
സൗഹൃദങ്ങൾക്ക് ഒരിക്കലും അവസാനിക്കാത്ത ഒരു മാധുര്യമുണ്ട്. പ്രത്യേകിച്ച് പഠനകാലങ്ങളിൽ ലഭിയ്ക്കുന്ന സൗഹൃദങ്ങൾക്ക്. അതുകൊണ്ടാണ് കാലം എത്ര പിന്നിട്ടാലും വീണ്ടും വീണ്ടും കണ്ടുമുട്ടാനുള്ള ആഗ്രഹം സൗഹൃദങ്ങളിൽ ഉണ്ടാകുന്നത്. പൂർവിദ്യാർത്ഥി സംഗമങ്ങളും സൗഹൃദക്കൂട്ടായ്മകളുമൊക്കെ നമുക്കിടയിൽ സാധാരണമാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇന്നും തങ്ങളുടെ സൗഹൃദ കൂട്ടായ്മയുടെ കണ്ണി പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകളെക്കുറിച്ചുള്ള വാർത്ത ഏതാനും ദിവസങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി.
1984 -ലെ ഒരു എഞ്ചിനിയറിംഗ് ബാച്ചാണിത്. പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ ഇവർക്ക് സ്വന്തമായി വെബ്സൈറ്റും വാട്സ് ആപ്പ് ഗ്രൂപ്പും ഒണ്ട്. തീർന്നില്ല ഇവർ ഒരുമിച്ച് ഇപ്പോഴും വേൾഡ് ടൂറുകൾ വരെ നടത്താറുണ്ട്. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തന്റെ പിതാവിന്റെ കോളേജ് ബാച്ചും അവർ ഇപ്പോഴും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെ കുറിച്ചും ലോകമെമ്പാടും ഒരുമിച്ച് സഞ്ചരിക്കുന്നതിനെക്കുറിച്ചും അടുത്തിടെ പോസ്റ്റ് ചെയ്തത്.
നസ്രീൻ ഫസൽ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് യുറോപ്പ് യാത്രയ്ക്കിടയിൽ തന്റെ പിതാവും സുഹൃത്തുക്കളും പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 1984 -ൽ അദ്ദേഹത്തിന്റെ എഞ്ചിനിയറിങ്ങ് പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന അതേ സഹപാഠികൾ തന്നെയായിരുന്നു പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന യാത്രയിലും കൂട്ട് എന്നത് വലിയ കൗതുകമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഉണ്ടാക്കിയത്. അഭേദ്യമായ സൗഹൃദ ബന്ധം ഇന്നും സൂക്ഷിക്കുന്നവരാണത്രേ ഈ സഹപാഠികൾ.
കോളേജ് ബിരുദം കഴിഞ്ഞ് ഏകദേശം നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും ഇവർ എല്ലാവരും തമ്മിൽ കൂടികാഴ്ചകൾ നടത്തുന്നതും യാത്രകൾ നടത്തുന്നതും പതിവാണെന്നാണ് നസ്രീൻ ഫസൽ പറയുന്നത്. ഗ്രൂപ്പിന്റെ ഏകോപനവും യാത്രാ ആസൂത്രണവും സുഗമമാക്കുന്നതിന് ഇവർക്ക് ഒരു വെബ്‌സൈറ്റും ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടെന്ന് നസ്രീൻ ചൂണ്ടിക്കാട്ടി. കൂടാതെ, ഒരു ചെയർമാൻ, ധനകാര്യ വിദഗ്ധൻ, ലോജിസ്റ്റിക്കൽ പ്ലാനർമാർ, വിനോദ സംഘം എന്നിവരടങ്ങിയ ഒരു യാത്രാ കമ്മിറ്റിയും ഈ കൂട്ടുകാർക്ക് ഉണ്ട്.