ബിരുദമില്ല, ഒരപേക്ഷ പോലും അയച്ചില്ല, എന്നിട്ടും ബിഎംഡബ്ല്യുവിൽ നിന്ന് വിളിവന്നു; പേഴ്‌സണൽ ബ്രാൻഡിംഗിലൂടെ വിസ്മയിപ്പിച്ച് 19 -കാരി!

Published : Apr 10, 2026, 08:23 PM IST
Gouri M

Synopsis

19-കാരിയായ ഗൗരിക്ക് ബിരുദമില്ലാതെ ബിഎംഡബ്ല്യു അടക്കമുള്ള പ്രമുഖ കമ്പനികളിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചത് അവളുടെ ശക്തമായ പേഴ്‌സണൽ ബ്രാൻഡിംഗ് മൂലമാണ്. ഈ അവസരം താൻ സ്വീകരിച്ചില്ലെങ്കിലും, മാറുന്ന തൊഴിൽ വിപണിയിൽ പ്രായോഗിക കഴിവിനും ഡിജിറ്റൽ സാന്നിധ്യത്തിനുമുള്ള പ്രാധാന്യം തെളിയിക്കാനാണ് ഗൗരി ഈ അനുഭവം പങ്കുവെച്ചത്.

 

മാറുന്ന തൊഴിൽ വിപണിയിൽ ബിരുദ സർട്ടിഫിക്കറ്റുകളേക്കാൾ പ്രായോഗിക കഴിവിനും വ്യക്തിഗത ബ്രാൻഡിംഗിനും പ്രാധാന്യമേറുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് ഗൗരി എന്ന 19 വയസ്സുകാരി. ആഗോള വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിൽ (BMW) നിന്ന് ജോലി വാഗ്ദാനം ലഭിച്ചുവെന്ന ഗൗരിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലായതോടെയാണ് വിദ്യാഭ്യാസവും നൈപുണ്യവും തമ്മിലുള്ള സംവാദം വീണ്ടും സജീവമായത്.

ബിഎംഡബ്ലു അടക്കം അഞ്ച് കമ്പനികളിൽ നിന്ന് ക്ഷണം

കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ചോദിക്കുന്ന മാർക്കറ്റിംഗ് റോളിലേക്കാണ് ഗൗരിക്ക് ക്ഷണം ലഭിച്ചത്. ലിങ്ക്ഡ്ഇന്നിലും ഇൻസ്റ്റാഗ്രാമിലും ഗൗരി കെട്ടിപ്പടുത്ത മികച്ച ഡിജിറ്റൽ സാന്നിധ്യമാണ് കമ്പനി പ്രതിനിധികളെ ആകർഷിച്ചത്. "ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ ഗ്രൂപ്പുകളിൽ ഒന്നിൽ നിന്ന് എനിക്ക് ജോലി വാഗ്ദാനം ലഭിച്ചു. ഇതൊരു കൊളാബറേഷൻ അല്ല, ഒരു സീരിയസ് മാർക്കറ്റിംഗ് റോളാണ്. ലഭ്യമായ സാഹചര്യങ്ങൾ വെച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ഒരു 19 വയസ്സുകാരിയാണ് ഞാൻ. അവർ എന്നെ എങ്ങനെയോ കണ്ടെത്തി. ഇതിന് പിന്നാലെ ഒരു പ്രമുഖ സ്പോർട്സ് ബ്രാൻഡ് സ്ഥാപകനിൽ നിന്നും മറ്റ് മൂന്ന് കമ്പനികളിൽ നിന്നും എനിക്ക് അവസരങ്ങൾ വന്നു. ഞാൻ ആർക്കും അപേക്ഷ നൽകിയിരുന്നില്ല." ഗൗരി തന്‍റെ പോസ്റ്റിൽ കുറിച്ചു.

ബിരുദമില്ല, എല്ലാം പേഴ്‌സണൽ ബ്രാൻഡിംഗിലൂടെ

മുമ്പ് ടാറ്റ മോട്ടോഴ്‌സുമായി സഹകരിച്ചപ്പോഴും ഗൗരിക്ക് ബിരുദമോ കോർപ്പറേറ്റ് പരിചയമോ ഉണ്ടായിരുന്നില്ല. തന്‍റെ കാഴ്ചപ്പാടുകൾ സമൂഹ മാധ്യമത്തിലൂടെ കൃത്യമായി പങ്കുവെച്ചതാണ് ഗൗരിയെ ശ്രദ്ധേയയാക്കിയത്. ഗൗരിക്ക് ബിഎംഡബ്ല്യുവിൽ ജോലി ലഭിച്ചുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. ബിഎംഡബ്ല്യുവിന്‍റെ ഒരു ഡീലർഷിപ്പ് പ്രതിനിധി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ, ആ തൊഴിൽ സാഹചര്യം തന്‍റെ ഇപ്പോഴത്തെ കരിയർ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ താൻ അത് സ്വീകരിച്ചില്ലെന്നും ഗൗരി വ്യക്തമാക്കി. ചില മാധ്യമങ്ങൾ തന്നോട് വിശദീകരണം തേടാതെ ഈ വാർത്തയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ഗൗരി ചൂണ്ടിക്കാട്ടി. ഒരു ജോലി ലഭിച്ചുവെന്ന് അവകാശപ്പെടാനല്ല, മറിച്ച് കൃത്യമായ പേഴ്‌സണൽ ബ്രാൻഡിംഗിലൂടെ എങ്ങനെ വലിയ അവസരങ്ങൾ തേടിവരുമെന്ന് കാണിക്കാനാണ് താൻ പോസ്റ്റ് പങ്കുവെച്ചതെന്ന് അവർ ആവർത്തിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു'; പരിധി വിടുന്ന മാർക്കറ്റിംഗ് തന്ത്രത്തിനെതിരെ വൻ പ്രതിഷേധം
ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ 'കഞ്ചാവ് തോട്ടം'; റൈഡ് നടത്തി പോലീസ്