
ഇരട്ടക്കുട്ടികളെ കാണാനിഷ്ടപ്പെടുന്നവരാണ് മിക്കവരും. ഒരുപോലെ ഇരിക്കുന്ന രണ്ടുപേരെ കണ്ടാൽ തന്നെ നമുക്ക് ആകെ കൺഫ്യൂഷനാണ്. അപ്പോൾ പിന്നെ നിരവധി ജോഡി ഇരട്ടകളെ ഒരുമിച്ച് കണ്ടാലോ? സ്കോട്ട്‍ലൻഡിലെ ഒറ്റ ലോക്കൽ അതോറിറ്റിക്ക് കീഴിൽ തന്നെ ഇത്തവണ സ്കൂളിൽ ചേരാൻ പോകുന്നത് 17 ജോഡി ഇരട്ടകളാണ്.
ഇൻവർക്ലൈഡിലെ ഈ സ്കൂളുകൾ ആഗസ്റ്റ് 18 വെള്ളിയാഴ്ചയാണ് കുട്ടികളെ തങ്ങളുടെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുക. ഇത്രയധികം ഇരട്ടകൾ ഒരുമിച്ച് സ്കൂളിൽ പോകുന്നതിനാൽ തന്നെ ഇൻവർക്ലൈഡ് ഇപ്പോൾ ട്വിൻവർക്ലൈഡ് എന്ന് കൂടി അറിയപ്പെടുന്നുണ്ട്. വെള്ളിയാഴ്ച ആദ്യ സ്കൂൾ ദിനത്തിൽ ഏറ്റവുമധികം ഇരട്ടകൾ എത്തുക സെന്റ് പാട്രിക് പ്രൈമറി സ്കൂളിലായിരിക്കുമത്രെ. 15 ജോഡി ഇരട്ടകളാണ് ഇവിടെ എത്തുന്നത്. ആദ്യത്തെ ദിനത്തിന് വേണ്ടിയുള്ള ഡ്രസ് റിഹേഴ്സൽ കഴിഞ്ഞു.
ഇൻവർക്ലൈഡ് കൗൺസിലിന്റെ ഡെപ്യൂട്ടി പ്രിൻസിപ്പലായ ഗ്രേം ബ്രൂക്ക്സ് പറഞ്ഞത് ഇരട്ടകളെ സ്കൂളിലേക്ക് സ്വീകരിക്കുക എന്നത് അവരുടെ പാരമ്പര്യം തന്നെ ആയി മാറിയിരിക്കുന്നു എന്നാണ്. യൂണിഫോമിൽ ഇത്രയധികം കുട്ടികളെ ഇങ്ങനെ കാണുന്നത് എത്ര രസകരമാണ് എന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കളെ സംബന്ധിച്ചും ഇത് രസകരം തന്നെ ആവും എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത് നാം കരുതുന്നത് പോലെ ആദ്യത്തെ സംഭവം ഒന്നുമല്ല. 2015 ൽ 19 ജോഡി ഇരട്ടക്കുട്ടികൾ ഇവിടെ സ്കൂളിൽ ചേർന്നിരുന്നു. ഓരോ വർഷവും നിരവധി ജോഡി ഇരട്ടകളാണ് ഇവിടെ സ്കൂളിൽ ചേരുന്നത്. എന്നാലും, ഒരേ സ്കൂളിൽ തന്നെ ഒരുപോലെയിരിക്കുന്ന അനേകം ജോഡികളെ കാണുന്നത് വളരെ അധികം കൗതുകം തരും എന്ന കാര്യത്തിൽ സംശയമില്ല.