
അമ്മയുടെ വഴക്കിൽ നിന്നും രക്ഷ നേടാൻ കാമുകനെ വിവാഹം ചെയ്ത് 15 -കാരി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് കാമുകനായ 20 -കാരൻ അറസ്റ്റിലുമായി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും പൊലീസുകാർ കുട്ടിക്ക് വേണ്ടി അലഞ്ഞു. ശേഷം വെള്ളിയാഴ്ച വൈകുന്നേരം ജരിപത്കയിൽ നിന്ന് അവളെ രക്ഷപ്പെടുത്തി.
ജൂൺ 13 -ന് ഹഡ്‌കേശ്വർ പൊലീസ് സ്‌റ്റേഷനിൽ കുട്ടിയെ കാണാതായതായി കാണിച്ച് പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയതായി കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്‍തത്. ജൂൺ 12 -ന് കാമുകനെ കാണാൻ പോയതായിരുന്നു പെൺകുട്ടി. കാമുകന് 20 വയസായിരുന്നു. അങ്ങനെ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. ഏതായാലും കാമുകൻ ഇപ്പോൾ ജയിലിലാണ്.
ആദ്യം അവൻ പെൺകുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട്, അവളെ താമസിപ്പിക്കാനായി മുറി വാടകയ്ക്കെടുത്തു. ശേഷം ജരിപത്‍കയിലെ അമ്പലത്തിൽ വച്ച് വിവാഹം കഴിച്ചു. ഹഡ്‌കേശ്വർ പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ കവിത ഇസർകർ വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പെൺകുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോണിലെ കോൾ റെക്കോർഡുകൾ പോലും അവർ പരിശോധിച്ചു. പെൺകുട്ടിയുടെ അമ്മ തനിച്ചാണ് രണ്ട് പെൺമക്കളെ വളർത്തുന്നത്. ഫോണിലെ കാൾ ലിസ്റ്റിലെ മൂന്ന് നമ്പറുകൾ സംശയാസ്പദമായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഉണ്ടായിരുന്നു. എങ്കിലും അതൊന്നും കേസ് തെളിയിക്കാൻ പര്യാപ്തമായിരുന്നില്ല.
പെൺകുട്ടി വിളിച്ചിരുന്നവരെ ചുറ്റിപ്പറ്റിയായി അന്വേഷണം. മൂന്നുപേരുടെ ഫോട്ടോകളും വാങ്ങിയിരുന്നു. അതിൽ ഒരു ഇരുചക്രവാഹത്തിന്റെ വിവരമടങ്ങിയ ഫോട്ടോ ഉണ്ടായിരുന്നു. ഒടുവിൽ പെൺകുട്ടി ഒപ്പം പോയിരുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. അവൻ സിം നശിപ്പിച്ച് കളഞ്ഞിട്ടുണ്ടായിരുന്നു. ബന്ധുവിന്റെ ഫോണിൽ നിന്നുമാണ് സ്വന്തം അമ്മയെ വിളിച്ചിരുന്നത്. ഒടുവിൽ അമ്മയുടേയും ഒരു ബന്ധുവിന്റെയും സഹകരണത്തോടെയാണ് അവനെ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുക, പീഡിപ്പിക്കുക, വിവാഹം കഴിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.