Swami Sivananda : 125 -ാം വയസിൽ പത്മശ്രീ, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും ശിരസ് നമിച്ച ഇദ്ദേഹം ആര്?

Published : Mar 22, 2022, 11:44 AM IST
Swami Sivananda : 125 -ാം വയസിൽ പത്മശ്രീ, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും ശിരസ് നമിച്ച ഇദ്ദേഹം ആര്?

Synopsis

തന്റെ ജീവിതം മനുഷ്യക്ഷേമത്തിനായി സമർപ്പിച്ച അദ്ദേഹം, കഴിഞ്ഞ 50 വർഷമായി പുരിയിൽ കുഷ്ഠരോഗബാധിതരെ സേവിക്കുന്നു. ഭക്ഷണ പൊതികൾ, പഴങ്ങൾ, വസ്ത്രങ്ങൾ, ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, കൊതുക് വലകൾ, പാചക പാത്രങ്ങൾ എന്നിങ്ങനെയുള്ള വിവിധ സാധനങ്ങൾ അദ്ദേഹം അവർക്ക് കണ്ടെത്തി നൽകുന്നു.

തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മശ്രീ(Padma Shri) പുരസ്കാരം ഏറ്റുവാങ്ങാൻ 125 -കാരനായ സ്വാമി ശിവാനന്ദ (Swami Sivananda) രാഷ്ട്രപതി ഭവനിൽ എത്തി. അദ്ദേഹം ദർബാർ ഹാളിലേക്ക് നഗ്നപാദനായി നടന്നെത്തുമ്പോൾ, അവിടെ കൂടിയിരുന്ന കാണികൾ കരഘോഷം മുഴക്കി അദ്ദേഹത്തെ എതിരേറ്റു. വെള്ള കുർത്തയും ധോത്തിയും ധരിച്ച അദ്ദേഹം, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മുന്നിൽ ആദരസൂചകമായി മുട്ടുകുത്തി നമസ്കരിച്ചു. ലാളിത്യത്തിന്റെ പ്രതീകമായ അദ്ദേഹത്തെ പ്രധാനമന്ത്രിയും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വണങ്ങി. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും ആദരവോടെ ശിരസ്സ് നമിക്കുന്ന അദ്ദേഹം യഥാർത്ഥത്തിൽ ആരാണ്?

വാരണാസിയിൽ നിന്നുള്ള ശിവാനന്ദ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. 1896 ഓഗസ്റ്റിൽ അന്നത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന സിൽഹെറ്റ് ജില്ലയിലാണ് (ഇപ്പോൾ ബംഗ്ലാദേശ്) ശിവാനന്ദ ജനിച്ചത്. തികഞ്ഞ ദാരിദ്ര്യത്തിനിടയിയിലേക്കാണ് അദ്ദേഹം ജനിച്ച് വീണത്. ഭിക്ഷാടനം നടത്തിയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നത്. കുട്ടിക്കാലത്ത്, കരഞ്ഞും, പട്ടിണി കിടന്നും അദ്ദേഹം വളർന്നു. വിശന്ന് കരയുന്ന അദ്ദേഹത്തിന്റെ വായിലേക്ക് അച്ഛനും അമ്മയും കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുമായിരുന്നു. മകന്റെ വിശപ്പ് മാറ്റാൻ അവരുടെ കൈയിൽ ആകെയുണ്ടായിരുന്നത് അതായിരുന്നു.  

ഈ ദുരിതത്തിനും, കഷ്ടപ്പാടിനുമിടയിൽ ആറാം വയസ്സിൽ അദ്ദേഹം അനാഥനായി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അദ്ദേഹം പശ്ചിമ ബംഗാളിലെ നബദ്വിപ്പിലുള്ള ഗുരു ഓംകാരാനന്ദ ഗോസ്വാമിയുടെ ആശ്രമത്തിൽ എത്തിപ്പെട്ടു. അവിടെയാണ് പിന്നീട് അദ്ദേഹം വളർന്നത്. അവിടെ അദ്ദേഹത്തിന് യോഗ ഉൾപ്പെടെയുള്ള ആത്മീയ വിദ്യാഭ്യാസത്തിൽ പരിശീലനം ലഭിച്ചു. ബ്രഹ്മചര്യത്തിന്റെ പാത തിരഞ്ഞെടുത്ത അദ്ദേഹം ഗുരുവിനോടൊപ്പം യൂറോപ്പ്, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങി 34 രാജ്യങ്ങളിൽ സഞ്ചരിച്ചു.

യോഗ, അച്ചടക്കം, ബ്രഹ്മചര്യം എന്നിവയിൽ ഊന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ‘ലോകം എന്റെ വീടാണ്, അതിലെ ആളുകൾ എന്റെ അച്ഛനും അമ്മമാരുമാണ്, അവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് എന്റെ മതം’ അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം കാശി ഘട്ടുകളിൽ യോഗ പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പുലർച്ചെ 3 മണിക്ക് ഉണരുന്ന അദ്ദേഹം എല്ലാ ദിവസവും മുടങ്ങാതെ യോഗയും പ്രാണായാമവും ചെയ്യുന്നു. ഈ വയസ്സിലും വെറും തറയിലാണ് ഉറങ്ങുന്നത്.  ലഘുവായി മാത്രം ആഹാരം കഴിക്കുന്നു. എണ്ണയില്ലാത്ത വേവിച്ച പച്ചക്കറികളാണ് കൂടുതലും കഴിക്കുന്നത്.

തന്റെ ജീവിതം മനുഷ്യക്ഷേമത്തിനായി സമർപ്പിച്ച അദ്ദേഹം, കഴിഞ്ഞ 50 വർഷമായി പുരിയിൽ കുഷ്ഠരോഗബാധിതരെ സേവിക്കുന്നു. ഭക്ഷണ പൊതികൾ, പഴങ്ങൾ, വസ്ത്രങ്ങൾ, ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, കൊതുക് വലകൾ, പാചക പാത്രങ്ങൾ എന്നിങ്ങനെയുള്ള വിവിധ സാധനങ്ങൾ അദ്ദേഹം അവർക്ക് കണ്ടെത്തി നൽകുന്നു. 2019 -ലെ യോഗ രത്‌ന അവാർഡ് ഉൾപ്പെടെയുള്ള വിവിധ പുരസ്‌കാരങ്ങൾ സ്വാമി ശിവാനന്ദയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 -ലെ ലോക യോഗ ദിനമായ ജൂൺ 21-ന് നടന്ന യോഗാ പ്രദർശന ചടങ്ങിൽ രാജ്യത്ത് നിന്നുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. 2019 നവംബർ 30-ന് സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് റെസ്പെക്റ്റ് ഏജ് ഇന്റർനാഷണലിന്റെ ബസുന്ദര രത്തൻ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. അതുപോലെ, കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയത്ത്, അദ്ദേഹം വാക്‌സിനേഷനെ പരസ്യമായി അംഗീകരിച്ച് കൊണ്ട് രംഗത്ത് വരികയും, കുത്തിവയ്പ്പ് നടത്തിയ ആദ്യ വ്യക്തികളിൽ ഒരാളായി മാറുകയും ചെയ്തു.  

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