
അപകടകരവും വിചിത്രവുമായ പ്രവർത്തനങ്ങൾക്ക് ലോക റെക്കോർഡുകൾ തകർക്കാൻ ആളുകൾ അവരുടേതായ വഴികൾ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, രണ്ട് വിയറ്റ്നാമീസ് സഹോദരന്മാർ(Vietnamese brothers) ഗിന്നസ് വേൾഡ് റെക്കോർഡ്(Guinness World Record) തകർത്തിരിക്കുന്നു. അവരിൽ ഒരാൾ മറ്റൊരാളുടെ തലയിൽ ബാലൻസ് ചെയ്തുകൊണ്ട് 100 പടികൾ കയറിയതിനാണ് റെക്കോര്‍ഡ്. 53 സെക്കന്റുകൾ കൊണ്ടാണ് സഹോദരൻമാർ ഈ അക്രോബാറ്റിക് സ്റ്റണ്ട് നടത്തിയത്. ഡിസംബർ 23 -ന് സ്പെയിനിലെ ജിറോണയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിന് പുറത്ത് ഇത് അവതരിപ്പിച്ചു.
സഹോദരൻമാരായ ജിയാങ് ക്വോക്ക് കോയും ജിയാങ് ക്വോക് എൻഗെയിപ്പും(Giang Quoc Co and Giang Quoc Ngheip) സർക്കസ് കലാകാരന്മാരാണ്. 2016 ഡിസംബറിൽ ഇതേ വേദിയിൽ നേരത്തെ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇത്തവണ 53 സെക്കൻഡിനുള്ളിൽ 100 പടികൾ കയറിയപ്പോൾ കഴിഞ്ഞ തവണ അത് 52 സെക്കൻഡിൽ 90 പടികൾ ആയിരുന്നു എന്ന് മാത്രം.
തങ്ങൾ 15 വർഷമായി ഇത് പരിശീലിക്കുന്നു എന്നും കഠിനമായ പരിശീലന കാലത്ത് തങ്ങൾക്ക് ധാരാളം അപകടങ്ങളും പരിക്കുകളും ഉണ്ടായതായും അവർ നേരത്തെ ചില മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. 'ഇന്ന് നമുക്ക് ഇത് ലളിതമായും അതിമനോഹരമായും തോന്നുന്നു. ഇപ്പോൾ ഞങ്ങൾ 53 സെക്കൻഡിനുള്ളിൽ 100 പടികൾ കയറി, അത് സാധിക്കുമെന്ന് വിചാരിച്ചില്ല... ഈ ദിവസം എല്ലാവരും ഓർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന് ഒരു വീഡിയോയിൽ ഒരു സഹോദരൻ പറയുന്നു.
'കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദൈനംദിന പരിശീലനങ്ങൾ കാരണം ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. കാലാവസ്ഥ വളരെ തണുത്തതാണ്, ഞങ്ങൾ രാവിലെ മുതൽ രാത്രി വരെ പരിശീലിക്കുന്നു... അഞ്ച് വർഷം മുമ്പാണ് ഞങ്ങൾ 52 സെക്കൻഡിനുള്ളിൽ 90 പടികൾ കയറിയത്. എനിക്ക് അത്ഭുതം തോന്നുന്നു' അദ്ദേഹം പറയുന്നു. കത്തീഡ്രലിന് ആകെ 90 പടികളേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് റെക്കോര്‍ഡ് നേട്ടത്തിനായി 10 പടികള്‍ കൂടി പണിയുകയായിരുന്നു.
'നിലവിലുള്ള 90 പടികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയവയ്ക്ക് വ്യത്യസ്ത ഉയരവും മെറ്റീരിയലും ആയിരുന്നു. ഈ 10 പടികളിലൂടെ മുൻകൂട്ടി പരിശീലിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചില്ല' ജിയാങ് ക്വോക്ക് കോ വിനെക്സ്പ്രസിനോട് പറഞ്ഞു. ഇരുവരുടെയും മുൻ റെക്കോർഡ് 2018 -ൽ 91 പടികൾ താണ്ടി പെറുവിയൻ അക്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ടുറോയും ജോയൽ യെയ്‌കേറ്റ് സാവേദ്രയും തകർത്തു.
എന്നിരുന്നാലും, 2018 ഡിസംബറിൽ, ഒരു വ്യക്തിയെ തലയിൽ വച്ച് കണ്ണടച്ച് ബാലൻസ് ചെയ്യുന്നതിനിടയിൽ ഏറ്റവും വേഗത്തിൽ പത്ത് പടികൾ ഇറങ്ങുകയും കയറുകയും ചെയ്‌ത് ഒരു പുതിയ റെക്കോർഡ് ഇവര്‍ സ്ഥാപിച്ചു, ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള റെക്കോർഡ് ഉടമകളെ അവതരിപ്പിച്ച ഇറ്റലിയിലെ TV8 -ലെ ടിവി സീരീസായ ലാ നോട്ട് ഡെയ് റെക്കോർഡിലാണ് ഇത് അവതരിപ്പിച്ചത്.
'ഇനി തുടരാൻ കഴിയില്ലെന്ന് ഞാൻ ചിലപ്പോൾ ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾ മുന്നോട്ട് പോകുകയും ഭയത്തെയും അപകടത്തെയും തരണം ചെയ്യുകയും ചെയ്യുന്നു. മനുഷ്യന്റെ സാധ്യതകൾ അനന്തമാണെന്ന് ഇതിലൂടെ ലോകത്തിലെ എല്ലാവരോടും പറയാന്‍ ഞാൻ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു.