
ഇന്ത്യയിൽ ജീവിക്കാൻ ചെലവ് കുറവ് മതി എന്ന് പറയുന്നത് ശരിയല്ല എന്ന് പറയുകയാണ് റഷ്യയിൽ നിന്നുള്ള ഒരു യുവതി. ശരിക്കും വിദേശത്ത് ജീവിക്കുന്നതിനേക്കാൾ ചെലവ് കുറവാണ് അല്ലേ ഇന്ത്യയിലെ ജീവിതം? എന്നാൽ, വിക്ടോറിയ കോവൻ എന്ന യുവതി പറയുന്നത് അത് അങ്ങനെയല്ല എന്നാണ്. നല്ല കാശുണ്ടെങ്കിലേ ഇന്ത്യയിൽ ജീവിക്കാനാവൂ എന്നാണ് വിക്ടോറിയ പറയുന്നത്.
ഗുരുഗ്രാമിൽ ജീവിക്കാനുള്ള തന്റെ ഒരു മാസത്തെ ഏറ്റവും അടിസ്ഥാനപരമായ ചെലവുകളെ കുറിച്ചാണ് വിക്ടോറിയ വീഡിയോയിൽ വിശദീകരിക്കുന്നത്. അതിൽ വാടകയായി പറയുന്നത് 1bhk യ്ക്ക് ഒരു മാസം 1,20,000 രൂപയാണ്. യൂബർ ബ്ലാക്കിന് ഒരു റൈഡിന് 1000 രൂപ, റെസ്റ്റോറന്റിലെ ഉച്ചഭക്ഷണത്തിന് 2500 രൂപ, ഇലക്ട്രിസിറ്റി 15,000 രൂപ, ഷോപ്പിംഗിന് 30,000 രൂപ, മരുന്നുകൾക്ക് 20,000 രൂപ, സൗന്ദര്യസംരക്ഷണം 15,000 രൂപ, ഗ്രോസറി 40,000 രൂപ എന്നിങ്ങനെയാണ് വിക്ടോറിയ തന്റെ ചെലവുകളെ കുറിച്ച് വിശദീകരിക്കുന്നത്.
'ഇന്ത്യയിലെ ജീവിതം ചെലവ് കുറവാണെന്ന് പറയുന്നു, എന്നാൽ ഗുരുഗ്രാമിലെ തന്റെ ഒരു മാസത്തെ ചിലവ് ഇങ്ങനെയാണ്' എന്നാണ് അവൾ വീഡിയോയിൽ എഴുതിയിരിക്കുന്നത്. ഗുരുഗ്രാമിൽ നല്ലൊരു ജീവിതം ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ പോക്കറ്റിനെ അതിന് വേണ്ടി തയ്യാറാക്കിക്കോളൂ എന്നാണ് വിക്ടോറിയ വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഒരുലക്ഷത്തിലധികം രൂപ വാടക എന്നത് പലർക്കും വിശ്വസിക്കാനായില്ല. വീട്ടുടമ പറ്റിക്കുകയാണോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്. അതേസമയം തന്നെ യുവതിയുടെ ഗ്രോസറി, വൈദ്യുതി ബിൽ, മെഡിസിൻ ഇവയെല്ലാം അമ്പരപ്പിക്കുന്നത് തന്നെയാണ് എന്നാണ് മറ്റ് ചിലരുടെ കമന്റ്. മറ്റൊരാൾ കമന്റ് നൽകിയത്, ഇതിലൊന്നും തന്നെ അടിസ്ഥാനപരമായ ആവശ്യങ്ങളല്ല എന്നാണ്.