17 വർഷമായി പഴയ അംബാസിഡർ കാറുമായി കാട്ടിൽ താമസം, സ്വന്തമെന്ന് പറയാനുള്ളത് രണ്ട് ജോഡി വസ്ത്രം, ഒരുജോടി സ്ലിപ്പർ

By Web TeamFirst Published Oct 8, 2021, 10:36 AM IST
Highlights

ആനകൾ, പന്നികൾ, ഉറുമ്പുകൾ, പുള്ളിപ്പുലികൾ, പാമ്പുകൾ, കാട്ടുപോത്തുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്താറുണ്ടെങ്കിലും, അദ്ദേഹം അവിടെ നിന്ന് മാറാൻ കൂട്ടാക്കുന്നില്ല. 

ഇന്നത്തെ കാലത്ത്, ഇന്റർനെറ്റും, സോഷ്യൽ മീഡിയാ ആപ്പുകളൊന്നുമില്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും സാധിക്കില്ല പലർക്കും. എന്നാൽ 56 -കാരനായ ചന്ദ്രശേഖരന്റെ കാര്യം അതല്ല. അദ്ദേഹത്തിന് വാട്സ്ആപ്പോ, ഫേസ്ബുക്കോ ഒന്നും തന്നെയില്ല. എന്തിന് ഒരു സ്മാർട്ഫോൺ പോലും അദ്ദേഹത്തിനില്ല. കാലം മാറിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടേയില്ല. കാരണം കഴിഞ്ഞ 17 വർഷമായി അദ്ദേഹം ജീവിക്കുന്നത് കാട്ടിലാണ്.

കന്നട ജില്ലയിലെ അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങൾക്കിടയിലെ ഇടതൂർന്ന വനത്തിലാണ് ചന്ദ്രശേഖർ താമസിക്കുന്നത്. നഗരജീവിതത്തിന്റെ എല്ലാ പകിട്ടും ഉപേക്ഷിച്ച് അദ്ദേഹം പ്രകൃതിയിൽ അഭയം തേടിയിട്ട് വർഷങ്ങൾ പിന്നിട്ടു. അദ്ദേഹത്തിന്റെ വീടെത്താൻ കാട്ടിനുള്ളിലൂടെ ചുരുങ്ങിയത് 3-4 കിലോമീറ്റർ അകത്തേയ്ക്ക് നടക്കണം. നടന്നെത്തുമ്പോൾ, മുളകൊണ്ട് കെട്ടിയ ഒരു ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കാണാനാകും. കുടിലിനടുത്ത് ഒരു പഴയ വെളുത്ത അംബാസിഡർ കാറും കാണാം. അതിന്റെ ബോണറ്റിൽ വളരെ പഴയതും എന്നാൽ പ്രവർത്തിക്കുന്നതുമായ ഒരു റേഡിയോയുമുണ്ട്. മഴയും വെയിലുമേറ്റ് വണ്ടി തുരുമ്പിച്ചുവെങ്കിലും, അദ്ദേഹത്തിന് കൂട്ടായി അതുണ്ട് ഇന്നും കൂടെ.    

അദ്ദേഹത്തിന്റെ രൂപവും കാട്ടിലെ ജീവിതം പോലെ പരുക്കനാണ്. ആ മെലിഞ്ഞ മനുഷ്യന്റെ ശക്തമായ കൈകാലുകളും, പകുതി കയറിയ കഷണ്ടിയും, ഷേവ് ചെയ്യാത്ത മുഖവും, നീട്ടി വളർത്തിയ മുടിയും എല്ലാം കാടിന്റെ പച്ചയായ ജീവിതത്തെ എടുത്ത് കാട്ടുന്നു. അദ്ദേഹത്തിന് സ്വന്തമെന്ന് പറയാൻ ആകെയുള്ളത് 2 ജോഡി വസ്ത്രങ്ങളും, ഒരു ജോടി റബ്ബർ സ്ലിപ്പറുമാണ്.  

