ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'അഗോറ' (Agora) കോൺക്ലേവിന്‍റെ രണ്ടാം ദിവസം 'പുസ്തകത്തിനപ്പുറം സാഹിത്യം' എന്ന സെഷനില്‍ ആർ രാജശ്രീ മുഖ്യാതിഥിയായി സംസാരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'അഗോറ' (Agora)കോൺക്ലേവിന്‍റെ ഭാഗമായി ഇന്ന് (28-11-2026) നടന്ന പ്രധാന സെഷനുകളില്‍ ഒന്ന് എഴുത്തുകാരി ആർ രാജശ്രീ മുഖ്യാതിഥിയായി എത്തിയ 'പുസ്തകത്തിനപ്പുറം സാഹിത്യം' മാണ്. വയലാർ അവാർഡിന്‍റെ നിറവില്‍ ആത്രേയകത്തെ കുറിച്ച് തന്നെയാണ് ടീച്ച‍ർ കൂടുതല്‍ സംസാരിച്ചതും. കുട്ടികൃഷ്ണമാരാർ പണ്ട് ചെയ്തൊരു പ്രവൃത്തിയുണ്ട്. വ്യാസൻ നിർത്തിയിടത്തുനിന്ന് തുടങ്ങിയത്. വ്യാസൻ ടോർച്ചടിച്ചു പോകുമ്പോൾ ടോർച്ച് തീർന്നുപോയ ഇടത്തുനിന്ന് കുട്ടികൃഷ്ണമാരാർ പന്തവുമായിട്ടങ്ങ് മുന്നോട്ട് പോവുകയാണ്, അത്തരമൊരു നടത്തം ആർ. രാജശ്രീ ആത്രേയകത്തില്‍ നടത്തുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സഹ പാനലിസ്റ്റായ എൻഎസ് സുമേഷ് കൃഷ്ണൻ സെഷൻ ആരംഭിച്ചത്. ടീച്ചറുടെ മറുപടി ലളിതവും ആഴത്തിലുള്ളതുമായിരുന്നു.

''മാരാർ ഇക്കാര്യത്തിൽ നമ്മുടെയൊക്കെ ഗുരുവാണ്. കാരണം 'ഭാരതപര്യടനം' ഒരു തവണ വായിച്ചു കഴിയുമ്പോൾ തന്നെ നമുക്ക് മഹാഭാരതത്തിനകത്ത് മങ്ങിയ ഛായകളിലുള്ള കഥാപാത്രങ്ങളെ കുറിച്ച് ഏകദേശം ധാരണ കിട്ടും. പിന്നെ പല കാര്യങ്ങളുടെയും വിവിധ വശങ്ങൾ കിട്ടും. അത് വല്ലാതെ നമ്മളെ പ്രചോദിപ്പിക്കുന്ന ഒരു പുസ്തകമാണ്, അന്നും ഇന്നും. നാം ചിന്തിക്കുമ്പോൾ ഏതെങ്കിലും ഒരു കഥാപാത്രത്തെ കുറിച്ചല്ല, മഹാഭാരതത്തിനകത്തേക്ക് ഇറങ്ങുന്ന സമയത്ത് മാരാർ പരിഗണിച്ചിട്ടുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്‍റെ ദർശനത്തെ തന്നെ അദ്ദേഹം പല ഘട്ടങ്ങളിലും വളരെ വിമർശനാത്മകമായി ചോദ്യം ചെയ്യുന്നുണ്ട്. എവിടെ നിൽക്കണം നമ്മുടെ സാഹിത്യകൃതി എന്നുള്ളത് നമ്മൾ തന്നെ തീരുമാനിക്കേണ്ട ഒരു കാര്യമാണ്. നോവലിന് ഒരുപാട് കേന്ദ്രങ്ങൾ സാധ്യമാണെന്നാണല്ലോ പറയുക. ഏത് കേന്ദ്രത്തിൽ നിന്നിട്ടാണ് നമ്മൾ പറയുന്നത് എന്നുള്ളത് നോവലിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അത് ഏതെങ്കിലും ഒരു കഥാപാത്രത്തിന്‍റെ കഥ പറയലോ അയാളെ പിന്തുടരലോ അല്ല. മഹാഭാരതം എടുത്തു നോക്കൂ, അതിൽ അരക്കില്ലവുമായി ബന്ധപ്പെട്ട കഥാഭാഗം ഉണ്ടല്ലോ. അവിടെ ശരിക്കും കുന്തിയും അവരുടെ മക്കളും രക്ഷപ്പെടുകയാണ്. ആ അരക്കില്ലം കത്തിച്ചു ചാമ്പലാക്കിയതിനുശേഷം രഹസ്യപാത വഴി അവർ രക്ഷപ്പെടുന്നു.

