88 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന് സിനിമാ  സ്‌റ്റൈലില്‍ രക്ഷപ്പെട്ട കൊള്ളക്കാര്‍ക്ക് മുട്ടന്‍പണി!

By Web TeamFirst Published Sep 8, 2021, 2:44 PM IST
Highlights

88 കോടി രൂപയുടെ ആഭരണങ്ങള്‍ സാഹസികമായി കവര്‍ന്ന് സിനിമാ സ്‌റ്റെലില്‍ രക്ഷപ്പെട്ട സായുധ കവര്‍ച്ചാ സംഘത്തിന് നിമിഷങ്ങള്‍ക്കകം പണികിട്ടി. ഫ്രഞ്ച് പൊലീസിന്റെ അപ്രതീക്ഷിത ഇടപെടലിനെ തുടര്‍ന്ന് സംഘം അറസ്റ്റിലായി. കവര്‍ന്നെടുത്ത മുഴുവന്‍ സ്വര്‍ണ്ണവും തിരിച്ചുകൊടുക്കേണ്ടിയും വന്നു. 
 

88 കോടി രൂപയുടെ ആഭരണങ്ങള്‍ സാഹസികമായി കവര്‍ന്ന് സിനിമാ സ്‌റ്റെലില്‍ രക്ഷപ്പെട്ട സായുധ കവര്‍ച്ചാ സംഘത്തിന് നിമിഷങ്ങള്‍ക്കകം പണികിട്ടി. ഫ്രഞ്ച് പൊലീസിന്റെ അപ്രതീക്ഷിത ഇടപെടലിനെ തുടര്‍ന്ന് സംഘം അറസ്റ്റിലായി. കവര്‍ന്നെടുത്ത മുഴുവന്‍ സ്വര്‍ണ്ണവും തിരിച്ചുകൊടുക്കേണ്ടിയും വന്നു. 

പാരീസിലെ പ്രശസ്തമായ ജ്വല്ലറി കൊള്ളയടിച്ച മൂന്നംഗ സായുധ സംഘത്തിനാണ് കട്ടപ്പണി കിട്ടിയത്. 12 മില്യന്‍ ഡോളര്‍ (88 കോടി രൂപ) വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ സിനിമാ സ്‌റ്റൈലില്‍ സ്ഥലം വിടുകയായിരുന്നു. പുറത്ത് നിര്‍ത്തിയിട്ട ബി എം ഡബ്ല്യൂ കാറില്‍ രക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്ന പൊലീസ് കാറിനു നേര്‍ക്ക് വെടിവെപ്പ് നടത്തി. തുടര്‍ന്ന്, കാറില്‍നിന്നിറങ്ങി ഓടിയ മൂന്ന് പേരെ അറസ്്റ്റ് ചെയ്തു. ആഭരണങ്ങള്‍ വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

പാരീസിലെ പ്രശസ്തമായ വെന്‍ഡോമി ആഡംബര തെരുവിലുള്ള ഇറ്റാലിയന്‍ ജ്വല്ലറി ബ്രാന്‍ഡായ ബല്‍ഗരിയാണ് ആക്രമിക്കപ്പെട്ടത്. നിറതോക്കുകളുമായി ഇവിടേക്ക് എത്തിയ മൂന്ന് കൊള്ളക്കാര്‍ ജീവനക്കാരെ ആയുധമുനയില്‍നിര്‍ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. 

കവര്‍ച്ചയ്ക്കു ശേഷം പാഞ്ഞിറങ്ങിയ മൂന്നംഗ സംഘം  പുറത്തു നിര്‍ത്തിയിട്ട ബി എം ഡബ്ല്യൂ കാറില്‍ രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേര്‍ മോട്ടോര്‍ സൈക്കിളിലും രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഇവരെ പിന്തുടര്‍ന്ന പൊലീസ് ഒന്നര കിലോമീറ്റര്‍ അകലെവെച്ച് ഇവരുടെ കാറിനു നേര്‍ക്ക് വെടിവെപ്പ് നടത്തി. ഇതിനെത്തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയോടിയ സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആഭരണങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഘത്തിലെ മറ്റുളളവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. 

ലോകപ്രശസ്ത ഇറ്റാലിയന്‍ ആഭരണ ബ്രാന്റായ ബല്‍ഗാരിയുടെ പാരീസിലെ ഈ ഷോറൂം അടുത്തകാലത്തായി നവീകരിച്ചിരുന്നു. പാരീസിലെ ഫാഷന്‍ തെരുവ് എന്നറിയപ്പെടുന്ന വെന്‍ഡോമില്‍ കനത്ത സുരക്ഷ നിലവിലുണ്ട്. അതിനിടെയാണ്, കവര്‍ച്ചാ സംഘം കടയിലെത്തിയത്. 

ജുലൈ 27-ന് മറ്റൊരു ആഭരണശാലയില്‍ സമാനമായ കവര്‍ച്ച നടന്നിരുന്നു. അന്ന് രണ്ട് മില്യന്‍ ഡോളര്‍ വിലവരുന്ന ആഭരണങ്ങളുമായി ഇലക്ട്രിക് സ്‌ക്കൂട്ടറില്‍ രക്ഷപ്പെട്ട കവര്‍ച്ചക്കാരനെ പിറ്റേന്ന് അറസ്റ്റ് ചെയ്യുകയും ഏതാണ്ടെല്ലാ ആഭരണങ്ങളും തിരിച്ചു കിട്ടുകയും ചെയ്തിരുന്നു. അതിനു രണ്ടു ദിവസത്തിനു ശേഷം വീണ്ടും മറ്റൊരു ജ്വല്ലറിയില്‍ കവര്‍ച്ച നടന്നു. നാലു ലക്ഷം ഡോളറിന്റെ ആഭരണങ്ങളാണ് അന്ന് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. അതിനു ശേഷം ഇവിടെ നടക്കുന്ന പ്രധാന കവര്‍ച്ചയാണിത്.

click me!