
ടാക്സി ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ, യാത്രാക്കൂലിയെ ചൊല്ലിയും, ഇറക്കേണ്ടുന്ന സ്ഥലത്തെ ചൊല്ലിയും ഒക്കെ പലപ്പോഴും തർക്കമുണ്ടാകാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവറും യുവതിയും തമ്മിലുള്ള തർക്കമാണ് വീഡിയോയിൽ കാണുന്നത്. യുവതിക്ക് ഇറങ്ങേണ്ടുന്ന ലൊക്കേഷനെ ചൊല്ലിയാണ് തർക്കം. ആപ്പിൽ ബുക്ക് ചെയ്തതാണ് ടാക്സി. എന്നാൽ, കൊടുത്ത ഡ്രോപ് ഓഫ് ലൊക്കേഷനിൽ നിന്നും കുറച്ചുകൂടി അകത്തേക്കാണ് യുവതിക്ക് പോകേണ്ടത്. അവർ ഡ്രൈവറോട് അവിടെ ഇറക്കാൻ പറയുന്നു. എന്നാൽ, നേരത്തെ കൊടുത്തിരിക്കുന്ന ലൊക്കേഷനിൽ നിന്നും മാറി ഡ്രോപ് ചെയ്യാൻ സാധിക്കില്ല എന്നാണ് ഡ്രൈവർ പറയുന്നത്. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായിരിക്കുന്നത്.
യുവതി ഡ്രൈവറോട് കുറച്ച് രൂക്ഷമായിട്ടാണ് സംസാരിക്കുന്നത്. പിന്നാലെ ഡ്രൈവറോട് 'പണം നൽകാതെ താൻ പോകും' എന്ന് യുവതി പറയുന്നതും കാണാം. എന്നാൽ, ഡ്രൈവർ പറയുന്നത് പണം നൽകാതെ പോയിക്കൊള്ളൂ. എന്നാലും തന്നിരിക്കുന്ന ലൊക്കേഷനിൽ നിന്നും മാറ്റി ഇറക്കാൻ തനിക്ക് സാധിക്കില്ല എന്നാണ്. തന്നെ മറ്റ് ഡ്രൈവർമാർ ലൊക്കേഷൻ മാറി ഇറക്കാറുണ്ട് എന്നും ഏത് മോശം നേരത്താണോ നിന്റെ ടാക്സി പിടിക്കാൻ തോന്നിയത് എന്നുമെല്ലാം യുവതി പറയുന്നുണ്ട്. നീ എന്ന് വിളിച്ചതും ഡ്രൈവറെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
'ഇതാണ് നിങ്ങൾ ഡ്രോപ് ഓഫ് ലൊക്കേഷൻ കൊടുത്തിരിക്കുന്നത്, പിന്നെന്തിനാണ് നിങ്ങളെ ഞാൻ അകത്തേക്ക് മാറ്റി ഇറക്കുന്നത്' എന്നാണ് ഡ്രൈവറുടെ ചോദ്യം. എന്തായാലും ടാക്സിക്കൂലി തരാതെ താൻ പോകും എന്നാണ് യുവതിയുടെ ഭീഷണി. 132 രൂപയാണ് ടാക്സിച്ചാർജ്. അത് തരാതെ പോയ്ക്കൊള്ളൂ തനിക്ക് ഒരു കുഴപ്പവുമില്ല എന്നും ഡ്രൈവർ പറയുന്നു. 'ആ 132 രൂപ എന്നെയോ നിങ്ങളെയോ ധനികരാക്കില്ല അത് തന്നില്ലെങ്കിലും കുഴപ്പമില്ല' എന്നാണ് ഡ്രൈവർ പറയുന്നത്. അവസാനം പണം നൽകാതെ യുവതി പോകുന്നു.
വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യുവതി ചെയ്തത് ശരിയായില്ല എന്ന് പലരും അഭിപ്രായപ്പെട്ടു. കുറച്ചുകൂടി നന്നായി പറഞ്ഞിരുന്നെങ്കിൽ ഡ്രൈവർ ലൊക്കേഷൻ മാറി ഇറക്കാൻ തയ്യാറായേനെ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.