പകരം അവിടെ ആരെക്കൊണ്ട് കിടത്തും എന്നുള്ളത് ചോദ്യമാണ്. ആ കഥ നമ്മൾ വായിക്കുന്നുണ്ട്. കഥ വായിച്ചിട്ട് ആ കഥയുടെ കൂടെ നമ്മൾ ഇറങ്ങി പോവുകയാണെങ്കിൽ നമുക്ക് മാരാരെ മനസ്സിലാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മാരാരെ മനസ്സിലാവണമെങ്കിൽ അവിടെത്തന്നെ നിൽക്കണം, ആ കഥയിൽത്തന്നെ. കാരണം അവിടെ സ്റ്റേറ്റിന്‍റെ അധികാരം നിലനിർത്താൻ വേണ്ടി, ബലിയാടുകളാവാൻ ആറ് ശരീരങ്ങൾ ആവശ്യമുണ്ട്. ഒരു സ്ത്രീ ശരീരവും അഞ്ച് പുരുഷ ശരീരങ്ങളും. അവിടെ നമ്മൾ നിന്നില്ലെങ്കിൽ നമ്മൾ ഈ കഥയുടെ ഒഴുക്കിൽപ്പെട്ടുപോകും. ആത്രേയകത്തിൽ ആ ഒരു ദർശനം രൂപീകരിക്കാൻ വേണ്ടി ഞാൻ പോയി നിന്ന പോയിന്‍റ് ഇതാണ്. അത് ഹൈലൈറ്റ് ചെയ്തില്ലെങ്കിൽ പോലും അതാണ് ആ നോവൽ ഉദ്ദേശിക്കുന്ന രാഷ്ട്രീയം. അവിടെ തെരഞ്ഞെടുക്കപ്പെട്ടത് ആരാണ്? ആറ് വിധേയ ശരീരങ്ങൾ എന്ന് പറയുന്നത് ആരുടേതായിരുന്നു? അത് രാജകീയ അധികാരം ഉറപ്പിക്കുന്നതിന് വേണ്ടി ബലിയാടുകളാകേണ്ടി വന്ന ഒരു ആദിവാസി സ്ത്രീയും അവരുടെ അഞ്ചു മക്കളുമാണ്. പാണ്ഡവർ കാട്ടിൽ കയറി നടത്തുന്ന രാക്ഷസഹത്യകളെ കുറിച്ചുള്ള സൂചനകൾ ഇഷ്ടംപോലെ അതിനകത്തുണ്ട്. എല്ലാ ഇതിഹാസങ്ങളിലും രാക്ഷസന്മാർ കൊല്ലപ്പെടുന്നുണ്ട്. അതായത് നഗരത്തിൽ നിന്ന് കാട്ടിൽ കയറിയിട്ട് കാട് അധീനപ്പെടുത്തുകയോ, കാട് അധിനിവേശത്തിന് വിധേയമാക്കുകയോ, അതിനെ നഗരമാക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് സൂചനകളുണ്ട്.

അവിടെ നിന്നുകൊണ്ടാണ് ആത്രേയകം മഹാഭാരതത്തെ കണ്ടത്. ആ പോയിന്‍റിൽ നിന്നുകൊണ്ട്, അത് മഹാഭാരതത്തെ കാണുന്നു. ആ പോയിന്‍റിൽ നിന്നുകൊണ്ട് അത് നോവലിനെ സമീപിക്കുന്നു. നോവൽ എന്ന ഒരു വ്യവഹാര രൂപത്തെ, നോവൽ എന്നൊരു മീഡിയത്തെ ഒരു പ്രത്യേക പോയിന്‍റിൽ നിന്നുകൊണ്ടാണ് ആത്രേയകം കാണുന്നത്. മുന്നേ നടന്നുപോയ മനുഷ്യർ എപ്രകാരമാണ് നമ്മളെ സ്വാധീനിച്ചിട്ടുള്ളത് എന്നുള്ളതിന്‍റെ തെളിവും കൂടിയാണത്. മാരാരെ വായിച്ചതുകൊണ്ടാവാം ഒരുപക്ഷേ എനിക്ക് അവിടെ ക്ലാരിറ്റി കിട്ടിയതെന്നാണ് ഞാൻ വിചാരിക്കുന്നത'' വളരെ വ്യക്തവും ശക്തവുമായി ടീച്ചറുടെ വിശദീകരണം.

