'132 വർഷം പഴക്കം', കുപ്പിയിൽ ലൈറ്റ് ഹൌസിൽ ഒളിപ്പിച്ചത് തലമുറകൾക്കായുള്ള ചെറുകുറിപ്പ്, അപൂർവ്വ കണ്ടെത്തൽ

Published : Nov 09, 2024, 01:48 PM IST
'132 വർഷം പഴക്കം', കുപ്പിയിൽ ലൈറ്റ് ഹൌസിൽ ഒളിപ്പിച്ചത് തലമുറകൾക്കായുള്ള ചെറുകുറിപ്പ്, അപൂർവ്വ കണ്ടെത്തൽ

Synopsis

ലൈറ്റ് ഹൌസിലെ പതിവ് പരിശോധനയ്ക്കായി എത്തിയ സംഘം കണ്ടെത്തിയത് ഒരു നൂറ്റാണ്ടിന് മുൻപുള്ള സന്ദേശം. അപൂർവ്വ സംഭവത്തിന് സാക്ഷിയായവരിൽ കത്തിൽ പരാമർശിച്ചവരുടെ നാലാം തലമുറയിലെ ചെറുമകനും

റൈൻസ് ഓഫ് ഗാലോവേ: ലൈറ്റ് ഹൌസിലെ പതിവ് പരിശോധനകളുടെ ഇടയിൽ കണ്ടെത്തിയത് 132 വർഷം പഴക്കമുള്ള സന്ദേശം. സൂക്ഷ്മമായി കുപ്പിയിൽ അടച്ച നിലയിലുള്ള സന്ദേശമാണ് വളരെ അപ്രതീക്ഷിതമായി ലൈറ്റ് ഹൌസ് അറ്റകുറ്റ പണികൾക്കായി എത്തിയ എൻജിനീയർ കണ്ടെത്തിയത്. സ്കോട്ട്ലാൻഡിലെ റൈൻസ് ഓഫ് ഗാലോവേയിലെ ലൈറ്റ് ഹൌസിലാണ് സംഭവം. 

ജീവിതത്തിൽ ഒരിക്കൽ എന്ന നിലയിൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യമെന്നാണ് കണ്ടെത്തലിനേക്കുറിച്ച് മെക്കാനിക്കൽ എൻജിനിയറായ റോസ് റസൽ പ്രതികരിക്കുന്നത്. നോർത്തേൺ ലൈറ്റ് ഹൌസ് ബോർഡിലെ മെക്കാനിക്കൽ എൻജിനിയറാണ് റോസ് റസൽ. 20 സെന്റി മീറ്റർ വലുപ്പമുള്ള ചില്ലുകുപ്പിയിൽ 1892 സെപ്തംബർ നാലിന് എഴുതിയ കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷികളുടെ തൂവലുകൾ ഉപയോഗിച്ചാണ് ചെറുകുറിപ്പ് എഴുതിയിട്ടുള്ളത്. പുതിയ രീതിയിലുള്ള 30 അടിയുള്ള ചെറിയ ലൈറ്റ് ഹൌസ് സ്ഥാപിച്ച അന്നത്തെ എൻജിനിയർമാരാണ് ഈ കുറിപ്പ് ലൈറ്റ് ഹൌസിൽ വച്ചതെന്നാണ് വ്യക്തമാക്കുന്നത്. 1892ൽ ലൈറ്റ് ഹൌസിലെ കാവൽക്കാരായിരുന്ന ആളുകളേക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. 

കബോഡിന്റെ പാനലുകൾ നീക്കി പുതിയവ സ്ഥാപിക്കുന്നതിനിടയിലാണ് അപൂർവ്വമായ കണ്ടെത്തൽ. നിലവിലെ ലൈറ്റ് ഹൌസ് സൂക്ഷിപ്പുകാരനാണ് കുപ്പി തുറന്ന് കത്ത് പുറത്ത് എടുത്തത്. താഴെഭാഗം വളഞ്ഞ രീതിയിലുള്ള കുപ്പിയിൽ എണ്ണയെന്നാണ് തുടക്കത്തിൽ അറ്റകുറ്റപണിക്ക് എത്തിയവർ ധരിച്ചത്. എന്നാൽ തുറന്നപ്പോഴാണ് വടിവൊത്ത അക്ഷരങ്ങളിലെ കുറിപ്പ് കണ്ടെത്തുന്നത്. 

കോർക്ക് കൊണ്ട് മുകൾ ഭാഗം അടച്ചിരുന്നുവെങ്കിലും കാലപ്പഴക്കത്തിൽ കുപ്പിക്ക് പുറത്തേക്കുള്ള കോർക്കിന്റെ ഭാഗം ദ്രവിച്ച് തുടങ്ങിയ നിലയിലാണ് ഉണ്ടായിരുന്നത്. ഈ ഭാഗം മുറിച്ച് നീക്കിയ ശേഷം ഏറെ ശ്രദ്ധിച്ചാണ് കുപ്പി ലൈറ്റ് ഹൌസ് ജീവനക്കാർ തുറന്നത്.  കുപ്പിയുടെ കഴുത്ത് വളരെ ചെറുതായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് കുറിപ്പ് കേടുപാടുകളില്ലാതെ പുറത്തെടുത്തത്. 

ലൈറ്റ് ഹൌസിലെ വെളിച്ചം പുനസ്ഥാപിച്ചതായും ഈ പ്രവർത്തിയിൽ ഭാഗമായവരുടെ വിവരങ്ങളും വ്യക്തമാക്കുന്നതുമായ കാര്യങ്ങളാണ് ഒരു നൂറ്റാണ്ട് മുൻപുള്ള കുറിപ്പിലുള്ളത്. ലൈറ്റ് ഹൌസിൽ ഉപയോഗിച്ച ലെൻസ് ലഭ്യമാക്കിയ സ്ഥാപനത്തിന്റെ വിവരങ്ങളും കുറിപ്പിലുണ്ട്. ലൈറ്റ് ഹൌസുകളിലെ ലെൻസുകളുടെ പ്രവർത്തനം പരിശോധിക്കാനെത്തിയപ്പോഴാണ് ഈ കുറിപ്പ് കണ്ടെത്തിയതെന്നത് യാദൃശ്ചികമെന്നാണ് ജീവനക്കാർ  വിശദമാക്കുന്നത്. കുപ്പിയിലെ കത്തിൽ പരാമർശിക്കുന്ന ഒരു ജീവനക്കാരന്റെ നാലാം തലമുറയിലെ ചെറുമകൻ നിലവിലെ കണ്ടെത്തൽ നടത്തിയ സംഘത്തിലുണ്ട്. 

എന്തായാലും സമാനമായ ഒരു ബോട്ടിലിൽ നിലവിലെ അറ്റകുറ്റ പണിയുടെ വിവരങ്ങൾ എഴുതി കുപ്പിയിലാക്കി സമാന രീതിയിൽ അടച്ച് വയ്ക്കാനുള്ള തീരുമാനത്തിലാണ് 36കാരനായ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