1,500 -ലധികം ജോലിയപേക്ഷ, 600 ഇമെയിലുകൾ, 80 ഫോൺകോളുകൾ, ഒടുവിൽ ലോകബാങ്കിൽ ജോലി

By Web TeamFirst Published Sep 27, 2022, 4:10 PM IST
Highlights

ഒടുവിൽ എൻറെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായി! മെയ് ആദ്യ വാരത്തോടെ ലോകബാങ്ക് എന്നെ തിരഞ്ഞെടുത്തു. പിന്നാലെ എന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി. ഒരു ഇരുപത്തിമൂന്നുകാരന് സ്വപ്നം കാണാൻ കഴിയുന്നതിലും വലിയ നേട്ടം എന്നെ തേടി വന്നു.

കഠിനാധ്വാനം ഒരിക്കലും പാഴാകില്ല എന്നും ചെറിയ തോൽവികളിൽ നിരാശരായി തീരരുതെന്നും ലോകത്തോട് വിളിച്ചു പറയുകയാണ് ഒരു 23 -കാരൻ. തനിക്ക് മുൻപിൽ കൊട്ടിയടക്കപ്പെട്ട വാതിലുകൾ കണ്ട് ഭയന്നു പോകാതെ വീണ്ടും വീണ്ടും പരിശ്രമിച്ച് ഒടുവിൽ അയാൾ ഇടം പിടിച്ചത് നമ്മളിൽ പലർക്കും കേട്ടുകേൾവി മാത്രമുള്ള ലോക ബാങ്കിലാണ്. ഇരുപത്തിമൂന്നാം വയസ്സിൽ ലോക ബാങ്കിൽ ജോലി നേടിയ വത്സൽ നഹാത എന്ന ചെറുപ്പക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലിങ്ക്ഡ് ഇൻ അക്കൗണ്ടിലൂടെയാണ് നഹാത തൻ്റെ പോരാട്ടത്തിന്റെ കഥ വിളിച്ചുപറഞ്ഞത്.

ആ സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്:

"എനിക്ക് ഒരു ജോലിയും ഇല്ലായിരുന്നു.  "യേൽ"  സർവകലാശാലയിൽ നിന്നും  2 മാസത്തിനുള്ളിൽ ഞാൻ ബിരുദം നേടാൻ പോകുകയാണ്. പക്ഷേ എൻ്റെ മുൻപിൽ ഒരു വഴിയും ഇതുവരെ തുറന്നിട്ടില്ല. എന്റെ മാതാപിതാക്കൾ വിളിച്ച്  കാര്യങ്ങൾ ചോദിക്കുമ്പോൾ എനിക്ക് ശരിക്കും വിഷമം വരും. പക്ഷേ, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷനല്ല. എന്റെ ആദ്യ ശമ്പളം ഡോളറിൽ മാത്രമായിരിക്കുമെന്നും ഞാൻ തീരുമാനിച്ചു.

രണ്ട് മാസത്തിനുള്ളിൽ, താൻ 1,500 -ലധികം ജോലികൾക്ക് അപേക്ഷ സമർപ്പിച്ചു, 600  ഇമെയിലുകൾ അയച്ചു, 80 ഫോൺ കോളുകൾ വിളിച്ചു, കൂടാതെ ധാരാളം നിരാകരണങ്ങൾ നേരിടേണ്ടി വന്നു. 2010-ൽ പുറത്തിറങ്ങിയ 'ദി സോഷ്യൽ നെറ്റ്‌വർക്ക്' എന്ന ചിത്രത്തിലെ 'ദ ജെന്റിൽ ഹം ഓഫ് ആൻസൈറ്റി' യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ പ്ലേ ചെയ്ത ഗാനമായി ആ കാലയളവിൽ മാറി. ആത്യന്തികമായി, ഞാന്‍ നിരവധി വാതിലുകളില്‍ മുട്ടി. 

ഒടുവിൽ എൻറെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായി! മെയ് ആദ്യ വാരത്തോടെ ലോകബാങ്ക് എന്നെ തിരഞ്ഞെടുത്തു. പിന്നാലെ എന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി. ഒരു ഇരുപത്തിമൂന്നുകാരന് സ്വപ്നം കാണാൻ കഴിയുന്നതിലും വലിയ നേട്ടം എന്നെ തേടി വന്നു. പ്രയാസകരമായ ഘട്ടം  ചില കാര്യങ്ങൾ പഠിപ്പിച്ചു. ഏത് സാഹചര്യത്തിലും തനിക്ക് അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്ക് നേടിത്തന്നു. "

തൻ്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ഭ്രാന്തമായി തന്നെ അലഞ്ഞു നേടിയ വത്സൽ നഹാതയുടെ ജീവിതം ചെറിയ നഷ്ടങ്ങൾക്കു മുൻപിൽ പോലും നിരാശരായി തീരുന്നവർക്ക് പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല.

click me!