ഒന്ന് കെട്ടിപ്പിടിക്കാന്‍ 600 രൂപ; ഹഗ് തെറാപ്പി, പ്രത്യേക പരിശീലനം ലഭിച്ച ജിമ്മന്മാരുടെ കെട്ടിപ്പിടിത്തം ചൈനയില്‍ ഹിറ്റ് !

Published : Nov 19, 2025, 05:37 PM IST
 hug therapy

Synopsis

ചൈനയിൽ 'മാന്‍ മം' എന്ന പുതിയ ട്രെൻഡ് വൈറലാകുന്നു. ഇതിലൂടെ പരിശീലനം ലഭിച്ച പുരുഷന്മാർ പണം വാങ്ങി സ്ത്രീകൾക്ക് വൈകാരിക പിന്തുണയും ആശ്വാസവും നൽകുന്നതിനായി ആലിംഗനം ചെയ്യുന്നു. ഒരു വരുമാന മാർഗ്ഗമായും സമ്മർദ്ദം കുറയ്ക്കാനുള്ള വഴിയായും കണക്കാക്കപ്പെടുന്നു.

 

വീട്ടിലെ പ്രശ്നങ്ങൾ കഴിഞ്ഞ് ഓഫീസിലെത്തുമ്പോൾ അവിടെ അതിലും വലിയ പ്രശ്നം. സമാധാനമെന്നത് ഏഴയലക്കത്ത് പോലുമില്ല. ഇത്തരം അസ്വസ്ഥകരമായ സന്ദർഭങ്ങളില്‍ ആരോടെങ്കിലും ഒന്ന് തുറന്ന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കിലെന്ന് ആര്‍ക്കാണ് തോന്നാതിരിക്കുക. സംസാരിച്ചില്ലെങ്കിലും അല്പനേരത്തേക്കെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാനെങ്കിലും ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും നമ്മുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. അതെ അതിനും ഇനി ഒരു പോംവഴിയുണ്ട്. പണം നല്‍കിയാൽ നിങ്ങൾക്ക് ആശ്വസകരമായ ആലിംഗനം നല്‍കാന്‍ പുരുഷന്മാര്‍ റെഡി. അതും പ്രത്യേക പരിശീലനം ലഭിച്ച പുരുഷന്മാര്‍. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ 'മാന്‍ മം ട്രെന്‍ഡാ'ണ്.

വരുമാനം ഒപ്പം പിന്തുണയും

ആധുനിക ലോകം ആലിംഗനത്തെ വൈകാരിക പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമായി കണക്കാക്കുന്നു. അതെ, 'ഒന്ന് കെട്ടിപ്പിടിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെ നിനക്കൊള്ളെന്ന് നാട്ടിന്‍പുറത്തെ മുത്തശ്ശിമാര്‍ പറയുന്നത് വെറുതെയല്ല. ആലിംഗനം ചെയ്യുമ്പോൾ ലഭിക്കുന്നത് ഒരു വൈകാരിക പിന്തുണ കൂടിയാണ്. ഇന്ന് ഇത് പണം നേടാനുള്ള ഒരു വരുമാന മാർഗ്ഗം കൂടിയാണ്.

ജോലി സ്ഥലത്തോ, വീട്ടിലോ മറ്റെവിടെയെങ്കിലുമാകട്ടെ ഏറെ സമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകളാണ് നിങ്ങളെങ്കില്‍ ആശ്വാസത്തിന് ഒരു ആലിംഗനം നല്‍കാനായി എത്തുന്നത്. പ്രത്യേക പരിശീലനം ലഭിച്ച യുവാക്കളായിരിക്കും. അവരുടെ ആലിംഗനത്ത് പ്രണയമോ മറ്റ് വികാരങ്ങളോ ഒന്നുമുണ്ടാകില്ല. പക്ഷേ. ആ കെട്ടിപ്പിടിത്തം നിങ്ങളുടെ സമ്മ‍ർദ്ദം കുറയ്ക്കും. റെയിൽവേ സ്റ്റേഷന്‍, ഓഫീസ്, വീട്, പാര്‍ക്ക് ഷോപ്പിംഗ് മോൾ, മെട്രോ സ്റ്റേഷന്‍ അങ്ങനെ എവിടെ വച്ച് വേണമെങ്കിലും ഹഗ് തെറാപ്പിക്കാരുടെ സേവനം ആവശ്യപ്പെടാം.

ചൈനയിലെ ട്രെന്‍റ്

അഞ്ച് മിനിറ്റ് നേരത്തെ ആലിംഗനത്തിന് 20 മുതല്‍ 50 യുവാന്‍ (ഏകദേശം 250 മുതല്‍ 600 രൂപ) വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. ചൈനയിലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ചെറുതായി തുടങ്ങിയ ഈ പുതിയ ട്രെന്‍റ് ഇന്ന് ഒരു ബിസിനസായി ചെറു നഗരങ്ങളിലേക്ക് പോലും വ്യാപിച്ചു. ചൈനയിലെ അവിവാഹിതരായ സ്ത്രീകളുടെ വര്‍ദ്ധനവും യുവാക്കളുടെ തൊഴിലില്ലായ്മയും പുതിയ ട്രെന്‍റിനെ വൈറലാക്കിയെന്ന് വേണം പറയാന്‍. ഒരു സ്ത്രീ, മൂന്ന് മണിക്കൂർ ഓവർടൈമിന് ശേഷം ഒരു ആലിംഗനം തെരഞ്ഞെടുക്കുവെന്ന് സൗത്ത് ചൈന മോണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആ പുരുഷൻ അവളുടെ തോളിൽ തട്ടി, ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവളുടെ വാക്കുകൾ ശ്രദ്ധിച്ചു, അവൾക്ക് "സമ്മർദ്ദം പാതി കുറഞ്ഞതായി" തോന്നി.

സ്ഥിരമായി ജിമ്മില്‍ പോകുന്നവരെയാണ് മാന്‍ മം ട്രെന്‍റ് പ്രൊഫഷണലായി എടുക്കുന്നത്. യുവാക്കളിൽ പലരും പറയുന്നത്, ഇതൊരു വരുമാനം മാത്രമല്ല, ഒരാളുടെ മാനസിക ഭാരം ലഘൂകരിക്കുന്നതിലൂടെ ലഭിക്കുന്ന ലക്ഷ്യബോധമാണ് തങ്ങളെ നയിക്കുന്നതെന്നാണ്. ഷൗ എന്നയാൾ 34 ആലിംഗനങ്ങൾ വാഗ്ദാനം ചെയ്യുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 1,758 യുവാൻ സമ്പാദിക്കുകയും ചെയ്യുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ചൈനയിലെ തിരക്കേറിയ നടപ്പാതകളിൽ "അഞ്ച് മിനിറ്റിന് 50 യുവാൻ" എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ട് നിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പഠനത്തിനോ പകൽ ജോലിക്കോ ഒപ്പം ഒരു പാർട്ട് ടൈം അവസരമായി ഇതിനെ പല യുവാക്കളും കണക്കാക്കുന്നു. ജിമ്മില്‍ പോകുന്നവരാണോ നിങ്ങൾ? എന്താ ഒരു കൈ നോക്കുന്നോ?

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്