പരീക്ഷ എഴുതാന്‍ രണ്ട് തവണ നടത്തിച്ചു; ഉദ്യോഗാർത്ഥിക്ക് നോര്‍ക്ക റൂട്ട്സ് യാത്രാക്കൂലിയായി 2500 രൂപ നല്‍കണം

By Web TeamFirst Published Jul 16, 2021, 6:59 PM IST
Highlights

പരീക്ഷ എഴുതാൻ രണ്ട് ദിവസം കാസർകോട് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടി വന്ന  ഉദ്യോഗാർത്ഥിക്ക് 2500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

കോഴിക്കോട്: നോർക്ക റൂട്ട്സിൻറെ  നിരുത്തരവാദപരമായ  സമീപനത്തിൻറെ ഫലമായി റദ്ദാക്കേണ്ടി വന്ന പരീക്ഷ എഴുതാൻ രണ്ട് ദിവസം കാസർകോടു നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടി വന്ന  ഉദ്യോഗാർത്ഥിക്ക് 2500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. നോർക്ക റൂട്ട്സിലെ  ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തുക ഈടാക്കി,  നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരാതിക്കാരന് നൽകണമെന്നാണ്  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിൻറെ ഉത്തരവ്. 

നഷ്ടപരിഹാരം നൽകിയ ശേഷം നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നാലാഴ്ചക്കുള്ളിൽ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. 
കാസർകോട് പെർഡാല സ്വദേശി സി.എച്ച്. മുഹമ്മദ് കുഞ്ഞിക്ക് നഷ്ട പരിഹാരം നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. 
2017 ഒക്ടോബർ 18 നാണ് നോർക്ക റൂട്ട്സിൽ അറ്റൻറർ, അസിസ്റ്റൻറ്റ് തസ്തികകളിലേക്ക് പരീക്ഷ  നടന്നത്. കാസർകോട്  സ്വദേശിയായ പരാതിക്കാരൻ കോഴിക്കോടെത്തിയാണ്  പരീക്ഷയെഴുതിയത്. നിയമനം നടന്നില്ലെന്നും അതിനുള്ള നിർദ്ദേശം സർക്കാരിന് നൽകണമെന്നുമാണ് ആവശ്യം. 

നോർക്ക  സി ഇ ഒയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2017 ഡിസംബറിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതാണെന്ന് റിപ്പോർട്ടിൽ  പറയുന്നു. എന്നാൽ സ്ഥാപനത്തിൻറെ 55 മത് ബോർഡ് യോഗം തുടർ നടപടികൾ നിർത്തി വച്ചു. തുടർന്ന് വിഷയം പഠിക്കാൻ ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു. നിയമനനടപടി സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് സബ് കമ്മിറ്റി കണ്ടെത്തി. 2020 ജനുവരി 16 ലെ ഉത്തരവ്  പ്രകാരം നിയമന നടപടി റദ്ദാക്കി. അപേക്ഷാഫീസ് വാങ്ങിയിട്ടില്ലാത്തതിനാൽ ഇതിൽ ധാർമ്മികമായി തെറ്റില്ലെന്നാണ് നോർക്കയുടെ വാദം. എന്നാൽ ഇത് ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയാണെന്ന് പരാതിക്കാരൻ അറിയിച്ചു. 

നിയമനം നടത്താനുള്ള  നോർക്കയുടെ  തീരുമാനം നിരുത്തരവാദപരവും അശ്രദ്ധവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.   27 തസ്തികകളിൽ നിയമനം നടത്താനാണ് തീരുമാനിച്ചിരുന്നത്. സെൻറർ ഫോർ ഡവലപ്മെൻറ് സ്‌റ്റഡീസ്  മുഖാന്തിരം പരീക്ഷ നടത്തി. നിയമനത്തിന് മുമ്പ് സർക്കാരിൻറെ അനുമതി വാങ്ങിയതായി കാണുന്നില്ല. ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷാ ഫീസ് വാങ്ങിയിട്ടില്ലാത്തതിനാൽ ധാർമ്മികമായി തെറ്റില്ലെന്ന സി.ഇ. ഒയുടെ കണ്ടെത്തൽ അപഹാസ്യവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് ഉദ്യോഗാർത്ഥിക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!