
പെൻസിൽവാനിയയിലെ ഒരു നഴ്സിംഗ് വിദ്യാർത്ഥിനി ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ പകർത്തിയിരിക്കുന്നതും യുവതി തന്നെയാണ്. കാറ്റ്ലിൻ മക്കച്ചിയോൺ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത്. കാറ്റ്ലിൻ ഒരു ടിക്ടോക് വീഡിയോ പകർത്തുന്നതിന്റെ ഇടയിലാണ് അപകടം നടന്നത്. എന്നാൽ, അതിലെ വൈരുധ്യം ഇതൊന്നും അല്ല. ബ്രിട്നി സ്പിയേഴ്സിന്റെ ഹിറ്റ് ട്രാക്കായ ‘ബേബി വൺ മോർ ടൈ’മിലെ വരികളാണ് അവൾ ആ സമയത്ത് മൂളിയിരുന്നത്.
അപകടത്തിന് തൊട്ടുമുമ്പ്, അവൾ 'ഹിറ്റ് മീ ബേബി വൺ മോർ ടൈം' എന്ന വരിയാണ് പാടിക്കൊണ്ടിരുന്നത്. നിമിഷങ്ങൾക്കകം, അവളുടെ കാർ തെന്നുകയും മറിഞ്ഞുവീഴുകയുമായിരുന്നു. അതോടെ കാറ്റ്ലിൻ ആകെ പരിഭ്രമിക്കുന്നതും കാറിന്റെ നിയന്ത്രണമേറ്റെടുക്കാൻ നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനം, കാറിനുള്ളിൽ നിന്നും അവൾ ക്യാമറയ്ക്ക് നേരെ കൈനീട്ടുന്നതാണ് കാണുന്നത്.
ഇൻസ്റ്റാഗ്രാം വീഡിയോയുടെ കാപ്ഷനിൽ വിചിത്രമായ തന്റെയീ ടൈമിംഗിനെ കുറിച്ചാണ് അവൾ തമാശയായി എഴുതിയിരിക്കുന്നത്. 'ഹിറ്റ് മീ ബേബി വൺ മോർ ടൈം എന്ന് പാടിയതിന് പിന്നാലെ ശരിക്കും ഹിറ്റ് കിട്ടി' എന്നാണ് അവൾ പറയുന്നത്. വീഡിയോയിൽ അപകടവും അതിന് ശേഷം അവൾ ഫോൺ എടുക്കാൻ ശ്രമിക്കുന്നതും അടക്കം കാണാം.
അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ശരിക്കും പാട്ട് അർത്ഥവത്തായി എന്ന് അനേകങ്ങൾ കമന്റ് നൽകി. അതേസമയം, അപകടം നടന്നയുടനെ ഫോൺ എടുക്കാനാണ് നോക്കിയത് എന്നു പറഞ്ഞാണ് പലരും അവളെ വിമർശിച്ചത്. അതിനുള്ള മറുപടി കാറ്റ്ലിനും മറ്റ് പലരും പോസ്റ്റിന്റെ കമന്റിൽ നൽകിയിട്ടുമുണ്ട്. ഫോൺ ഇല്ലാതെ എങ്ങനെയാണ് വേണ്ടപ്പെട്ടവരെയും എമർജൻസി സർവീസിനെയും അപകടവിവരം അറിയിക്കുക എന്നാണ് അവർ ചോദിക്കുന്നത്.