാനുള്ള ഇടമല്ല'