
കല പലപ്പോഴും അസാധാരണമായ കാര്യങ്ങളാണ് കാട്ടിത്തരിക. അത് പലപ്പോഴും സാധാരണക്കാരന്‍റെ ബോധാബോധ്യങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. പലപ്പോഴും കലയ്ക്കെതിരെ സാധാരണക്കാർ സംസാരിക്കുന്നതും ഇതുകൊണ്ടാണ്. കലയും ഫാഷനും ചേരുമ്പോൾ ഈ അസാധാരണത്വം ഒന്നും കൂടി വ്യത്യസ്തമാകുന്നു. അവിടെ സാധാരണക്കാരനെ അമ്പരപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളും നടക്കുന്നു. അത്തരത്തിലൊരു ഫാഷൻ വസ്ത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ട്രോളും പരിഹാസവുമായി നെറ്റിസെൻസും പിന്നാലെ കൂടി.
സംഭവം, സ്വിസ് ലേബലായ വെറ്റമെന്‍റ്സ് എന്ന ഫാഷൻ കമ്പനി പുതിയൊരു ഷർട്ട് പുറത്തിറക്കിയതാണ്. വെള്ള ഷർട്ടിൽ പ്രന്‍റ് ചെയ്ത പോലൊരു അടയാളം. കാഴ്ചയിൽ നന്നായി ചൂടായ അയൺബോക്സ് വച്ച് പൊള്ളിച്ച പോലുണ്ട്. അയൺ ചെയ്യുമ്പോൾ അബദ്ധത്തിൽ ചൂടായ അയൺബോക്സ് വച്ച് പൊള്ളിപ്പോകുന്ന ഷർട്ട് പോലെ. പക്ഷേ ഈ ഷർട്ടിന്‍റെ പ്രീമിയം വിലയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് സഹിക്കാൻ പറ്റാത്തത്. 1,139 ഡോളർ. അതായത് ഏകദേശം 1,03,000 രൂപ ! 'വൈറ്റ് അയണിങ് ബേൺ ഗ്രാഫിക് ഷർട്ട്' എന്ന് വിളിക്കപ്പെടുന്ന പ്രീമിയം ഷർട്ട് വലിയ സൈസ് ആണ്. നെഞ്ചിലെ പോക്കറ്റിനടുത്ത് ഒരു ഇരുണ്ട സ്കോർച്ച് മാർക്കിന്‍റെ രൂപത്തിൽ ഇസ്തിരിപ്പെട്ടിയുടെ പാട് കാണാം. ചൂടായ ഇരുമ്പ് കൂടുതൽ നേരം അമർത്തിപ്പിടിക്കുമ്പോൾ വസ്ത്രത്തിൽ അവശേഷിക്കുന്ന അതേ പൊള്ളലേറ്റ പാട്. അയൺ ബോക്സിലെ മാർക്കുകളും വ്യക്തം. അത്ര കൃത്യമായിട്ടാണ് ഷർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓണ്‍ലൈൻ സ്റ്റോറിൽ വില്പനയുള്ള ഷർട്ട് ആരോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സംഗതി വൈറലായി. 78 ലക്ഷം പേരാണ് ഈ ട്വീറ്റഅ കണ്ടത്. ഏഴായിരത്തിന് മുകളിലാളുകൾ ട്വീറ്റ്, റീട്വീറ്റ് ചെയ്തു. പിന്നാലെ കുറിപ്പുകളുടെ പ്രവാഹമായിരുന്നു. വീട്ടിൽ സംഭവിക്കുന്ന ഒരു സാധാരണ അബദ്ധത്തിന് ഇത്രയും വില ഇടുന്നത് ന്യായീകരിക്കാൻ പാറ്റില്ലെന്നായിരുന്നു മിക്കയാളുകളും കുറിച്ചത്. ഇത്തരം അനേകം ഷർട്ടുകൾ ഉപയോഗിക്കാതെ വീട്ടിലുണ്ടെന്നും ഫ്രീയായിട്ട് തന്ന് വിടാമെന്നും ചിലർ കുറിച്ചു. മികച്ച ഡിസൈനർമാർ മികച്ച കാര്യങ്ങൾ ചെയ്യുന്നു. ഇത് താഴ്ന്ന നിലവാരത്തിലുള്ളതാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറിപ്പ്. അതേസമയം ഇത് അബദ്ധത്തിൽ പറ്റിയതല്ലെന്നും. വീട്ടിലെ ഒരു സാധാരണ കാര്യം ഒരു ഡിസൈനർ പ്രത്യേകമായി ഡിസൈൻ ചെയ്ത് നിർമ്മിച്ചതാണെന്നും അതിനെ മനസിലാക്കൻ ശ്രമിക്കണമെന്നും മറ്റ് ചിലരും കുറിച്ചു.