14 -കാരി പ്രസവത്തെ തുടര്‍ന്ന് പള്ളിയിൽ മരിച്ചു; സിംബാബ്‍വെയിലെ ശൈശവവിവാഹത്തെ അപലപിച്ച് യുഎൻ

By Web TeamFirst Published Aug 9, 2021, 10:46 AM IST
Highlights

14 -കാരിയായ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് എന്ന് ജെന്‍ഡര്‍ കമ്മീഷനും പൊലീസും വ്യക്തമാക്കുന്നു. 

സിംബാബ്‍വെയില്‍ തുടര്‍ന്നു വരുന്ന ശൈശവ വിവാഹത്തെ അപലപിച്ച് യുഎന്‍. 14 -കാരിയായ ഒരു പെണ്‍കുട്ടി പള്ളിയങ്കണത്തില്‍ പ്രസവിക്കുകയും മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുഎന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. 

സിംബാബ്‍വേയിലെ അപ്പോസ്തലിക പള്ളികളില്‍ ശൈശവ വിവാഹം അംഗീകരിക്കുന്നുണ്ട്. ബഹുഭാര്യാത്വവും ഇവിടെ സാധാരണമാണ്. സർക്കാർ പരമ്പരാഗതമായി നടക്കുന്ന ഈ ശൈശവ വിവാഹത്തിന് നേരെ കണ്ണടക്കുകയാണ് എന്ന ആരോപണവും ശക്തമാണ്. സിംബാബ്‌വെയിൽ വിവാഹ നിയമം, ആചാരപരമായ വിവാഹ നിയമം എന്നിങ്ങനെ രണ്ട് വിവാഹ നിയമങ്ങളുണ്ട്. പ്രായത്തെ കുറിച്ച് രണ്ട് നിയമങ്ങളും ഒന്നും പറയുന്നില്ലായെങ്കിലും ആചാരപരമായ വിവാഹനിയമം ബഹുഭാര്യാത്വം അനുവദിക്കുന്നു. 

എന്നാല്‍, രണ്ട് നിയമങ്ങളും ചേര്‍ത്ത് ഒന്നാക്കാനും 18 വയസില്‍ താഴെയുള്ളവരുടെ വിവാഹം തടയാനുമുള്ള ബില്ലിനെ കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതുപ്രകാരം 18 വയസിന് താഴെയുള്ളവരുടെ വിവാഹം നടത്താന്‍ ശ്രമിച്ചാല്‍ അയാളെ കേസില്‍ പ്രതിയാക്കാനാവും. 

സിംബാബ്‌വെയിലെ യുഎൻ ഒരു പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെയാണ്, 'രാജ്യത്തിന്റെ കിഴക്ക് മാരാംഗെ ഗ്രാമപ്രദേശത്ത് നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടി മെമ്മറി മച്ചായയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ അഗാധമായ ആശങ്കയോടെ നോക്കിക്കാണുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു'.

നിർഭാഗ്യകരമായ ശൈശവ വിവാഹങ്ങൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മേലുള്ള ലൈംഗികചൂഷണങ്ങളെ കുറിച്ചുള്ള അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ തുടരുകയാണ് എന്നും ഇത് അത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ മറ്റൊരു വാര്‍ത്ത മാത്രമാണ് എന്നും യുഎന്‍ പറഞ്ഞു. സിംബാബ്വെയില്‍ മൂന്നില്‍ ഒരു പെണ്‍കുട്ടി 18 വയസിന് മുമ്പ് തന്നെ വിവാഹിതയാവുന്നുണ്ട് എന്നും യുഎന്‍ പറയുന്നു. 

14 -കാരിയായ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് എന്ന് ജെന്‍ഡര്‍ കമ്മീഷനും പൊലീസും വ്യക്തമാക്കുന്നു. പെണ്‍കുട്ടി മരിച്ചത് കഴിഞ്ഞമാസമാണ് എങ്കിലും ഇപ്പോഴാണ് അത് ജനശ്രദ്ധയിലെത്തുന്നത്. കുട്ടിയുടെ ബന്ധുക്കളെ പള്ളി ശവസംസ്കാര ചടങ്ങില്‍ നിന്നും അകറ്റി നിര്‍ത്തിയതിനെ തുടര്‍ന്ന് കോപം കൊണ്ട അവര്‍ സംസ്ഥാന മാധ്യമങ്ങളോട് മരണവിവരം അറിയിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മരണം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. 'ഒരു ചെറിയ പെണ്‍കുട്ടി വിവാഹിതയാവാന്‍ നിര്‍ബന്ധിക്കപ്പെട്ടു, ഗര്‍ഭിണിയായി, മരിച്ചു ഇതൊരു പുതിയ സംഭവമല്ല. ഇത് കാലങ്ങളായി തുടരുന്ന ഒന്നാണ്. സ്ത്രീകളെ ഇവിടെ ഒരു മനുഷ്യനായി പോലും അംഗീകരിക്കുന്നില്ല. അവര്‍ക്ക് അവകാശങ്ങളോ, തെരഞ്ഞെടുപ്പുകളോ, അവരുടെ ശരീരത്തിലുള്ള നിയന്ത്രണങ്ങളോ അനുവദിക്കപ്പെടുന്നില്ല' എന്നാണ് ഫെമിനിസ്റ്റും അവകാശപ്രവര്‍ത്തകയുമായ എവര്‍ജോയ്സ് വിന്‍ ട്വീറ്റ് ചെയ്തത്. 

click me!