ഇതിഹാസ കൃതികളെ ഉപജീവിച്ച് നോവൽ എഴുതാനിരിക്കുന്ന ആളുകൾക്ക് ആത്രേയകം റഫർ ചെയ്യപ്പെടേണ്ട ഒരു പുസ്തകമായി മാറി. 'രണ്ടാമൂഴം' എന്നതുപോലെ. രണ്ടാമൂഴത്തില്‍ പലയിടത്തും ഭീമന്‍റെ 'അലമുറയിടൽ' കേൾക്കാം. പൊതുവേ നിശ്ശബ്ദമായി തോന്നുന്നുവെങ്കിലും. കൽക്കെട്ടിൽ തലയടിച്ചു കരയുന്ന ഭീമനെയും, ഘടോൽകചൻ മരിച്ചതില്‍ ദുഃഖിക്കുന്ന ഭീമനെയും, ആനന്ദിക്കുന്ന ശ്രീകൃഷ്ണനെയും നമുക്ക് കാണാൻ പറ്റും. ഘടോൽകചന്‍റെ മകനോട് "നിനക്ക് എങ്ങനെ അസ്ത്രം അയക്കാൻ പറ്റും? നിനക്ക് എത്ര ദിവസം വേണം ഈ യുദ്ധം ജയിക്കാൻ?" എന്ന് ചോദിക്കുന്ന സന്ദർഭത്തില്‍ അവൻ പറയുന്നു "എനിക്ക് മൂന്ന് നിമിഷം മതി" എന്ന്. "അതെങ്ങനെ?" എന്ന് ശ്രീകൃഷ്ണന്‍റെ ചോദ്യം. വനവാസിയായ ഒരു ചെറുക്കൻ പെട്ടെന്ന് യുദ്ധം ജയിക്കുകയോ? അർജുനന് 27 ദിവസം വേണം, ഇവന് മൂന്ന് മിനിറ്റ് മതിയോ? അതെങ്ങനെ എന്ന് അന്വേഷിക്കുന്ന ശ്രീകൃഷ്ണൻ. അധികാരിക്ക് ഒരു കാരണവശാലും ഇരിക്കപ്പൊറുതി കിട്ടുന്നില്ല. അതെങ്ങനെയെന്ന് ചോദിക്കുന്നു, അവസാനം അവന്‍റെ തല വെട്ടിക്കളയുന്നു എന്നാണല്ലോ കഥ. അങ്ങനെ സാധാരണ നിലയിൽ നിന്ന് ഉയർന്നുവരുന്നവരുടെയൊക്കെ ശിരച്ഛേദം ചെയ്ത അധികാരത്തെ കൂടി വിമർശനാത്മകമായി സമീപിക്കുകയാണ് ആർ. രാജശ്രീയുടെ വാക്കുകൾ.

ഒഴിച്ചുനിർത്തപ്പെടുന്ന മനുഷ്യരെ കുറിച്ചാണ് നോവൽ സംസാരിക്കുന്നത്. അത് ലിംഗപദവി കൊണ്ടോ, അല്ലെങ്കിൽ ദേശീയത കൊണ്ടോ, വംശീയത കൊണ്ടോ, എങ്ങനെയായാലും ശരി. ശരീരം കൊണ്ടോ, പരിക്കുപറ്റി മുഖമില്ലാത്തതുകൊണ്ടോ, ലക്ഷണയുക്തരല്ലാത്തതുകൊണ്ടോ, രോഗികളായതുകൊണ്ടോ ഒക്കെ ഒഴിച്ചുനിർത്തുന്ന മനുഷ്യരെക്കുറിച്ച് സംസാരിക്കാൻ ആണ് ആ നോവൽ ശ്രമിക്കുന്നത്. അവർക്ക് താമസിക്കാനുള്ള ഒരു ഇടമായിട്ടാണ് അതിനകത്ത് ആത്രേയകത്തെ രൂപപ്പെടുത്തുന്നത്. അല്ലാതെ അത് കുറേ കഥാപാത്രങ്ങളുടെ മാത്രം കഥയല്ല. ടീച്ചർക്ക് സമൂഹത്തോട് പറയാനുള്ളത് സൂക്ഷ്മമായും സുന്ദരമായും എന്നാൽ പ്രതിരോധാത്മകമായും പറയാനുള്ള ഒരു മാധ്യമമായിട്ടാണ് ടീച്ചർ ഇപ്പോൾ നോവലിനെ കാണുന്നത് എന്നാണ്. 'കമലാലക്ഷ്മണം' എന്ന നോവലാണ് പുതിയതായ രാജശ്രീ ടീച്ചർ എഴുതിക്കൊണ്ടിരിക്കുന്നത്. ''

