
അച്ഛനും മകളുമൊത്തുള്ള വിനോദയാത്ര അവസാനിച്ചത് മരണത്തിന്‍റെ വക്കോളമെത്തി. അശ്രദ്ധിയില്‍ കാൽ വഴുതി നദിയിലേക്ക് വീണ അച്ഛനെ 10 വയസുകാരി അതിസാഹസികമായി രക്ഷപ്പെടുത്തി. യുഎസ്എയിലെ ലൂസിയാന നദിയിലാണ് സംഭവം. കഴിഞ്ഞ ജൂണ്‍ 18 ന് ഉച്ച കഴിഞ്ഞ് ബൊഗലൂസ നഗരത്തിന് അടുത്തുള്ള ബോഗ് ചിറ്റോ നദിയിലേക്ക് പോയതായിരുന്നു മൈക്കൽ പെയിന്‍ററും (46) മകളും 10 വയസുകാരിയുമായ കാര്‍സണും. അവധിക്കാല ആഘോഷത്തിനും കയാക്കിംഗിനും പിന്നെ ആമ മുട്ടകൾ കാണാനുമുള്ള അവരുടെ യാത്ര പക്ഷേ, അപകടത്തിലായിരുന്നു അവസാനിച്ചത്.
നദിയിലേക്ക് കയാക്കിംഗിന് ഇറങ്ങും മുമ്പ് അദ്ദേഹം ഫ്രണ്ട്ഫ്രിപ്പ് ചെയ്യാന്‍ ശ്രമിക്കു. കരയില്‍ നിന്നും നദിയിലേക്ക് ഫ്രണ്ട്ഫ്ലിപ്പ് ചെയ്യുന്നതിനിടെ കാല്‍ വഴുതി അദ്ദേഹം നദിയിലേക്ക് വീഴുകയും തല കരിങ്കല്ലില്‍ ഇടിക്കുകയുമായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നദിയിലേക്ക് ചാടിയ ശക്തിയില്‍ താന്‍ മുകളിലേക്ക് നീന്തുകയാണെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയത്. പക്ഷേ, തല അടിച്ചെന്ന് മനസിലായിപ്പോൾ താന്‍ നിസഹായനായിപ്പോയെന്ന് മൈക്കൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ മുങ്ങാം കുഴിയിടുകയാണെന്നായിരുന്നു കരയില്‍ നിന്നിരുന്ന മകളും കരുതിയത്. പക്ഷേ, മുങ്ങിത്താഴുന്ന അച്ഛന് ചുറ്റും രക്തം ഒഴുകുന്നത് കണ്ടപ്പോൾ അവൾ ഭയന്നു.
സംയമനം നഷ്ടപ്പെടാതെ അവൾ നദിയുടെ ഓരത്ത് നിന്നും അച്ഛനെ കരയ്ക്കെത്തിക്കാനുള്ള ശ്രമം നടത്തി. ഒടുവില്‍ ഒരുവിധത്തില്‍ അദ്ദേഹത്തെ കാരയോട് ചേര്‍ത്ത് നിർത്താന്‍ അവൾക്കായി. പിന്നാലെ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കാറില്‍ നിന്നും മൊബൈൽ എടുത്ത് പാരാമെഡിക്കലുമായി ബന്ധപ്പെടുകയും പെട്ടെന്ന് തന്നെ ആംബുലന്‍സ് സ്ഥലത്തെത്തുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മൈക്കലിന്‍റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ഒപ്പം ഒരു കശേരു ഒടിഞ്ഞു. നട്ടെല്ലിനും ചതവുണ്ടെന്ന് ആശുപത്രി രേഖകൾ പറയുന്നു.
അപകടത്തെ തുടര്‍ന്ന് മൈക്കൽ സ്ഥിരമായി തളര്‍ന്ന് പോകാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ നിലവില്‍ അപകട നില തരണം ചെയ്തെന്നും ഡോക്ടർമാര്‍ അറിയിച്ചു. മകൾ ഫോണ്‍ എടുക്കാനായി കാറിനടുത്തേക്ക് പോയപ്പോൾ ശക്തമായ ഒരു ഇടിമിന്നലുണ്ടായെന്നും താന്‍ മരിക്കാന്‍ പോകുന്നതായി തോന്നിയെന്നും മൈക്കില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പത്ത് വയസുകാരിയുടെ മനസാന്നിധ്യം അച്ഛന്‍റെ ജീവന്‍ രക്ഷിച്ചതിനാല്‍ കാര്‍സണിന് പ്രാദേശിക കോടതിയിൽ നിന്നും ധീരതയ്ക്കുള്ള പ്രശസ്തി പത്രം ലഭിക്കുമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.