
വാക്‌സിന്‍ വിരുദ്ധ നിലപാടിന്റെ പേരില്‍, കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച ഫ്രഞ്ച് ടിവി താരങ്ങള്‍ ആറു ദിവസത്തെ ഇടവേളയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. എണ്‍പതുകളില്‍ ഫ്രാന്‍സില്‍ കോളിളക്കമുണ്ടാക്കിയ പോപ്പുലര്‍ ടിവി പരിപാടിയുടെ അവതാരകരായ ഇരട്ടസഹോദരങ്ങളാണ് 72-ാം വയസ്സില്‍ ഫ്രാന്‍സിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവബഹുലമായ ജീവിതത്തിലൂടെ ഫ്രഞ്ച് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ഗ്രിച്ക, ഇഗോര്‍ ബോഗ്ദനോഫ് സഹോദരങ്ങളാണ് ആറു ദിവസത്തെ ഇടവേളയില്‍ വിടപറഞ്ഞത്.
1980-കളില്‍ ഫ്രഞ്ച് ടിവിയിലെ ജനപ്രിയ ശാസ്ത്ര പരിപാടിയിലൂടെയാണ് ഇരുവരും പ്രശസ്തരായത്. ആരോഗ്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു ഇരുവരും. കൊാവിഡ് കാലം വന്നപ്പോള്‍, ഇരുവരോടും വാക്‌സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇത്രയും ആരോഗ്യമുള്ള തങ്ങള്‍ക്ക് കൊവിഡ് വരാന്‍ സാദ്ധ്യതയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. സുഹൃത്തുക്കള്‍ ഇതിന്റെ പേരില്‍ നിരന്തരം ഇവരുമായി തര്‍ക്കിച്ചിരുന്നു. 'വാക്‌സിന്‍ എടുക്കാന്‍ എന്റെ പട്ടിവരും' എന്നായിരുന്നു ഒരിക്കല്‍ വാക്‌സിന്‍ തര്‍ക്കത്തിനിടെ ഇഗോര്‍ മറുപടി പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് എഴുതി. എന്നാല്‍, വാക്‌സിന്‍ വിരുദ്ധര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ഇരുവരും ആഗ്രഹിച്ചിരുന്നില്ലെന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം ആരോഗ്യത്തിലുള്ള വിശ്വാസമാണ് ഇരുവരെയും ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അഭിഭാഷകന്‍ പറയുന്നു. എന്നാല്‍, ഇതേ കാലയളവില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, തമാശ കലര്‍ത്തിയ ഭാഷയില്‍ ഇവര്‍ വാക്‌സിന്‍ വിരുദ്ധ നിലപാടുകള്‍ എടുത്തിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡിസംബര്‍ ആദ്യ വാരം പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് അഭിഭാഷകനായ എഡ്വേഡ് ഡി ലാമസ് പറഞ്ഞു. ഇവര്‍ ചികില്‍സ നേടാന്‍ വൈകിയിരുന്നതായി കുടുംബസുഹൃത്ത് പിയറെ ഴാന്‍ ഷാലന്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു. ''നിരവധി സുഹൃത്തുക്കള്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, സ്വന്തം ജീവിതരീതിയും മറ്റ് അസുഖങ്ങള്‍ ഇല്ലാത്ത അവസ്ഥയും ചൂണ്ടിക്കാട്ടി ഇവര്‍ ന്യായീകരിക്കുകയായിരുന്നു.'' -ഴാന്‍ ഷാലന്‍ പറഞ്ഞു. ''അത്‌ലറ്റിക് ശരീരമാണ് തങ്ങള്‍ക്കെന്ന് ഇവരെപ്പോഴും പറയുമായിരുന്നു. ശരീരത്തില്‍ ഒരിറ്റ് കൊഴുപ്പ് പോലുമില്ലെന്നും ഇവര്‍ പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണ് വാകസിന്‍ എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ''-ഈ സഹോദരങ്ങളുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന മുന്‍ ഫ്രഞ്ച് ആരോഗ്യ മന്ത്രി ലൂക് ഫെറി പറയുന്നു.
ഓസ്ട്രിയയില്‍ ജനിച്ചുവളര്‍ന്ന ബോഗ്ദനോഫ് സഹോദരങ്ങള്‍ പണ്ടേ ഇത്തിരി കിറുക്കുള്ള കൂട്ടത്തിലായിരുന്നു. 1979 മുതലാണ് ഇവര്‍ അവതാരകരായ ടെംപ് എക്‌സ് എന്ന പ്രശസ്ത ടിവി ഷോ ആരംഭിക്കുന്നത്. പെട്ടെന്നു തന്നെ ഇത് പ്രശസ്തമായി. വര്‍ഷങ്ങളോളം ഫ്രഞ്ചുകാരെ സംബന്ധിച്ച് ശാസ്ത്ര പരിപാടി എന്നാല്‍, ഈ സഹോദരങ്ങളായിരുന്നു. പരിപാടിക്കൊപ്പം തന്നെ ഇവരുടെ പ്രശസ്തിയും വളര്‍ന്നു. സാമൂഹ്യ ജീവിതത്തിലും ഇവര്‍ സജീവമായിരുന്നു. കിറുക്കു കൊണ്ടും പ്രതിഭ കൊണ്ടും പ്രശസ്തമായ ശാസ്ത്ര ഷോയില്‍നിന്നും ഇവര്‍ മാറിനിന്നത് എണ്‍പതുകളുടെ അവസാനമാണ്.
പിന്നീട് ഇവര്‍ പ്രത്യക്ഷപ്പെട്ടത് അടിമുടി മാറിയ മുഖവുമായാണ്. സൗന്ദര്യ ശസ്ത്രക്രിയയാണ് ഈ മാറ്റങ്ങളുടെ കാരണമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ സമ്മതിച്ചില്ല. എന്നാല്‍, അന്ന് ഇവര്‍ ബോടോക്‌സ് കുത്തിവെപ്പ് എടുത്തിരുന്നതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി തന്നെ പില്‍ക്കാലത്ത്, വെളിപ്പെടുത്തിയിരുന്നു. പില്‍ക്കാലത്ത്, അക്കാദമിക് രംഗത്തേക്ക് തിരിഞ്ഞ ഇവര്‍ ഗണിതശാസ്ത്രം, തിയററ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ഡോക്‌ടേററ്റ് എടുത്തു. ഫ്രഞ്ച് നാഷനല്‍ സയന്റിഫിക് റിസര്‍ച്ചുമായി ഇവര്‍ നടത്തിയ കേസ് നടപടികള്‍ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
പഴയ ടിവി പരിപാടി പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്, ഇവര്‍ ആശുപത്രിയിലായതും കൊവിഡ് ബാധിച്ച് മരിച്ചതും.