
ഐവറി കോസ്റ്റിൽ ഹിപ്പോപൊട്ടാമസിന്റെ ആക്രമണത്തിൽ ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെയുള്ള 11 യാത്രക്കാരെ കാണാതെയായി. ബോട്ടിൽ ആകെ 14 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഐവറി കോസ്റ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം
ബുയോ പട്ടണത്തിനടുത്തുള്ള സസാന്ദ്ര നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് ആണ് ഹിപ്പോപൊട്ടാമസിന്റെ ആക്രമണത്തിൽ തകർന്നത്.
വെസ്റ്റ് ആഫ്രിക്കൻ മിനിസ്റ്റർ മൈസ് ബെൽമോണ്ടെ ഡോഗോയാണ് തൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അപകടത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഐവറി കോസ്റ്റിലെ സസാന്ദ്ര നദിയിൽ 14 യാത്രക്കാരുമായി പോയ ബോട്ട് ഹിപ്പോപൊട്ടാമസ് ഇടിച്ച് തകർത്തു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. ഈ ദാരുണ സംഭവത്തിൽ അതിയായ ദുഃഖം ഉണ്ടെന്നും ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തിയതായിട്ടുമാണ് മൈസ് ബെൽമോണ്ടെ ഡോഗോ സ്ഥിരീകരിക്കുന്നത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അതിജീവിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനം ദുഷ്കരം ആണെങ്കിലും കാണാതായ യാത്രക്കാർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്, അതേസമയം ഇതുവരെയും മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ലന്നും ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒരു നദിയിൽ ബോട്ട് മറിഞ്ഞ് 40 പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
സൊകോട്ടോ സംസ്ഥാനത്തെ ഗൊറോണിയോ പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്, ഒരു മാർക്കറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നൈജീരിയയുടെ ദേശീയ അടിയന്തര മാനേജ്‌മെന്റ് ഏജൻസി ഞായറാഴ്ച വൈകുന്നേരം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതുവരെ രക്ഷപ്പെടുത്താനായത് 10 പേരെ മാത്രമാണന്ന് അടിയന്തര ഏജൻസി വ്യക്തമാക്കി.