Mafia : മാഫിയാ തലവന്റെ മകളായ സൗന്ദര്യറാണിയെ എതിര്‍സംഘം തട്ടിക്കൊണ്ടുപോയി; ഭീഷണി വന്നപ്പോള്‍ മോചിപ്പിച്ചു

By Web TeamFirst Published Nov 24, 2021, 5:03 PM IST
Highlights

മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് പത്തൊമ്പതുകാരിയായ മിഷലിനെ തട്ടിക്കൊണ്ടുപോയത്. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യം നീങ്ങിയതിനിടെയാണ് മിഷലിനെ ഒരു കാറില്‍ സംഘം നഗരത്തില്‍ കൊണ്ടുവിട്ടത്.

ഇക്വഡോറിലെ മാഫിയാ തലവന്റെ മകളും സൗന്ദര്യറാണിയുമായ മിഷല്‍ മാഷ്യാസിനെ സായുധ സംഘം തട്ടിക്കൊണ്ടുപോയ േേശഷം വിട്ടയച്ചു. നാലു ദിവസം ഒരു മലയുടെ മുകളില്‍ തടവില്‍ പാര്‍പ്പിച്ചശേഷമാണ് മിഷലിനെയും സുഹൃത്തിനെയും വിട്ടയച്ചത്. ഇക്വഡോറില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് പത്തൊമ്പതുകാരിയായ മിഷലിനെ തട്ടിക്കൊണ്ടുപോയത്. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യം നീങ്ങിയതിനിടെയാണ് മിഷലിനെ ഒരു കാറില്‍ സംഘം നഗരത്തില്‍ കൊണ്ടുവിട്ടത്. 

ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ മയക്കുമരുന്ന് മാഫിയകള്‍ അതിശക്തമാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തു സംഘങ്ങളായ ലോ ലോബാസ്, ലോ കോണറാസ് എന്നിവയാണ് ഇവിടെ പ്രബലര്‍. ഈയടുത്തായി മൂന്ന് തവണയാണ് ഇവിടത്തെ ഏറ്റവും വലിയ ജയിലില്‍ ഈ മയക്കുമരുന്ന് മാഫിയകള്‍ സായുധരായി ഏറ്റുമുട്ടിയത്. നൂറു കണക്കിന് തടവുകാരാണ് ഓരോ തവണയും ജയിലുകളില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈയടുത്ത് തീരദേശ പട്ടണമായ ഗയാഖിലിലെ ലിറ്റോറല്‍ പെനിറ്റെന്റിയറി ജയിലില്‍നടന്ന കലാപത്തില്‍ ലോ ലോബാസ് മാഫിയയിലെ 68 പേരെ ലോ കോണറാസ് മാഫിയ കൊന്നൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോ കോണറാസ് തലവനായ ജോസ് ഫിറ്റോ മാഷ്യാസിന്റെ മകളായ മിഷലിനെ തട്ടിക്കൊണ്ടുപോയത്. ലോ ലോബാസ് ആണ് സംഭവത്തിനു പിന്നിലെന്നാണ് നിലവിലുള്ള വിവരം. തുടര്‍ന്ന്, ഇരു മാഫിയകളും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയും ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്, നാലാം ദിവസം മിഷലിനെ മോചിപ്പിച്ചതെന്ന് കരുതുന്നു. 

ഇക്വഡോറിലെ ദേശീയ സൗന്ദര്യമത്സരത്തിലെ മത്സരാര്‍ഥിയായിരുന്ന മിഷല്‍. സംസ്ഥാനത്ത് നടന്ന സൗന്ദര്യമല്‍സരത്തില്‍ കിരീടം ചൂടിയ മിഷേല്‍ മോഡലിംഗ്, സൗന്ദര്യ മല്‍സര പരിശീലന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. തീരദേശ നഗരമായ മാന്റയില്‍ ഒരു ബ്യൂട്ടി ക്ലിനിക്ക് നടത്തുകയാണ് മിഷല്‍. അവിടെനിന്ന് ഇറങ്ങുമ്പോഴാണ് മിഷലിനെയും സുഹൃത്ത് മരിയ വിലാവിസന്‍ഷ്യോയെയും പുറത്തുകാത്തുനിന്ന സായുധ സംഘം തട്ടിയെടുത്തത്. തോക്കുചൂണ്ടി ഇവരെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്, കാര്‍ കത്തിക്കുകയും ഒരു സ്പീഡ് ബോട്ടില്‍ ഇവരെ ഒരു തീരദേശഗ്രാമത്തില്‍ എത്തിക്കുകയും അവിടെനിന്ന് സമീപത്തെ മലനിരകളിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവിടെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച ഇരുവരെയും നാലു ദിവസത്തിനു ശേഷം സമീപനഗരത്തില്‍ കാറില്‍ കൊണ്ടിറക്കുകയായിരുന്നു. 

