
ചില മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ പല അത്ഭുതങ്ങളും സംഭവിക്കാറുണ്ട്. കേൾക്കുന്നവർക്കോ അവർക്കോ തന്നെയോ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന തരം ചില സംഭവങ്ങൾ. ഉത്തർ പ്രദേശിലുള്ള ഒരു പത്ത് വയസുകാരന്റെ ജീവിതത്തിലും അത് തന്നെയാണ് സംഭവിച്ചത്.
റൂർക്കിയിലെ പിരാൻ കാളിയാർ ദർഗയിൽ ഭിക്ഷ യാചിച്ചിരുന്ന 10 വയസ്സുള്ള കുട്ടിയാണ് പൊടുന്നനെ ഒരു ദിവസം കോടികളുടെ ആസ്തിയുള്ള ഒരാളായി മാറിയത്. അത് സംഭവിച്ചത് എങ്ങനെ എന്നല്ലേ? യുപിയിലെ സഹരൻപൂർ ജില്ലയിലെ പണ്ഡൗലി ഗ്രാമവാസിയായിരുന്നു ഷാജേബ് ആലം. ഒരു വർഷം മുമ്പ് അവന്റെ മാതാപിതാക്കൾ മരിച്ചു. ഇതോടെ അവനെ കുറിച്ച് ഒരു വിവരവും നാട്ടുകാർക്കോ മാതാപിതാക്കളുടെ കുടുംബത്തിനോ ഇല്ലായിരുന്നു.
അവന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. അതിനിടയിൽ 2019 -ൽ അസുഖത്തെ തുടർന്ന് അവന്റെ പിതാവ് മരിച്ചു. ഷാജേബും അമ്മയും അവന്റെ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് അവർ അവിടെ നിന്നും റൂർക്കിക്ക് സമീപമുള്ള പിരാൻ കാളിയാർ ഷരീഫ് ദർഗയിലേക്ക് താമസം മാറ്റി.
എന്നാൽ, 2021 -ൽ ഷാജേബിന്റെ അമ്മയ്ക്ക് കൊവിഡിന് കീഴടങ്ങേണ്ടി വന്നു. അതോടെ അവന് അവിടെ ആരും ഇല്ലാതായി. അങ്ങനെ അവിടെ തന്നെ അഭയാർത്ഥിയായി ആ പത്ത് വയസുകാരൻ കഴിയാൻ തുടങ്ങി. അവിടെ വരുന്ന വിശ്വാസികളോടും മറ്റും ഭിക്ഷ യാചിച്ചാണ് അന്ന് മുതൽ അവൻ ഉപജീവനം നടത്തിയത്.
എന്നാൽ, എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. അവന്റെ പിതാവിന്റെ പിതാവ് മുഹമ്മദ് യാഖൂബ് 2021 -ലാണ് മരിക്കുന്നത്. പക്ഷേ, മരിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു കാര്യം ചെയ്തു. കോടികൾ വിലമതിക്കുന്ന സ്വത്ത് തന്റെ മകന്റെ മകനായ ഷാജേബിന്റെ പേരിൽ എഴുതി വച്ചു.
രണ്ട് നിലകളുള്ള ഒരു വീടും രണ്ട് കോടി വിലമതിക്കുന്ന നിലവുമാണ് ഷാജേബിന്റെ പേരിൽ മുത്തച്ഛൻ എഴുതി വച്ചത്. അതോടെ, ഷാജേബിന്റെ സഹാറൻപൂരിലുള്ള അച്ഛന്റെ വീട്ടുകാർ അവനെ തിരയാൻ തുടങ്ങി. അങ്ങനെ അവർ അവൻ താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഇപ്പോൾ അവൻ അമ്മാവനായ നവാസ് അലമിന്റെ കൂടെയാണ്. ഏതായാലും അതോടെ യാചിക്കുന്ന ജീവിതമൊക്കെ മാറി ഷാജേബ് കോടികൾ ആസ്തിയുള്ള ഒരാളായിരിക്കുകയാണ്.