പൊതുമാപ്പിന് പുല്ലുവില; താലിബാന്‍ വേട്ട തുടരുന്നു; വൃദ്ധനെ വീട്ടില്‍ക്കയറി തല്ലിച്ചതച്ചു

By Web TeamFirst Published Sep 8, 2021, 1:08 PM IST
Highlights

പൊതുമാപ്പ് പ്രഖ്യാപനത്തിന് പുല്ലുവില കല്‍പ്പിച്ച് മുന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ താലിബാന്‍ ഭീകരര്‍ വേട്ട തുടരുന്നു. കാബൂള്‍ പൊലീസ് ജില്ലാ 17-ലാണ് ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഒരു വീടാക്രമിച്ച് ഗൃനാഥനെ തല്ലിച്ചതക്കുകയും ലോക്കപ്പിലടക്കുകയുമായിരുന്നു താലിബാന്‍. 

പൊതുമാപ്പ് പ്രഖ്യാപനത്തിന് പുല്ലുവില കല്‍പ്പിച്ച് മുന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ താലിബാന്‍ ഭീകരര്‍ വേട്ട തുടരുന്നു. കാബൂള്‍ പൊലീസ് ജില്ലാ 17-ലാണ് ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഒരു വീടാക്രമിച്ച് ഗൃനാഥനെ തല്ലിച്ചതക്കുകയും ലോക്കപ്പിലടക്കുകയുമായിരുന്നു താലിബാന്‍. 

മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ മകന്റെ ആയുധങ്ങളും വാഹനങ്ങളും ആവശ്യപ്പെട്ടെത്തിയ താലിബാന്‍ സംഘമാണ് വീടാക്രമണം നടത്തിയത്. കാബൂള്‍ പൊലീസ് ജില്ലാ 17-ല്‍ താമസിക്കുന്ന അബ്ദുല്‍ അഹദാണ് താലിബാന്റെ പീഡനത്തിന് ഇരയായത്. അഫ്ഗാനിസ്താനിലെ പ്രമുഖ ടി വി ചാനലായ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

തിങ്കളാഴ്ച രാവിലെയാണ് ഒരു സംഘം താലിബാന്‍കാര്‍ വീടാക്രമിച്ചതെന്ന് അഹദ് ചാനലിനോട് പറഞ്ഞു. ''താലിബാന്‍ സംഘം ആദ്യം വീട്ടിലേക്ക് വെടിവെപ്പ് നടത്തുകയായിരുന്നു. പിന്നീട് അവര്‍ വീട്ടിലേക്ക് കയറി വന്ന് എന്നെ പൊതിരെ തല്ലി. അതിനു ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലടച്ചതായും അദ്ദേഹം പറഞ്ഞു. 

അഫ്ഗാന്‍ പൊലീസ് സേനയില്‍ ഉദ്യോഗസ്ഥനായിരുന്ന തന്റെ മകന്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം ആയുധങ്ങളും വാഹനവും സറണ്ടര്‍ ചെയ്തതായി അഹദ് പറഞ്ഞു. ഇക്കാര്യം പറഞ്ഞിട്ടും താലിബാന്‍കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ''നിന്റെ മകന്‍ പൊലീസ് ആണെന്നും അവന്റെ കൈയില്‍ ആയുധവും വാഹനവും ഉണ്ടെന്നും അതെല്ലാം തരണമെന്നും ആവശ്യപ്പെട്ടാണ് ആയുധധാരികളായ താലിബാന്‍ സംഘം എന്നെ ആക്രമിച്ചത്' -അദ്ദേഹം പറഞ്ഞു. 

തനിക്ക് നീതി വേണമെന്നും ഇക്കാര്യത്തില്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''എന്റെ അവകാശങ്ങള്‍ അവര്‍ അംഗീകരിക്കണം. വീടാക്രമിക്കാനും അവിടെയുള്ളവരെ ജയിലിലടക്കാനും ആരെയും അനുവദിക്കരുത്. ''-അദ്ദേഹം പറഞ്ഞു. 

എന്നാല്‍, താലിബാന്‍ ഈ സംഭവം നിഷേധിച്ചു. മുന്‍ സര്‍ക്കാറില്‍ ചെയ്ത പല ഉദ്യോഗസ്ഥരും ഇവിടെയുണ്ടെങ്കിലും തങ്ങള്‍ ആരുടെയും വീട്ടിലേക്ക് പോയിട്ടില്ലെന്ന് പ്രാദേശിക താലിബാന്‍ നേതാവ് ഖാരി സൈഫുല്ല പറഞ്ഞു. 

അതിനിടെ കാബൂള്‍ജില്ലയില്‍ ഒരു സംഘം താലിബാന്‍കാര്‍ ഒരു വീടാക്രമിക്കുകയും ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നതായി ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുന്‍ സര്‍ക്കാറില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് താലിബാന്‍ കഴിഞ്ഞ ആഴ്ച പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. മുന്‍ സര്‍ക്കാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെ ഉപദ്രവിക്കില്ലെന്നും അന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞിരുന്നു. എന്നാല്‍, അതിനു ശേഷം പലയിടങ്ങളിലായി താലിബാന്‍കാര്‍ മുന്‍ ഉദ്യോഗസ്ഥരെയും സൈനികരെയും ഉപദ്രവിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗര്‍ഭിണിയായ ഒരു വനിതാ പൊലീസ് ഉദേ്യാഗസ്ഥയെ താലിബാന്‍കാര്‍ കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചുകൊന്നത് കഴിഞ്ഞ ആഴ്ചയാണ്. 

click me!