തോക്കേന്തിയ സംഘം തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്ന് മിഷല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ തങ്ങളെ കൊല്ലുമെന്നായിരുന്നു കരുതിയത്. മോചിപ്പിക്കുമെന്ന് പ്രതീക്ഷ ഒട്ടുമില്ലായിരുന്നു. എങ്കിലും, തങ്ങളെ സംഘം ഉപദ്രവിച്ചിട്ടില്ലെന്ന് മിഷല്‍ പറഞ്ഞു. 

മരിയയുടെ പിതാവായ ജോസ് ഫിറ്റോ മാഷ്യാസ് ജയിലില്‍ കഴിയുകയാണ്. മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രൂക്ഷമായാണ് ജോസ് ഫിറ്റോ പ്രതികരിച്ചതെന്ന് ഇക്വഡോര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാഫിയകള്‍ തമ്മില്‍ പരസ്പരം പുലര്‍ത്തുന്ന ചില നിയമങ്ങളുണ്ടെന്നും അത് ലംഘിച്ചത് കുറ്റകരമാണെന്നും ജോസ് ഫിറ്റോ പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ജോസ് ഫിറ്റോയുടെ സംഘം ഭീഷണി മുഴക്കുകയും ചെയ്തു.  

ലോ ലോബാസ് മാഫിയയുടെ തലവന്‍ തലവന്‍ എല്‍ സാര്‍ജന്റോയുടെ 15- കാരിയായ മകള്‍ ഈയിടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ജോസ് ഫിറ്റോ ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പ്രതികാരവും തട്ടിക്കൊണ്ടുപോവലിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. 

അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സുപ്രധാന മേഖലയാണ് ഇക്വഡോര്‍. മെക്‌സിക്കോയും കൊളംബോയും താവളമാക്കിയ മാഫിയകള്‍ കുറച്ചുകാലമായി ഇക്വഡോര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുമായി ചേര്‍ന്നാണ് ഇക്വഡോറിലെ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ പ്രബലരാണ് ജോസ് ഫിറ്റോ തലവനായ ലോ കോണറാസ്. ബദ്ധശത്രുക്കളായ ലോ ലോബാസുമായി ഇവര്‍ കുറച്ചുകാലമായി ശീതസമരത്തിലാണ്. 

ഇതിന്റെ ഭാഗമായാണ് ജയിലുകളില്‍ ഈയിടെ നടന്ന കൊലപാതകങ്ങള്‍. തടവറയില്‍ കഴിയുന്ന എതിര്‍ഗ്രൂപ്പുകാരെ വകവരുത്തുന്നതിനാണ് ജയിലുകളില്‍ ഏറ്റുമുട്ടലുകള്‍ നടത്തിയത്. ജയില്‍വാഹനങ്ങളില്‍ ആയുധങ്ങള്‍ തടവറകളില്‍ എത്തിച്ചശേഷം എതിരാളികള്‍ക്കു നേരെ ജയിലിനകത്ത് വന്‍ ആക്രമണം നടത്തുകയാണ്. ഇക്വഡോറിലെ ഏറ്റവും വലിയ ജയിലായ ഗയാഖിലിലെ ലിറ്റോറല്‍ പെനിറ്റെന്റിയറി ജയിലില്‍ നവംബര്‍ 14ന് ജോസ് ഫിറ്റോയുടെ സംഘം നടത്തിയ ആക്രമണത്തില്‍ എതിര്‍ സംഘത്തിലെ 68 പേരാണ് കൊല്ലപ്പെട്ടത്. അതിനു  രണ്ടു മാസം മുമ്പ് സെപ്തംബര്‍ 29-ന് ഇതേ ജയിലില്‍ ഈ സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലില്‍ 116 തടവുകാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് ഇക്വഡോറിലെ തടവറകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 
 

click me!