
ഒരു കുട്ടിയുണ്ടാവുക, ആ കുഞ്ഞിനെ വളർത്തി വലുതാക്കുക. ഇതിനൊക്കെ മിക്കവാറും ഏറെ നേരം ചെലവഴിക്കേണ്ടി വരിക ഒരമ്മയ്‍ക്കായിരിക്കും. അതിനിടയിൽ അവളുടെ പഠനം, ജോലി എല്ലാം ചിലപ്പോൾ പ്രതിസന്ധിയിൽ ആയേക്കാം. പഠനവും ജോലിയും ഉപേക്ഷിക്കേണ്ടി വരുന്നവരും ഏറെയുണ്ട്. എന്നാൽ, ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഒരു യുവതിയുടെ ഗ്രാജ്വേഷൻ ചടങ്ങിൽ നിന്നുമുള്ള ഒരു അപൂർവ ചിത്രമാണ്.
മിഷിഗണിൽ നിന്നുള്ള ഗ്രേസ് സിംഷാക്ക് എന്ന യുവതിയാണ് ഈ ചിത്രത്തിൽ ഉള്ളത്. കോൺവൊക്കേഷൻ സെറിമണിക്ക് ഏതാനും ദിവസങ്ങൾ മുമ്പാണ് ഗ്രേസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, ലേബർ റൂമിൽ നിന്നുമിറങ്ങി വെറും ദിവസങ്ങൾക്കുള്ളിൽ അവൾ തന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായി എത്തുകയായിരുന്നു. പക്ഷേ, അതൊന്നുമല്ല ശ്രദ്ധേയമായത്. അവളുടെ ഗ്രാജ്വേഷൻ ഗൗണിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനെയും അവൾ ചേർത്ത് പിടിച്ചിരുന്നു.
എൻബിസി ചിക്കാഗോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫെറിസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ എർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിലാണ് ഗ്രേസ് ബിരുദം നേടിയത്. ട്രാവേഴ്‌സ് സിറ്റിയിലെ താമസക്കാരിയാണ് ഗ്രേസ്. ബിരുദദാനച്ചടങ്ങിന് ശേഷമായിരുന്നു അവളുടെ പ്രസവത്തീയതി പറഞ്ഞിരുന്നത്. ഡിസംബർ 15 -നായിരുന്നു കോൺവൊക്കേഷൻ ചടങ്ങ്. എന്നാൽ, ചില സങ്കീർണതകൾ കാരണം പറഞ്ഞ തീയതിക്ക് മുമ്പ് സിസേറിയനിലൂടെ ഗ്രേസ് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
എന്നാൽ, ഇതൊന്നും തന്നെ കോൺവൊക്കേഷൻ സെറിമണിയിൽ പങ്കെടുക്കാനുള്ള 24 -കാരി ഗ്രേസിന്റെ പദ്ധതികളിൽ മാറ്റം വരുത്താൻ കാരണമായില്ല. അങ്ങനെ ഡിസംബർ 15 -ന് നടന്ന ബിരുദദാനച്ചടങ്ങിൽ അവൾ പങ്കെടുത്തു. എല്ലാവരേയും പോലെ അവളും ഗ്രാജ്വേഷൻ ഗൗൺ ധരിച്ചു. പക്ഷേ, ആ ഗൗണിനുള്ളിൽ അവളുടെ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനബെല്ലും ഉണ്ടായിരുന്നു എന്ന് മാത്രം.
ആ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വായിക്കാം: ജനിച്ചയുടനെ ഉപേക്ഷിച്ചു, പെറ്റമ്മയല്ലേ? 10 വർഷമായി അമ്മയെ തേടി വിദേശവനിത ഇന്ത്യയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം