'എന്ത് മാറ്റം വരുമ്പോഴും സിപിഎമ്മിന് എതിർക്കുന്ന സമീപനം', കേരളത്തെ ദക്ഷിണേഷ്യയുടെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മന്ത്രി റോജി എം ജോൺ

Published : Nov 29, 2026, 04:35 PM IST
roji m john agora

Synopsis

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനും ദക്ഷിണേഷ്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി കാലാനുസൃതമായ കോഴ്സുകൾ, സ്വകാര്യ-വിദേശ സർവകലാശാലകൾ എന്നിവയ്ക്ക് അവസരമൊരുക്കും. കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കാൻ ഈ നടപടികൾ സഹായിക്കും.

തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആ നിലവാരത്തിലേക്ക് ഉയരാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മൂലം കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം മാറണം. വൈകിയാണെങ്കിലും കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഗോറ കോൺക്ലേവിൽ ഹയർ എജ്യുക്കേഷൻ ഇൻ ദി ഇറ ഓഫ് എഐ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിൽ ഒന്നാമതെന്ന് അവകാശപ്പെടുന്ന കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കാനെത്തുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. എന്നാൽ നിലവിൽ ഈറോഡ്, കോയമ്പത്തൂർ, ഉത്തർപ്രദേശ്, പഞ്ചാബിലെ ലുധിയാന, മംഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കാണ് മലയാളികൾ ഒഴുകുന്നത്. ലുധിയാനയിൽ മാത്രം ഏഴായിരത്തോളം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മംഗളൂരുവിൽ ഒരു പഞ്ചായത്തിൽ അഞ്ച് മെഡിക്കൽ കോളേജുകൾ വരെയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരും ചാൻസലർമാരും ഉൾപ്പെടെയുള്ളവരിൽ ഭൂരിഭാഗവും മലയാളികളാണ്. കിടപ്പാടം പണയം വെച്ചുപോലും മക്കളുടെ വിദ്യാഭ്യാസത്തിനായി മലയാളികൾ കോടിക്കണക്കിന് രൂപയാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതൊരു തലമുറയോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും 'നമുക്ക് ഇതൊന്നും വേണ്ട' എന്ന പഴയ നിലപാടാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ പല പ്രമുഖ കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. കാലാനുസൃതമായി കോഴ്സുകൾ പരിഷ്കരിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. പരമ്പരാഗത ബിഎസ്‍സി മാത്‌സ് പോലുള്ള കോഴ്സുകൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി ഉൾപ്പെടുത്തി കോഴ്സുകൾ നവീകരിക്കേണ്ടതുണ്ട്. ഇതിനായി കോളേജുകളുടെ അഭിപ്രായം തേടിയിട്ടുണ്ട്. സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ തന്നെ 50 കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചുകഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ സിലബസ് പരിഷ്കരണം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അധ്യാപകർക്ക് എഐ പരിശീലനം നൽകുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് 'മിഷൻ എഐ ഗുരു' പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ, അഡ്മിഷൻ തീയതി മുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സമയം വരെ കൃത്യമായി രേഖപ്പെടുത്തിയ അക്കാദമിക് കലണ്ടർ നടപ്പാക്കും. അധ്യാപകരുടെ ക്ലറിക്കൽ ജോലികൾ കുറച്ച് അധ്യയനത്തിന് കൂടുതൽ സമയം നൽകാനും ഹാജർ നില കർശനമാക്കാനും നടപടിയുണ്ടാകും.

സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ വരേണ്ടതുണ്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന സ്വകാര്യ സർവകലാശാലാ ബില്ലിൽ പല അപാകതകളും ഉണ്ടായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനവും 25 കോടി രൂപ സർക്കാരിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയും വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിലേക്കേ നയിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ ബില്ലിലൂടെ സ്വകാര്യ സർവകലാശാലകൾക്കൊപ്പം വിദേശ സർവകലാശാലകൾക്കും അവസരമൊരുക്കും. കേരളത്തിലെ വിദ്യാർത്ഥികൾക്കും എസ്‍സി, എസ്‍ടി വിഭാഗങ്ങൾക്കും കൃത്യമായ സംവരണം ഉറപ്പാക്കിക്കൊണ്ടും ഫീസ് ഘടനയിൽ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുമായിരിക്കും ഇവ പ്രവർത്തിക്കുക. മുൻ വൈസ് ചാൻസലർമാർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയായിരിക്കും സർവകലാശാലകൾക്ക് അനുമതി നൽകുന്നത്.

'കേരള നോളജ് വാലി' യാഥാർത്ഥ്യമാക്കുന്നതിനായി സ്വകാര്യ സംരംഭകർക്ക് മാർക്കറ്റ് വില നിശ്ചയിച്ചാണ് ഭൂമി നൽകുക. അല്ലാതെ സൗജന്യമായല്ല ഭൂമി നൽകുന്നതെന്നും ഇതിൽ ഭൂമിക്കച്ചവടമുണ്ടെന്ന പി. രാജീവിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി മറുപടി നൽകി. പ്രാഥമിക വിദ്യാഭ്യാസത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉള്ളപ്പോൾ ഇല്ലാത്ത 'രണ്ടാം തരം പൗരന്മാർ' എന്ന വാദം ഉന്നതവിദ്യാഭ്യാസത്തിൽ മാത്രം ഉന്നയിക്കുന്നത് ശരിയല്ല. വിദ്യാഭ്യാസ രംഗത്തെ ഏത് മാറ്റത്തെയും എതിർക്കുന്ന സമീപനമാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വിമർശിച്ചു.

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കി. വിദ്യാർത്ഥികൾ പരീക്ഷ എഴുതരുതെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും അവരുടെ ഭാവി സുരക്ഷിതമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്യാമ്പസിലെ അച്ചടക്കലംഘനമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മുൻപും സമാനമായ സാഹചര്യങ്ങളിൽ പരീക്ഷ എഴുതിക്കാതെ വിദ്യാർത്ഥികളെ ഡിസ്മിസ് ചെയ്ത ചരിത്രം ആ സർവകലാശാലയ്ക്കുണ്ട്. മാപ്പെഴുതി നൽകണമെന്നല്ല, മറിച്ച് ക്യാമ്പസിൽ ഇനി അക്രമം നടത്തില്ലെന്ന് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം നൽകാനാണ് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടത്. അതിനുള്ള അധികാരം സർവകലാശാലയ്ക്കുണ്ട്. ഇത് ആർഎസ്എസിനോട് മാപ്പ് പറയില്ല എന്ന് പറയുന്നത് പോലെയോ ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരമോ അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിരുകളില്ല, അതിർത്തികളില്ല; പരിമിതികൾക്കപ്പുറത്തെ മലയാള സാഹിത്യം
'അവർ വെറുതേ വന്നുപോയവരല്ല, അവരെ ഞാൻ ഇനിയും പെറ്റുതീർന്നിട്ടില്ല', ചില 'അസംബന്ധമായ' ആഗ്രഹങ്ങളെ കുറിച്ച് ആർ രാജശ്രീ