
1989 -ലെ ടിയാനൻമെൻ(Tiananmen) സ്‌ക്വയർ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി പരിപാടി സംഘടിപ്പിച്ചതിന് ജനാധിപത്യ അനുകൂല ഹോങ്കോങ്ങ് ആക്ടിവിസ്റ്റ് ചൗ ഹാങ് തുങ്ങി(Chow Hang Tung )നെ 15 മാസത്തേക്ക് ജയിലിലടച്ചു. 2020 -ലും 2021 -ലും ചൗ അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതേ തുടർന്നുള്ള അവളുടെ രണ്ടാമത്തെ വിചാരണയാണിത്. ചൈനയിൽ ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തെ കുറിച്ചും അടിച്ചമർത്തലിനെ കുറിച്ചും സംസാരിക്കുന്നതിനുപോലും നിയന്ത്രണങ്ങളുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് അനുസ്മരണപരിപാടികളെല്ലാം ഹോങ്കോങിൽ രണ്ട് വർഷമായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2020 -ൽ സമാനമായ പരിപാടിയിൽ പങ്കെടുത്തതിന് ചൗവിന് ഇതിനകം 12 മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ, അഞ്ച് മാസത്തെ പുതിയ ശിക്ഷ ഇതിനോടൊപ്പം തന്നെ തുടരും, അതായത് അവൾ ആകെ 22 മാസം ജയിലിൽ കഴിയേണ്ടി വരും.
1989 ജൂൺ 4 -നാണ് ജനാധിപത്യ പ്രക്ഷോഭകർക്കെതിരെ ചൈന ക്രൂരമായ അടിച്ചമർത്തൽ നടത്തിയത്. ഇതിലെ ഇരകൾക്കായി വാർഷിക അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരുന്ന ഹോങ്കോങ് അലയൻസിന്റെ (HKA) വൈസ് ചെയർമാനായിരുന്നു ചൗ. ഇപ്പോൾ അത് പിരിച്ചുവിട്ടിരിക്കുകയാണ്. അനുസ്മരണദിനത്തിൽ ഓർമ്മയ്ക്കായി മഴുകുതിരി തെളിയിക്കാൻ താമസക്കാരോട് എഴുത്തിലൂടെ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ചൗ അറസ്റ്റിലായത്.
ആ ലേഖനങ്ങൾ ജാഗ്രതാ നിർദ്ദേശം ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചു. “നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കാൻ നിയമം ആരെയും അനുവദിക്കുന്നില്ല” മജിസ്‌ട്രേറ്റ് ആമി ചാൻ പറഞ്ഞുവെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ചൗവിന് വേണ്ടി അവൾ തന്നെയാണ് വാദിച്ചത്. ആ ദിനം മറക്കാൻ ആരേയും അനുവദിക്കരുത് എന്നുള്ളതുകൊണ്ടാണ് അങ്ങനെയൊരാഹ്വാനം നടത്തിയത് എന്ന് അവൾ പ്രതിരോധിച്ചു. എന്നാൽ, ജഡ്ജി അത് തള്ളിക്കളയുകയായിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെയും ചൗ കോടതിയിൽ സംസാരിച്ചു. ടിയാൻമെൻ അടിച്ചമർത്തലിനെ അനുസ്മരിക്കാൻ ആളുകൾക്ക് കഴിയുന്ന ചൈനീസ് പ്രദേശത്തെ ഒരേയൊരു സ്ഥലമായിരുന്നു മുമ്പ് ഹോങ്കോങ്. എന്നാൽ, നിലവിൽ അവിടെയും അതിന് സാധ്യമാകില്ല.
ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയെ അടയാളപ്പെടുത്തുന്ന ഹോങ്കോങ് സർവകലാശാലയിലെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തതും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. പഴക്കം ചെന്ന പ്രതിമയുണ്ടാക്കിയേക്കാവുന്ന സുരക്ഷാപ്രശ്നങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അതിനാലാണ് അത് മാറ്റിയതെന്നുമായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.