
വളരെ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ അമ്മയോ അച്ഛനോ കണ്ട സ്വപ്നം, അത് യാഥാർത്ഥ്യമാക്കുമ്പോൾ നമുക്ക് തോന്നുന്ന ആഹ്ലാദം അത് എത്രമാത്രം വലുതായിരിക്കും. അതുപോലെ ഒരു അനുഭവമാണ് ആമസോൺ ഇന്ത്യയിലെ ഓപ്പറേഷൻസ് മാനേജരായ ഹർഷിനി ധനശീലൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. 10 വർഷം മുൻപ് തന്റെ അമ്മ കണ്ട ഒരു കൊച്ചു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഹർഷിനി. ഹർഷിനിക്ക് 16 വയസ്സുള്ളപ്പോഴാണ് അമ്മ ഷീല ധനശീലൻ ആ ആഗ്രഹം പ്രകടിപ്പിച്ചത്. 'നമുക്ക് രണ്ടുപേർക്കും എന്നെങ്കിലും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്ചാൽ അത് എത്ര അത്ഭുതകരമായിരിക്കും' എന്നായിരുന്നു അമ്മയുടെ ചോദ്യം. അന്ന് ഹർഷിനിയെ സംബന്ധിച്ച് അത് അത്രയൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്തൊരു സ്വപ്നം മാത്രമായിരുന്നു.
എന്നാൽ, കൃത്യം 10 വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം സത്യമാവുക തന്നെ ചെയ്തു. നിലവിൽ ആമസോൺ ഇന്ത്യയിൽ ഓപ്പറേഷൻസ് മാനേജറാണ് ഹർഷിനി. അമ്മ ഷീലയാകട്ടെ, ആമസോൺ വെബ് സർവീസസിൽ സീനിയർ മാനേജറായും ജോലി ചെയ്യുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി/ഇ-കൊമേഴ്സ് കമ്പനികളിലൊന്നിൽ അമ്മയും മകളും ഒരേസമയം ഉന്നതമായ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു എന്നതും അപൂർവ നേട്ടം തന്നെ.
'എന്റെ അമ്മ മാനിഫെസ്റ്റേഷനിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. ചിലർ ഭാവി മുൻകൂട്ടി പ്ലാൻ ചെയ്യും, എന്നാൽ എന്റെ അമ്മ ഞങ്ങളുടെ ഭാവിയിൽ വിശ്വസിച്ച് അത് നേടിയെടുത്തു' എന്നാണ് ഹർഷിനി പറയുന്നത്. 'മദേഴ്സ് ഡേ'യോടനുബന്ധിച്ചാണ് ഹർഷിനി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. അമ്മയും മകളും ഒരേ കമ്പനിയിൽ വലിയ പോസ്റ്റുകളിൽ ഒരേ നേരം ജോലി ചെയ്യുക എന്നത് അഭിമാനപൂർവമായ കാര്യമാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് നിരവധിപ്പേരാണ് ഇരുവരെയും അഭിനന്ദിച്ചിരിക്കുന്നത്.