
നമ്മുടെ ചൂലിന് എന്തെങ്കിലും ന്യൂട്രീഷ്യൻ ഗുണങ്ങളുണ്ടോ? അതേ വീടെല്ലാം അടിച്ചുവാരുന്ന സാധാരണ ചൂലിന് തന്നെ. എവിടെ അല്ലേ? Live-Bird8999 എന്ന യൂസർ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലാണ് ഒരു ചൂലിന് സാധാരണ ഒരു ആഹാരസാധനത്തിന് കാണിക്കുന്ന പോഷകമൂല്ല്യങ്ങളെല്ലാം കാണിക്കുന്നത്.
കലോറി, ഫാറ്റ് കണ്ടന്റ് എന്നിവയെല്ലാം ഇതിൽ കാണിച്ചിരിക്കുന്നത് കാണാം. എന്തായാലും ന്യൂട്രീഷൻ ലേബലോട് കൂടിയ ചൂലിന്റെ ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തുകയും ചെയ്തു. '150 കലോറിയുള്ള ഒരു ചൂൽ' എന്ന കാപ്ഷനോടു കൂടിയാണ് ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് രസകരമായ കമന്റ് നൽകിയിരിക്കുന്നത്.
ഒരാൾ ചോദിച്ചിരിക്കുന്നത് 'ഈ ചൂൽ തിന്നാനുള്ളതാണോ' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത് 'ഇത് കലോറി ഇല്ലാതാക്കാനുള്ളതാണ്' എന്നാണ്. 150 കലോറി വരെ ഇല്ലാതാക്കിയേക്കും എന്നാണ് ഇയാൾ പറയുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ഇപ്പോഴാണ് അമ്മ എന്തുകൊണ്ടാണ് എപ്പോഴും തന്നെ ചൂലുകൊണ്ട് അടിക്കുന്നത് എന്ന് മനസിലായത്' എന്നാണ്.
ലേബലിൽ പറഞ്ഞിരിക്കുന്ന പ്രോട്ടീനിൻറെ കണക്കിനെ കുറിച്ചാണ് മറ്റൊരാൾ സൂചിപ്പിച്ചത്. 'ആ ഒരു ഗ്രാം പ്രോട്ടീൻ എന്ന് എഴുതിയിരിക്കുന്നതിലേക്കാണ് ഞാൻ നോക്കിയിരിക്കുന്നത്' എന്നാണ് അയാളുടെ കമന്റ്. എന്തായാലും, ഈ വ്യത്യസ്തമായ ചൂൽ ആളുകളിൽ ചിരിക്കാൻ വകയുണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല.