
യുകെയിലെ ബർമിംഗ്ഹാമിൽ 13 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് അത്യാസന്നനിലയില്‍ ആശുപത്രിയിലായി. ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് ഗുരുതരമായ ആന്തരിക പൊള്ളൽ, ഹൃദയാഘാതം, വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ എന്നിവ കണ്ടെത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അമ്മ കുളിമുറി വൃത്തിയാക്കുന്നതിനിടെ കുളിമുറിക്ക് സമീപത്തെത്തിയ കുഞ്ഞ്, തറയിൽ വച്ചിരുന്ന വെളുത്ത കുപ്പി പാലാണെന്ന് കരുതി എടുത്ത് കുടിച്ചതായി സാമിന്‍റെ അച്ഛന്‍ നദീൻ അൽഷാമേരി മാധ്യമങ്ങളോട് പറഞ്ഞു. അത് ഡ്രെയിൻ ക്ലീനറായിരുന്നു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിയുമ്പോഴേക്കും അത് അവനെ പൊള്ളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഡ്രെയിൻ ക്ലീനർ കുടിച്ചതിന് പിന്നാലെ കുട്ടിയുടെ ചുണ്ടുകൾ, വായ, നാവ്, ശ്വാസനാളം എന്നിവ പൊള്ളി. ജീവന് ഭീഷണിയായ നിലയില്‍ കുട്ടിയുടെ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റു. കുട്ടി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കുട്ടിയെ ഉടന്‍ തന്നെ ബർമിംഗ്ഹാം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ആദ്യം കുട്ടിയുടെ മൂക്കിലൂടെ ഫീഡിംഗ് ട്യൂബ് ഇട്ടെങ്കിലും പിന്നീട് ഡോക്ടർമാർ മൂക്കിലൂടെയുള്ള ഫീഡിംഗ് ട്യൂബ് നീക്കം ചെയ്യുകയും വയറ്റിൽ ഒരു സ്ഥിരമായ ട്യൂബ് ഘടിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്‍റെ വായ അടഞ്ഞുപോകാൻ തുടങ്ങിയിരിക്കുന്നുവെന്നും, ഭക്ഷണമോ പാനീയമോ വിഴുങ്ങുന്നതിൽ നിന്ന് അവനെ തടയുന്ന ഒരു ചെറിയ ദ്വാരം മാത്രമേ അവശേഷിച്ചിട്ടുള്ളൂവെന്നും ഡോക്ടർമാര്‍ പറയുന്നു. കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചെങ്കിലും ഏറ്റവും അടുത്ത് തന്നെ ഒരു ശസ്ത്രക്രിയയ്ക്കായി എത്താനും ഡോക്ടർമാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, തിയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ചില ഡോക്ടർമാര്‍ ശസ്ത്രക്രിയ സാധ്യമാണെന്ന് പറയുമ്പോൾ മറ്റ് ചിലര്‍ ആദ്യത്തെ സംഭവമായതിനാല്‍ ആശങ്കയിലാണെന്നും നദീർ പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി കുടുംബം ഒരു GoFundMe കാമ്പെയ്‌ൻ ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.