മനസ്സില്‍ തോന്നിയതെഴുതുന്നു എന്നാണ് അതിനെപറ്റി ടീച്ചർ പറയുന്നത്. 'കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത എഴുതുന്നു. കല്യാണിയിൽ ചേയിക്കുട്ടിയുണ്ട്. ചേയിക്കുട്ടി മരിച്ചു കഴിഞ്ഞ് ആ സീൻ എഴുതി കഴിഞ്ഞിട്ട് ഞാൻ കുറച്ചുസമയം അന്തംവിട്ടിരിക്കുകയായിരുന്നു. ഇനിയിപ്പോ എന്താ ചെയ്യുക എന്നുള്ള മട്ടിൽ. എനിക്ക് വല്ലാത്ത വിഷമമായി ചേയിക്കുട്ടി മരിച്ചപ്പോൾ. അയാൾ ഇനിയും ജീവിച്ചിരുന്നെങ്കിൽ എന്നൊക്കെ എനിക്കൊരു ആഗ്രഹം വന്നു. വളരെ അസംബന്ധമായ ആഗ്രഹമായിരിക്കും, കാരണം അവരെ സൃഷ്ടിച്ചതും അവരെ കൊന്നതുമൊക്കെ ഞാൻ തന്നെയാണല്ലോ. പക്ഷേ നമുക്കുണ്ടാകുന്ന ഒരു അന്യത്വം, ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍. അതുപോലെ നോവൽ അവസാനിച്ച് കല്യാണിയും ദാക്ഷായണിയുമൊക്കെ അവരുടേതായ ലോകങ്ങളിലേക്ക് പിരിഞ്ഞുപോയപ്പോൾ എനിക്ക് തോന്നി ഞാൻ ഒറ്റയ്ക്കായി എന്ന്. ഞാൻ ഒറ്റയ്ക്കാവരുത് എന്നുള്ളതാണ് എന്‍റെ എഴുത്തിന്‍റെ ഉദ്ദേശം എന്നാണ് ഞാൻ വിചാരിക്കുന്നത്.

എനിക്ക് ചുറ്റും ആൾക്കാർ വേണം, ആരെങ്കിലുമൊക്കെയായിട്ട്. പരിക്കുപറ്റിയവരും നിസ്സഹായരുമായ മനുഷ്യരാണ് എന്‍റെ കൂടെയുള്ള അധികം പേരും (കഥാപാത്രങ്ങളെപ്പറ്റി). അങ്ങനെയിരിക്കെ ചില മനുഷ്യരെക്കുറിച്ച് നമ്മളൊന്നും പറഞ്ഞില്ലല്ലോ എന്നൊരു സങ്കടം വരും. അങ്ങനെ പലവഴിക്ക് പൂർത്തിയാവാത്ത ചില കഥാപാത്രങ്ങളുടെ സ്പേസ് ആ നോവലില്‍ ഉണ്ട്. നോവലെഴുത്തിനകത്തുതന്നെ വെച്ചുമറന്നുപോയ അല്ലെങ്കിൽ അങ്ങനെ മങ്ങിപ്പോയ ഇനിയും കഥകൾ ബാക്കിയുള്ള ചില മനുഷ്യർ. അവർ വെറുതെ വന്നു പോയവരല്ല, അവർ അവരുടെ ഒരു വലിയ ജീവിതം അപ്പുറം ജീവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതത്തിൽ വന്ന് ഇടപെടുന്നത്. അവരുടെ ജീവിതം അവിടെ ബാക്കിയുണ്ടെന്ന് പറയുന്ന തോന്നലിൽ നിന്നാണ് കമലാലക്ഷ്മണം വരുന്നത്. ഞാൻ ആ കഥാപാത്രങ്ങളെ പെറ്റു തീർന്നിട്ടില്ല'' എന്ന് രാജശ്രീ.