കശ്മീരില്‍ നടന്ന ഒരു വിവാഹവും പിന്നാലെ സംഭവിച്ച 17 ദുരൂഹ മരണങ്ങളും

Published : Jan 24, 2025, 08:50 AM ISTUpdated : Jan 24, 2025, 09:43 AM IST
കശ്മീരില്‍ നടന്ന ഒരു വിവാഹവും പിന്നാലെ സംഭവിച്ച 17 ദുരൂഹ മരണങ്ങളും

Synopsis

മരിച്ച 17 പേരിൽ 12 ഉം കുട്ടികൾ. എല്ലാവരും ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്തവര്‍. ദിവസം 54 കഴിയുന്നു. പക്ഷേ, ഇപ്പോഴും മരണ കാരണം അജ്ഞാതം. 


 
2024 ഡിസംബർ രണ്ടാം തിയതി എന്നത്തെയും പോലെ സാധാരണമായിരുന്നു കശ്മീരിലെ രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിലും. ഒരു പ്രത്യേകത ഒഴിച്ചാല്‍. അന്നായിരുന്നു ഗ്രാമത്തിലെ ഫസൽ ഹുസൈന്‍റെ മകൾ സുൽത്താനയുടെ വിവാഹം. വിവാഹത്തിന് ഫസൽ ഗ്രാമീണരെ എല്ലാവരെയും ക്ഷണിച്ചു. അവരെല്ലാം എത്തി. വിവാഹം മംഗളമായി നടന്നു. ഭക്ഷണവും കഴിച്ച് എല്ലാവരും പിരിഞ്ഞ് പോയി. എല്ലാം പതിവ് പോലെ. പക്ഷേ, 54 ദിവസം കഴിഞ്ഞിട്ടും മെഡിക്കൽ സയന്‍സിന് പോലും എന്താണെന്ന് വ്യക്തമാകാത്ത ഒന്ന് അവിടെ സംഭവിക്കുകയായിരുന്നു. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള 17 ദുരൂഹമായ മരണങ്ങൾ. ആ മരണ പരമ്പകൾ ആരംഭിച്ചതാകട്ടെ വിവാഹം കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷവും. 

തുടക്കം ഫസൽ ഹൂസൈന്‍റെ വീട്ടില്‍ നിന്ന് തന്നെ. ഡിസംബര്‍ ഏഴിനും എട്ടിനുമായി ഫസലിനും അദ്ദേഹത്തിന്‍റെ നാല് മക്കൾക്കും ചെറിയ പനി ബാധിച്ചു. പിന്നാലെ എല്ലാവരും ബോധരഹിതരായി. ഗ്രാമീണർ കുടുംബത്തെ അപ്പാടെ ആശുപത്രിയിലെത്തിച്ചു. സാധാരണ പനിയെന്ന് ഡോക്ടർമാര്‍ കരുതി. ചികിത്സയ്ക്കിടെ പക്ഷേ, ആ അഞ്ച് പേരും ആശുപത്രിയില്‍ വച്ച് മരിച്ചു. കാരണമെന്തെന്ന് അജ്ഞാതം. 

ഡിസംബർ ഏഴിന് തുടങ്ങി, ഒന്നിന് പുറകെ ഒന്നായി ഒന്നും രണ്ടുമല്ല, ഗർഭിണിയടക്കം 16 ദുരൂഹ മരണങ്ങൾ; രജൗരിയിൽ പരിശോധന

പിന്നാലെ ഫസലിന്‍റെ അയൽവാസിയും ബന്ധുവുമായ മുഹമ്മദ് റഫീഖിന്‍റെ ഗര്‍ഭിണിയായ ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും ഉള്‍പ്പെടെ നാല് പേരെ സമാനമായ ലക്ഷണങ്ങളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. രോഗാവസ്ഥയുടെ സമാനത ഡോക്ടർമാരെ കുഴക്കി. അന്വേഷിച്ചപ്പോൾ എല്ലാവരും ഒരു കല്യാണത്തിന് പങ്കെടുത്തവര്‍. സ്വാഭാവികമായും ഭക്ഷ്യവിഷബാധ എന്ന് ഡോക്ടർമാര്‍ ആദ്യ വിധി എഴുതി. ചികിത്സ ആരംഭിച്ചു. പക്ഷേ, ആ നാല് പേരും മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് ഡോക്ടർമാരെ വീണ്ടും കുഴക്കി. 

