ഫാറൂഖാബാദിൽ കുട്ടികളെ ബന്ദിയാക്കിയ സംഭവം, ഒരു പതിനഞ്ചുകാരി മറ്റു കുട്ടികളുടെ ജീവൻ രക്ഷിച്ചത് ഇങ്ങനെ

By Web TeamFirst Published Feb 1, 2020, 4:55 PM IST
Highlights

അതിനിടെ പറയപ്പെടാതെ പോയ ഒരു ധീരതയുടെ കഥയുണ്ട്. അത് ബന്ദിയാക്കപ്പെട്ടിരുന്നവരിൽ ഏറ്റവും മുതിർന്ന ഒരു പതിനഞ്ചുകാരിയുടേതാണ്. മകളുടെ പിറന്നാൾ ആഘോഷങ്ങൾക്ക് എന്നും പറഞ്ഞുകൊണ്ട് വിളിച്ചു വരുത്തിയ ബാഥം തങ്ങളെ പൂട്ടിയിട്ടപ്പോഴും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയപ്പോഴും ഒന്നും അവൾ കരഞ്ഞില്ല. പേടിച്ചില്ല. 

ഉത്തർപ്രദേശിലെ ഒരു ജില്ലയുടെ പേരാണ് ഫാറൂഖാബാദ്. അവിടെ ജില്ലാ തലസ്ഥാനത്തുനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിന്റെ പേരാണ് കർശിയാ. ഈ ഗ്രാമം ജനുവരി 30 -ന് രാജ്യത്തെ ആകെ മുൾമുനയിൽ നിർത്തിയ ഒരു കമാൻഡോ ഓപ്പറേഷന്റെ വേദിയായി. ഈ ഗ്രാമത്തിലെ 23 കുഞ്ഞുങ്ങളെയാണ് സുഭാഷ് ബാഥം എന്ന മധ്യവയസ്‌കൻ തന്റെ വീട്ടിനുള്ളിൽ ബന്ദിയാക്കി കോലാഹലം സൃഷ്ടിച്ചത്.

കയ്യിൽ നിറതോക്കടക്കമുള്ള നിരവധി ആയുധങ്ങളുമായി ബാഥം അന്ന് വീട്ടിനുള്ളിൽ പൂട്ടിയിട്ടത് ആറുമാസം മുതൽ പതിനഞ്ചു വയസ്സുവരെ പ്രായമുള്ള 23 കുട്ടികളെയാണ്. ഒമ്പതു മണിക്കൂർ നേരം ആകാംക്ഷയുടെ മുൾമുനയിൽ നിന്ന ശേഷമാണ് പൊലീസ് സാഹസികമായൊരു കമാൻഡോ ഓപ്പറേഷനിലൂടെ കുട്ടികളെ ഒരു പോറൽ പോലും ഏൽക്കാതെ മോചിപ്പിച്ചത്. ഇതിനിടെ ബാഥം പൊലീസിന് നേരെ വെടിയുതിർത്തു, ബോംബെറിഞ്ഞു. ഒടുവിൽ പൊലീസിന്റെ വെടിയേറ്റ് അയാൾ കൊല്ലപ്പെട്ടു. ബാഥമിന്റെ ഈ പ്രവൃത്തിയിൽ കുപിതരായിരുന്ന ഗ്രാമീണർ അയാളുടെ ഭാര്യയെയും വെറുതേ വിട്ടില്ല. അക്രമാസക്തമായ ജനക്കൂട്ടം അവരെ വടികൾ കൊണ്ടടിച്ചും കല്ലെറിഞ്ഞും കൊന്നുകളഞ്ഞു. 

അതിനിടെ പറയപ്പെടാതെ പോയ ഒരു ധീരതയുടെ കഥയുണ്ട്. അത് ബന്ദിയാക്കപ്പെട്ടിരുന്നവരിൽ ഏറ്റവും മുതിർന്ന ഒരു പതിനഞ്ചുകാരിയുടേതാണ്. മകളുടെ പിറന്നാൾ ആഘോഷങ്ങൾക്ക് എന്നും പറഞ്ഞുകൊണ്ട് വിളിച്ചു വരുത്തിയ ബാഥം തങ്ങളെ പൂട്ടിയിട്ടപ്പോഴും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയപ്പോഴും ഒന്നും അവൾ കരഞ്ഞില്ല. പേടിച്ചില്ല. എല്ലാവരെയും തന്റെ വീടിന്റെ നിലവറയിൽ അടച്ച് ബാഥം  കുറ്റിയിട്ടപ്പോൾ, തികഞ്ഞ സംയമനം പാലിച്ച ആ പെൺകുട്ടി അകത്തു നിന്നും കുട്ടിയിട്ടുകൊണ്ട് തന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതയാക്കി നിർത്തി എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

 

ഉച്ചക്ക് രണ്ടുമണിയോടെയാണ് അവരെല്ലാം ബാഥമിന്റെ വീട്ടിലെത്തുന്നത്. ചെന്നപാടെ അവർക്ക് അയാൾ ചോക്കലേറ്റും ബിസ്കറ്റും ഒക്കെ നൽകി. അല്പനേരത്തിനുള്ളിൽ തന്നെ അയാളുടെ വിധം മാറി. പിള്ളേർക്കുനേരെ തോക്കുചൂണ്ടി അയാൾ അവരെ തന്റെ വീടിന്റെ നിലവറയിലേക്ക് കൊണ്ട് ചെന്ന് പൂട്ടി. പറഞ്ഞപോലെ കേട്ടില്ലെങ്കിൽ വെടിവെച്ചു കൊന്നുകളയും എന്നായിരുന്നു ഭീഷണി. താഴെ ബേസ്മെന്റിനുള്ളിൽ ചെന്നുകയറിയപ്പോൾ തന്നെ കൂടെയുണ്ടായിരുന്ന എല്ലാവരും കരച്ചിലോട് കരച്ചിലായി. ഈ പെൺകുട്ടിയാണ് അവരെയെല്ലാം ആശ്വസിപ്പിച്ചത്. ചാവുന്നെങ്കിൽ എല്ലാവരും ഒന്നിച്ചേ ചാവൂ എന്ന് അവൾ അവർക്ക് വാക്ക് നൽകി.

ഈ പെൺകുട്ടിയുടെ അഭ്യർത്ഥന മാനിച്ചാണ് ബാഥം ഒമ്പതുമാസം പ്രായമുള്ള ഏറ്റവും ഇളയ കുഞ്ഞിനെ മോചിപ്പിച്ചത്. അപ്പോഴേക്കും വീടിന്റെ പരിസരത്ത് പൊലീസിന്റെ സാന്നിധ്യം കൂടി. അത് ബാഥമിനെ അസ്വസ്ഥനാക്കി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അപകടമാകും എന്ന് തിരിച്ചറിഞ്ഞ ആ യുവതി ബാഥം അപ്പുറത്തേക്ക് മാറിയ നേരം കൊണ്ട് അകത്തുനിന്ന് കുറ്റിയിട്ടുകളഞ്ഞു. വാതിലടയുന്നതും കുറ്റിയിടുന്നതും ഒക്കെ കേട്ടപാടെ ബാഥം ഓടിവന്നു വാതിൽക്കൽ ഉറക്കെ ഇടിക്കാൻ തുടങ്ങി എങ്കിലും കുട്ടികളെല്ലാം കൂടി വാതിൽ അകത്തു നിന്ന് തള്ളിപ്പിടിച്ചുകൊണ്ട് നിന്നു. അങ്ങനെയാണ് അവരുടെ ജീവൻ രക്ഷപ്പെട്ടത്. 

click me!