100-ാം വയസിൽ കന്നി മാളികപ്പുറമായി മലകയറിയ പാറുക്കുട്ടിയമ്മ തൻറെ 102-ാം വയസിൽ മൂന്നാമത്തെ ശബരിമല യാത്രയിലാണിപ്പോൾ. 2023ൽ ആദ്യമായി പതിനെട്ടാം പടി കയറി അയ്യപ്പ ദർശനം നടത്തിയ പാറുക്കുട്ടിയമ്മ ഇപ്പോൾ ഒരു സിനിമ താരം കൂടിയാണ്.
100-ാം വയസിൽ കന്നി മാളികപ്പുറമായി മലകയറിയ പാറുക്കുട്ടിയമ്മ തൻറെ 102-ാം വയസിൽ മൂന്നാമത്തെ ശബരിമല യാത്രയിലാണിപ്പോൾ. ഇത്തവണ കുറച്ചധികം പ്രത്യേകതകളോടെയാണ് പാറുക്കുട്ടിയമ്മയുടെ മലകയറ്റം. നാടിൻറെ ആദരങ്ങൾ ഏറ്റുവാങ്ങുകയും സിനിമയിലടക്കം അഭിനയിച്ചും ഒരു സെലിബ്രിറ്റിയായിട്ടാണ് ഇത്തവണ പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തുന്നത്. 2023 നവംബറിൽ തൻറെ നൂറാം വയസിൽ കന്നി മാളികപ്പുറമായി അയ്യപ്പനെ കണ്ട പാറുക്കുട്ടിയമ്മ അതിനേക്കാൾ ഊർജത്തോടെയും ഉത്സാഹത്തോടെയാണ് 102-ാം വയസിലും മാലയിട്ട് 41 ദിവസത്തെ വ്രതമെടുത്ത് കെട്ടുനിറച്ച് അയ്യനെ കാണാൻ കൊച്ചുമകനും കൊച്ചുമകൻറെ മകൾക്കുമൊപ്പം ഇന്നലെ വയനാട്ടിൽ നിന്ന് യാത്ര തിരിച്ചത്. ശബരിമലയാത്രക്ക് 100വർഷം കാത്തിരിക്കേണ്ടിവന്ന പാറുക്കുട്ടിയമ്മ കഴിഞ്ഞ വർഷവും മലകയറിയിരുന്നു. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് പ്രായത്തെയും തോൽപ്പിച്ച് ചെറുപുഞ്ചിരിയോടെ പാറുക്കുട്ടിയമ്മ ശബരിമലക്ക് പോകുന്നത്. ഇന്നലെ വയനാട്ടിലെ കോളേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് തീർഥാടനം ആരംഭിച്ച പാറുക്കുട്ടിയമ്മ നാളെ രാവിലെ സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തും.
100-ാം വയസിൽ കന്നി മാളികപ്പുറം
1923 ലാണ് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറക്കുട്ടിയമ്മയുടെ ജനനം. ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിതം മുന്നോട്ടുപോകുന്നതിനിടയിൽ ശബരിമലയിൽ പോയി അയ്യപ്പനെ കാണണമെന്ന ആഗ്രഹം 100വർഷത്തോളം നീണ്ടു. 2023ൽ 100-ാം വയസിലാണ് ആ നിയോഗമുണ്ടായത്. എന്തുകൊണ്ട് ശബരിമലയിൽ പോകാൻ 100വർഷമെടുത്തെന്ന് ചോദിച്ചാൽ, ഇപ്പോഴാണ് സമയമായതെന്ന് ചെറുപുഞ്ചിരിയോടെയുള്ള മറുപടി മാത്രമാണ് പാറുക്കുട്ടിയമ്മയ്ക്കുള്ളത്. മക്കളും കൊച്ചുമക്കളുമൊക്കെ മലക്കുപോകുമ്പോഴും പാറുക്കുട്ടിയമ്മ ആ ആഗ്രഹം മനസിൽ വെച്ചു. 2023ൽ കൊച്ചുമകൻ ഗിരീഷിൻറെ ശബരിമലയിലേക്ക് പോരുന്നോയെന്ന ഒരൊറ്റ ചോദ്യമാണ് പാറുക്കുട്ടിയമ്മയെ അന്ന് സന്നിധാനത്ത് എത്തിച്ചത്. മുമ്പ് പല വർഷങ്ങളിലും വരുന്നോയെന്ന് ചോദിക്കാറുണ്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടിയെന്നും എന്നാൽ, മുത്തശ്ശിയുടെ 100-ാം വയസിൽ താനും മൂന്നു മക്കളും മലക്ക് മാലയിടുന്ന സമയത്ത് കൂടെ വരുന്നോയെന്ന് ചോദിച്ചപ്പോൾ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. പ്രായത്തിൻറെ വെല്ലുവിളികളും ശബരിമലയിലെ തിരക്കുമെല്ലാം ആശങ്കയുണ്ടാക്കിയെങ്കിലും ഉറച്ച മനസോടെ തന്റെ 100-ാംസ വയസിൽ മാലയിട്ട് 41 ദിവസം വ്രതവുമെടുത്ത് കന്നി മാളികപ്പുറമായി യാതൊരു ബുദ്ധിമുട്ടുമില്ലാതെ പാറുക്കുട്ടിയമ്മ അയ്യപ്പ ദർശനം നടത്തി. ഗിരീഷും മക്കളായ അമൃതേഷ്, അംഗിത, അവന്തിക എന്നിവർക്കും ഒപ്പമായിരുന്നു 2023ൽ പാറുക്കുട്ടിയമ്മ ശബരിമലയിലെത്തിയത്. കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ നിരവധി തവണ മലക്ക് പോയി വന്നു. ഈ സമയത്തെല്ലാം എല്ലാവരും വിളിക്കാറുണ്ടായിരുന്നെങ്കിലും തനിക്ക് മലകയറ്റം സാധ്യമായത് നൂറാം വയസിലാണെന്നും അതിൽ സന്തോഷം മാത്രമേയുള്ളുവെന്നുമാണ് പാറുക്കുട്ടിയമ്മക്ക് പറയാനുള്ളത്. പിന്നീട് ആദ്യ യാത്ര നൽകിയ ഊർജം അടുത്ത വർഷം മണ്ഡലകാലമായപ്പോൾ വീണ്ടും മലക്ക് പോകാനുള്ള കരുത്തായി. അങ്ങനെ 2024ലും പാറുക്കുട്ടിയമ്മ ശബരിമലയിലെത്തി.
102-ാം വയസിലെ യാത്ര
പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകനാണ് ഗിരീഷ്. ഗിരീഷും മകൾ അവന്തികയും അടങ്ങുന്ന 12 അംഗ സംഘത്തിനൊപ്പമാണ് ഇത്തവണ പാറുക്കുട്ടിയമ്മ മലയ്ക്ക് പുറപ്പെട്ടത്. ഇത്തവണ മണ്ഡലകാലത്തിൻറെ തുടക്കം മുതൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനാൽ ഇത്തവണ പോകാനാകുമോയെന്ന് പാറുക്കുട്ടിയമ്മ ആശങ്കപ്പെട്ടിരുന്നെങ്കിലും തിരക്കൊക്കെ കുറഞ്ഞോളുമെന്നും പോകാമെന്നും പറഞ്ഞ് കൊച്ചുമകൻ ഗിരീഷ് നൽകിയ ധൈര്യം കൂടിയായപ്പോൾ പഴയതിലും കൂടുതൽ ഊർജസ്വലതയോടെ പാറുക്കുട്ടിയമ്മ മാലയിട്ടു. ഒരോ വർഷം പോകുമ്പോഴും കൂടുതൽ ശക്തിയും കരുത്തുമാണെന്നാണ് പാറുക്കുട്ടിയമ്മ പറയുന്നത്. വയനാടൻ തണുപ്പിനെയും അവഗണിച്ച് എല്ലാദിവസും കൃത്യം ആറുമണിക്ക് തന്നെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തിൽ പോകും. ഭജനയടക്കമിരുന്ന് കൃത്യമായ വ്രതത്തോടെ അയ്യപ്പനെ കാണാനായി കാത്തിരുന്നു. ഒടുവിൽ ഇന്നലെ രാവിലെ കൊച്ചുമകനും മറ്റുള്ളവർക്കുമൊപ്പം കെട്ടുനിറച്ച് യാത്ര തിരിക്കുകയായിരുന്നു. ഗുരുവായൂരും തൃപ്രയാറും കൊടുങ്ങല്ലൂരും ചോറ്റാനിക്കരയും ഏറ്റുമാനൂരുമൊക്കെ പോയി ഇന്ന് വൈകിട്ടോടെ പമ്പയിലെത്തുന്ന സംഘം അവിടെ വിശ്രമിച്ച് നാളെ (ഡിസംബർ 21ന്) രാവിലെയായിരിക്കും പാറുക്കുട്ടിയമ്മയെയും കൂട്ടി മലകയറുക. ഇന്ന് പമ്പയിലെ ഗസ്റ്റ് ഹൗസിൽ തങ്ങും. കഴിഞ്ഞ രണ്ടു തവണയും സുഖദർശനമാണ് പാറുക്കുട്ടിയമ്മയ്ക്ക് ലഭിച്ചത്. ഈ പ്രായത്തിലും എല്ലാം മറന്ന് അയ്യപ്പനെ കാണാനെത്തുന്ന മാളികപ്പുറത്തിന് ആവശ്യമായ സൗകര്യം ദേവസ്വം അധികൃതർ ഒരുക്കിയിരുന്നു. ഇത്തവണ തിരക്കുണ്ടെങ്കിലും കൊച്ചുമകൻറെ കൈപിടിച്ച് പതിനെട്ടാം പടി കയറി അയ്യപ്പനെ ആവോളം കാണാൻ ആകുമെന്നാണ് പാറുക്കുട്ടിയമ്മയുടെ പ്രതീക്ഷ.
