മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞമാസം ഏഴ് മുതലാണ് രജൌരിയിലെ ബുധാൽ ഗ്രാമത്തിൽ അസ്വാഭാവിക മരണങ്ങൾ തുടങ്ങിയത്.
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയിൽ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സംഘം പരിശോധന നടത്തുന്നു. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞമാസം ഏഴ് മുതലാണ് രജൌരിയിലെ ബുധാൽ ഗ്രാമത്തിൽ അസ്വാഭാവിക മരണങ്ങൾ തുടങ്ങിയത്.
ഒരു ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചതാണ് തുടക്കം. പിന്നാലെ 12 നും സമാന രീതിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് വിഷബാധയേറ്റു. മൂന്ന് പേർ മരിച്ചു. കൃത്യം ഒരുമാസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ച ആറ് കുട്ടികളടക്കം 10 പേർ ആശുപത്രിയിലായി. ഇതിൽ അഞ്ച് കുട്ടികൾ മരിച്ചു. വെള്ളിയാഴ്ചയാണ് 64 വയസുള്ള സ്ത്രീ മരിച്ചത്.
ഇതോടെ മരണസംഖ്യ 16 ആയ. ഒരു ഗർഭിണിയും വയോധികരും ഇതിലുൾപ്പെടും. ചിലർ ഇപ്പോഴും ചികിത്സയിലുണ്ട്. തുടർച്ചയായി മരണങ്ങൾ സംഭവിക്കുമ്പോഴും യഥാർത്ഥ കാരണം അവ്യക്തമായി തുടരുന്നു. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തർ മന്ത്രാലയ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ആരോഗ്യ - ജലവിഭവ -കൃഷി - വളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും കേന്ദ്ര ഫോറൻസിക് സയൻസ് ലാബിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സംഘം ബുധാലിലെത്തി പരിശോധന തുടങ്ങി.
ജില്ലാ ഭരണകൂടവുമായും കൂടിക്കാഴ്ച നടത്തി. സംഘത്തിന്റെ സുരക്ഷയ്ക്കും സഹായത്തിനുമായി സ്ഥലത്ത് സൈന്യത്തെയും വിന്യസിച്ചു. പ്രദേശത്ത് വിതരണം ചെയ്ത റേഷൻ ധാന്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്ന് ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരെല്ലാം പരസ്പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളിലുള്ളവരാണ്. വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വൈരം കാരണം വിഷം നൽകിയതാണോ എന്നതടക്കം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
6 ആഴ്ച, രജൗരിയിൽ മരിച്ചത് 16 പേർ, ന്യൂറോടോക്സിനെന്ന് വൈദ്യസംഘം, ഉന്നതതല അന്വേഷണം
