Israel : ജൂത-റോമന്‍ യുദ്ധകാലത്തെ 2000 വര്‍ഷം പഴക്കമുള്ള വെള്ളിനാണയം കണ്ടെത്തി

By Web TeamFirst Published Nov 25, 2021, 1:07 PM IST
Highlights

ജറൂസലെം പിടിച്ചടക്കിയ റോമാ സാമ്രാജ്യത്വത്തിനെതിരെ ജൂതവിഭാഗക്കാര്‍ നടത്തിയ യുദ്ധത്തിന്റെ വേളയില്‍  നിര്‍മിച്ചതാണ് ഈ വെള്ളിനാണയം എന്നു കരുതുന്നു. റോമാക്കാര്‍ക്കെതിരെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു ജൂത പുരോഹിതനാണ് ഈ നാണയം നിര്‍മ്മിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. 

ജറുസലെമില്‍ പുരാവസ്തു ശേഖരം തിരഞ്ഞുകൊണ്ടിരിക്കെ, 11 വയസുകാരിക്ക് 2000 വര്‍ഷം പഴക്കമുള്ള അത്യപൂര്‍വ്വമായ വെള്ളി നാണയം കിട്ടി. ഇമെക് സൂറിം നാഷണല്‍ പാര്‍ക്കില്‍ പുരാവസ്തു ഗവേഷകര്‍ക്കൊപ്പം പുരാവസ്തുക്കള്‍ തിരയുന്നതിനിടെയാണ് ഈ കണ്ടെത്തല്‍. ലീല്‍ ക്രുട്ടോകോപ്പ് എന്ന ബാലികയ്ക്കാണ് ഈ വലിയ നേട്ടം. നാണയം പുരാവസ്തു ശേഖരത്തിനൊപ്പം പ്രദര്‍ശനത്തിനു വെക്കും. 

അപൂര്‍വ്വമായ പുരാവസ്തുക്കള്‍ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് ലീലിന് തന്റെ ചെളി നിറഞ്ഞ ബക്കറ്റിനുള്ളില്‍ നിന്ന് വിലപ്പെട്ട വെള്ളിനാണയം ലഭിച്ചത്. ജറൂസലെം പിടിച്ചടക്കിയ റോമാ സാമ്രാജ്യത്വത്തിനെതിരെ ജൂതവിഭാഗക്കാര്‍ നടത്തിയ യുദ്ധത്തിന്റെ വേളയില്‍  നിര്‍മിച്ചതാണ് ഈ വെള്ളിനാണയം എന്നു കരുതുന്നു. റോമാക്കാര്‍ക്കെതിരെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു ജൂത പുരോഹിതനാണ് ഈ നാണയം നിര്‍മ്മിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. അന്ന് ജെറൂസലെം പിടിച്ചടക്കിയ റോമക്കാര്‍ ഇവിടത്തെ ജൂത തിരുശേഷിപ്പുകള്‍ തകര്‍ത്ത് ക്രിസ്തീയ ദേവാലയം പണിതിരുന്നു. ജൂത മതത്തെ ഉന്‍മൂലനം ചെയ്ത് ക്രിസ്തീയ മതം പ്രചരിപ്പിക്കാനായിരുന്നു റോമില്‍നിന്നുള്ള അധിനിവേശ സൈന്യത്തിന്റെ ശ്രമം. ഇതിനെതിരായി ജൂത പുരോഹിതരുടെ നേതൃത്വത്തില്‍ നടന്ന സായുധ പോരാട്ടത്തിന്റെ അടയാളമാണ് ഈ വെള്ളിനാണയം. 

ജറൂസലെം പിടിച്ചടക്കിയ ശേഷം ജൂത വിഭാഗക്കാര്‍ക്കെതിരെ റോമിലെ ക്രിസ്തീയ സൈന്യം നടത്തിയ അധിനിവേശത്തിന് എതിരായ ഒന്നാം ജൂത യുദ്ധകാലത്തേതാണ് ഈ വെള്ളിനാണയം. പുരാതന അടയാളങ്ങളും ജൂത കലാപത്തിന്റെ ലിഖിതങ്ങളും അടങ്ങിയതാണ് 14 ഗ്രാം ഭാരമുള്ള ഈ നാണയം. അതിന്റെ ഒരു വശത്ത് ഒരു കപ്പും 'ഇസ്രായേല്‍ ഷെക്കല്‍', 'രണ്ടാം വര്‍ഷം' എന്നീ ലിഖിതങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തിന്റെ രണ്ടാം വര്‍ഷത്തെയാണ് (ബിസി 67 മുതല്‍ 68 വരെ) ഇത് സൂചിപ്പിക്കുന്നത്. മറുവശത്താകട്ടെ, പുരാതന ഹീബ്രു ലിപിയില്‍ 'വിശുദ്ധ ജറുസലേം' എന്ന് എഴുതിയിരുന്നു. ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രണ്ടാം ദേവാലയ കാലഘട്ടത്തിലെതാണ് ഈ വെള്ളി നാണയം എന്നാണ് കരുതുന്നത്. രണ്ടാം ദേവാലയത്തിലെ വലിയ വെള്ളി ശേഖരത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ചരിത്രപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.  

പുരാവസ്തു ഗവേഷണങ്ങളില്‍ ഇതുവരെ കണ്ടെത്തിയ ആയിരക്കണക്കിന് നാണയങ്ങളില്‍ 30 വെള്ളി നാണയങ്ങള്‍ മാത്രമാണ് ഒന്നാം ജൂതയുദ്ധത്തിന്റെ കാലഘട്ടത്തില്‍ നിന്നുള്ളത്. അതുകൊണ്ട് തന്നെ ഇത് അപൂര്‍വമായ ഒരു കണ്ടെത്തലാണെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിയുടെ നാണയവിഭാഗം മേധാവി ഡോ റോബര്‍ട്ട് കൂള്‍ പറഞ്ഞു.

യുദ്ധത്തില്‍ ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജൂത വിമത പോരാളികളാണ് അക്കാലത്ത് നാണയങ്ങള്‍ നിര്‍മ്മിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു. നാണയം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വെള്ളി യഹൂദ ദേവാലയങ്ങളില്‍ ഒളിപ്പിച്ച കരുതല്‍ ശേഖരത്തില്‍ നിന്നാണ് വന്നതെന്നും, നാണയം ദേവാലയത്തില്‍ വച്ച് തന്നെ നിര്‍മ്മിച്ചതാകാമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. 

ഉയര്‍ന്ന ഗുണമേന്മയുള്ള വെള്ളി കൊണ്ടാണ് നാണയം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് നിഗമനം. അക്കാലത്ത് സാധാരണയായി ദേവാലയങ്ങളില്‍ മാത്രമാണ് ഗുണമേന്മയുള്ള വെള്ളി ലഭ്യമായിരുന്നത്.  ഇമെക് സൂറിം നാഷണല്‍ പാര്‍ക്കില്‍ ഹനുക്ക ഉത്സവ സമയത്ത് ഈ വെള്ളി നാണയം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും.  
 

click me!