സിനിമയിലേക്ക്
പണ്ടു മുതലെ പാട്ടിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന പാറുക്കുട്ടിയമ്മ നാടൻപാട്ടുകളും പഴയ സിനിമ ഗാനങ്ങളുമടക്കം നന്നായി പാടുമായിരുന്നു. ടിവിയിൽ സിനിമ കാണുമ്പോൾ ഒരിക്കലെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം കൊച്ചുമക്കളോട് പാറുക്കുട്ടിയമ്മ പറയാറുണ്ടായിരുന്നു. കന്നി മലയാത്രക്കുശേഷം പാറുക്കുട്ടിയമ്മയുടെ ആ ആഗ്രഹവും സാധിച്ചു. രുദ്രൻറെ നീരാട്ട് എന്ന ഷാജി തേജസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് പാറുക്കുട്ടിയമ്മ അഭിനയിച്ചത്. വയനാട്ടിലെ പ്രശസ്തമായ മാനികാവ് ശിവക്ഷേത്രത്തിലടക്കമായിരുന്നു ഷൂട്ടിങ്. സിനിമയിലെ തൻറെ കഥാപാത്രത്തിൻറെ ഡബ്ബിങും പാറുക്കുട്ടിയമ്മ തന്നെയാണ് നിർവഹിച്ചത്. ആദ്യ ശബരിമല യാത്രയിൽ മാധ്യമങ്ങളിലൂടെ കണ്ട പാറുക്കുട്ടിയമ്മയുടെ ഊർജസ്വലതയും ചിരിയുമാണ് സിനിമയിലേക്ക് വഴിതുറന്നത്. 100ാം വയസിലെ കന്നിയാത്രക്കുശേഷം ചക്കുളത്തുക്കാവ് ക്ഷേത്രത്തിലേക്ക് ക്ഷണിച്ച് നാരിപൂജ നടത്തിയാണ് പാറുക്കുട്ടിയമ്മയെ ആദരിച്ചത്.
കേൾവിക്ക് അൽപം കുറവുണ്ടെങ്കിലും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പ്രായത്തെ അവഗണിച്ച് ചുറുചുറുക്കോടെയാണ് ഇപ്പോഴും പാറുക്കുട്ടിയമ്മയുടെ ശബരിമലയാത്ര. ഒരോ വർഷവും മണ്ഡലകാലം ആകുമ്പോഴേക്കും മലക്ക് പോകണമെന്ന ഉൾവിളിയാണെന്നും ഭഗവാൻ അനുവദിക്കുകയാണെങ്കിൽ ഇനിയും പോകണമെന്നുമാണ് പാറുക്കുട്ടിയമ്മയുടെ ആഗ്രഹം. അസുഖങ്ങളോ കാര്യങ്ങളോ ഇല്ലാതെ ഒരോ വർഷം പോകാനുള്ള അവസരം ഉണ്ടാക്കുന്ന അയ്യപ്പന് നന്ദി പറയണമെന്നും എല്ലാവർക്കും നന്മയുണ്ടാകണമെന്നും മാത്രമാണ് പാറുക്കുട്ടിയമ്മയുടെ പ്രാർത്ഥന.
..