നെക്രൽ കെമ്രാജെ ഗ്രാമമാണ് അദ്ദേഹത്തിന്റെ  സ്വദേശം. അവിടെ കുടുംബവുമായി സന്തോഷത്തോടെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു കൃഷിക്കാരനായ അദ്ദേഹത്തിന് ഏകദേശം 1.5 ഏക്കർ കൃഷിഭൂമിയുണ്ടായിരുന്നു. 2003 -ൽ അദ്ദേഹം ഒരു സഹകരണ ബാങ്കിൽ നിന്ന് 40,000 രൂപ വായ്പ എടുത്തു. അതോടെ അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങി. ഒരു ഘട്ടത്തിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, ബാങ്ക് അദ്ദേഹത്തിന്റെ കൃഷിസ്ഥലം ലേലം ചെയ്തു. ഇത് അദ്ദേഹത്തെ മാനസികമായി വല്ലാതെ തകർത്തു. അയാൾ കാറുമായി അഡാലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. പക്ഷേ അവിടെയും അദ്ദേഹത്തെ എതിരേറ്റത് പ്രശ്നങ്ങളായിരുന്നു. ഒടുവിൽ സഹികെട്ട് കാട്ടിൽ അഭയം പ്രാപിക്കാൻ അദ്ദേഹം തീരുമാനിച്ചു.  

തുടർന്ന് പിന്നീടുള്ള 17 വർഷക്കാലം അദ്ദേഹം കാട്ടിൽ തന്റെ കാറിലാണ് താമസിച്ചത്. കുളിക്കാൻ അടുത്തുള്ള നദിയിൽ പോകും. കാട്ടിലെ ഉണങ്ങിയ വള്ളികളിൽ നിന്ന് കൊട്ടകൾ നെയ്തെടുത്ത് അടുത്തുള്ള ഗ്രാമത്തിലെ കടയിൽ കൊണ്ട് പോയി വിൽക്കും. അവിടെ നിന്ന് തന്നെ അരി, പഞ്ചസാര മുതലായ പലചരക്ക് സാധനങ്ങൾ വാങ്ങുകയും ചെയ്യും. അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഒരു സൈക്കിളുമുണ്ട്. ഒഴിവ് സമയങ്ങളിൽ അദ്ദേഹം ആകാശവാണി മംഗലാപുരം സ്റ്റേഷനും പഴയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളും കേൾക്കുന്നു. തന്റെ ഭൂമി തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേയൊരു ആഗ്രഹം. അതിനായി അദ്ദേഹം ഭൂമിയുടെ രേഖകൾ ഇപ്പോഴും സൂക്ഷിച്ച് വച്ചിരിക്കുന്നു.

ഏതാനും വർഷം മുമ്പ് അന്നത്തെ ജില്ലാ കളക്ടർ എ.ബി. ഇബ്രാഹിം അദ്ദേഹത്തിന് താമസിക്കാൻ ഒരു വീട് വാഗ്ദാനം ചെയ്തു. എന്നാൽ ചന്ദ്രശേഖർ അത് തിരസ്കരിച്ചു. ആനകൾ, പന്നികൾ, ഉറുമ്പുകൾ, പുള്ളിപ്പുലികൾ, പാമ്പുകൾ, കാട്ടുപോത്തുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്താറുണ്ടെങ്കിലും, അദ്ദേഹം അവിടെ നിന്ന് മാറാൻ കൂട്ടാക്കുന്നില്ല. തനിച്ച് കാട്ടിൽ താമസിക്കുന്ന അദ്ദേഹം ഇന്ന് വരെ ഒന്നും നശിപ്പിക്കുകയോ, കവർന്നെടുക്കുകയോ  ചെയ്തിട്ടില്ല. കൊട്ടകൾ നെയ്യാൻ അദ്ദേഹം ഉപയോഗിക്കുന്ന വള്ളികൾ പോലും നിലത്ത് നിന്ന് കിട്ടുന്നവയാണ്. അതുപോലെ, അദ്ദേഹത്തിന് ആധാർ കാർഡ് ഇല്ലെങ്കിലും ആറൻതോട് ഗ്രാമപ്പഞ്ചായത്ത് അദ്ദേഹത്തെ സന്ദർശിക്കുകയും അദ്ദേഹത്തിന് കൊവിഡ് -19 വാക്സിൻ നൽകുകയും ചെയ്തു. ലോക്ക്ഡൗൺ കാലത്ത് ആഴ്ചകളോളം വെറും വെള്ളവും, കാട്ടുപഴങ്ങളും ഭക്ഷിച്ചാണ് അദ്ദേഹം ജീവിച്ചത്.  

click me!