അങ്ങനെ ദിവസങ്ങൾ പോകവെ രജൗരി മെഡിക്കല്‍ കോളേജിലേക്ക് ആ വിവാഹത്തിന് പങ്കെടുത്ത 17 പേരോളം സമാന രോഗാവസ്ഥയുമായി എത്തി. എല്ലാവരും ചികിത്സയിലിരിക്കെ മരിച്ചു. അതിൽ 12 കുട്ടികൾ. ഏറ്റവും ഒടുവിലായി അസ്ലം എന്നയാളുടെ അഞ്ച് മക്കളും അമ്മാവനും അമ്മായിയും അടക്കമുള്ളവരെ സമാന രോഗലക്ഷണങ്ങളുമായി 2025 ജനുവരി 12 -നും 17 -നും ഇടയില്‍ ആശുപത്രിയിലെത്തിച്ചു. അവരെല്ലാവരും മരണത്തിന് കീഴടങ്ങി. ഭക്ഷ്യവിഷബാധ എന്ന സംശയം അജ്ഞത രോഗം എന്ന നിഗമനത്തിലേക്ക് മാറി. ഇതിനിടെ 21 -ാം തിയതി വൈകീട്ടോടെ അഞ്ച് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

രജൗരി കൂട്ടമരണം, വില്ലൻ കീടനാശിനിയോ? 'ബാവോളി' അടച്ചിടാൻ നിർദ്ദേശം, വൈറസ്- ബാക്ടീരിയ സാന്നിധ്യമില്ല-റിപ്പോർട്ട്

വിവരം ദില്ലിയിലുമെത്തി. ആഭ്യന്തര മന്ത്രാലയം വിദഗ്ദ ഡോക്ടർമാരുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.  സംഘം ഗ്രാമം സന്ദർശിച്ചു. 22- ാം തിയതി ബാദൽ ഗ്രാമം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കപ്പെട്ടു. ആളുകൾ ഭയം കാരണം വീടിന് പുറത്തിറങ്ങുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോവിഡ് കാലത്ത് പോലുമില്ലാതിരുന്ന ഭയം. മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ഗ്രാമത്തിലേക്ക് നേരിട്ടെത്തി, ഗ്രാമവാസികളെ ആശ്വസിപ്പിച്ചു. അന്വേഷണം നടക്കുന്നു. പ്രതിവിധി ഉടന്‍ കണ്ടെത്തും. പക്ഷേ, ഇനിയും രോഗമെന്തെന്ന് കണ്ടെത്തിയിട്ടില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം. 

ആർമി ഹെലികോപ്റ്ററിലാണ് രോഗികളെ മറ്റ് സംസ്ഥാനങ്ങളിലെ മികച്ച ആശുപത്രികളിലേക്ക് എത്തിക്കുന്നത്. മരിച്ചവരുടെ വീടുകൾ സീൽ ചെയ്തു. വിവാഹത്തില്‍ പങ്കെടുത്തവരെ നിരീക്ഷിക്കാനും അവരുടെ ആരോഗ്യ സ്ഥിതി സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഗ്രാമത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ആരോഗ്യ പരിശോധന. എല്ലാ പൊതു, സ്വകാര്യ ഒത്തുചേരലുകളും നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമാണ് കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചത്. 200 പേരോളം കോറന്‍റൈനിലാണ്. അടുത്ത വീട്ടില്‍ ആർക്കെങ്കിലും പനി വന്നെന്ന് കേൾക്കുമ്പോൾ ബാദൽ ഗ്രാമവാസികൾക്ക് ഇപ്പോൾ ഭയമാണ്. ഇനിയും മരണം കൂടുമോയെന്ന ഭയം. ഒരു വിവാഹത്തിൽ പങ്കെടുത്ത 17 പേരാണ് ഇല്ലാതായത്. കാരണം അപ്പോഴും അജ്ഞാതം. 

അതേസമയം മുൻകരുതൽ നടപടികളുടെ ഭാഗമായി, ബാദൽ ഗ്രാമത്തിലെ താമസക്കാർ ഒരു പ്രാദേശിക നീരുറവയിൽ നിന്ന് വെള്ളം എടുക്കുന്നത് അധികൃതർ വിലക്കി, ഒപ്പം സമൂഹിക കൂട്ടായ്മകളും. ന്യൂറോടോക്സിനുകളാണ് മരണങ്ങൾക്ക് കാരണമെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. പക്ഷേ, ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക നിലനിർത്തുന്നു. വിപുലമായ പരിശോധനകൾ മുറയ്ക്ക് നടക്കുന്നു. പക്ഷേ, ദിവസം 54 കഴിഞ്ഞിട്ടും കാരണം അജ്ഞതം. 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം