
കോൺസ്റ്റാന്‍റിനോപ്പിളിന്‍റെ ഭരണം യൂറോപ്പിന് നഷ്ടമായതിന് പിന്നാലെ കരയിലൂടെയുള്ള യൂറോപ്യന്‍ വാണിജ്യ താത്പര്യങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുന്നു. കടലുതാണ്ടി കരപിടിക്കാനായി പോപ്പിന്‍റെ അനുഗ്രഹാശിസുകളോടെ യൂറോപ്യന്‍ രാജാക്കന്മാര്‍ കപ്പലുകള്‍ നീറ്റിലിറക്കുന്നു. അങ്ങനെ ആദ്യത്തെ പോര്‍ച്ചുഗീസ് കപ്പല്‍ 15 -ാം നൂറ്റാണ്ടില്‍ ഇന്നത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറന്‍ കരയില്‍ നങ്കൂരമിട്ടു. പോര്‍ച്ചുഗീസ് കപ്പലോട്ടപ്പാതയിലൂടെ ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും കരപിടിച്ചു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ബ്രിട്ടന്‍ ചുരുക്കം സൈനികോദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശീയരായ പടയാളികളെ വച്ച് ഈ ഉപഭൂഖണ്ഡം കീഴടക്കുകയും ഉപഭൂഖണ്ഡത്തിന് സ്വന്തം സൗകര്യാര്‍ത്ഥം 'ഇന്ത്യ' എന്ന് പേര് വിളിക്കുകയും ചെയ്തു.
അതുവരെ വിവിധ മതവിശ്വാസികളായ രാജാക്കന്മാരുടെ കീഴില്‍ അനേകായിരം രാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന ഉപഭൂഖണ്ഡം അങ്ങനെ ഒറ്റ ഭരണത്തിൽ കീഴിലൊരു കോളനിയായി ലോകത്ത് അറിയപ്പെട്ട് തുടങ്ങി. പാശ്ചാത്യ വിദ്യാഭ്യാസവും സംസ്കാരവും ഉപഭൂഖണ്ഡത്തിലെ ജനതയ്ക്ക് മേലെ അല്പാല്‍പ്പമായി ഇറങ്ങി ചെന്നപ്പോൾ ദേശീയതയും സ്വാതന്ത്ര്യബോധവും ശക്തമായി. അതിന് മുമ്പും ദേശസ്നേഹികളും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ഈ ഉപഭൂഖണ്ഡത്തില്‍ ശക്തമായിരുന്നു. അവയെല്ലാം ദേശരാഷ്ട്രങ്ങളിലെ ജനത തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ യുദ്ധങ്ങളായിരുന്നു.
ആദ്യകാല സ്വാതന്ത്ര്യ യുദ്ധങ്ങളിലെല്ലാം ഇത്തരം ദേശരാഷ്ട്ര ബോധത്തിന്‍റെ ആധിക്യമുണ്ട്. ഇത് മിക്കവാറും കച്ചവടത്തിന്റെ കുത്തകാവകാശത്തിന് വേണ്ടിയും അമിത നികുതിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും രൂപപ്പെട്ട് വന്നതാണെന്നും കാണാം. 1650 -കളിൽ ഈസ്റ്റിന്ത്യാ കമ്പനി ഭരണത്തിനെതിരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ കലാപം രൂപം കൊള്ളുന്നത് ഇന്നത്തെ കേരളത്തിലെ നാട്ടുരാജ്യമായ ആറ്റിങ്ങൽ രാജഭരണത്തിൽ കീഴിലായിരുന്നു. വേണാടിന്‍റെ റീജന്‍റായി ഭരണം നടത്തിയ ഉമയമ്മറാണിയെ സ്വാധീനിച്ച് കൊച്ചിയും കടന്ന് തിരുവിതാംകൂറിലേക്ക് കയറിയ ഈസ്റ്റിന്ത്യാ കമ്പനി ജലമാര്‍ഗ്ഗമുള്ള വ്യാപാര സൗകര്യത്തിനും കപ്പലുകൾക്ക് ദിശ കാണിക്കാനായുള്ള ലൈറ്റ് ഹൗസിന്റെയും സാധ്യത മുന്നിൽ കണ്ട് അഞ്ചുതെങ്ങില്‍ നങ്കൂരമിടുന്നു.
അക്കാലത്ത് തിരുവിതാംകൂറിന്‍റെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കുരുമുളകും മറ്റ് വനവിഭവങ്ങളും പടിഞ്ഞാന്‍ നാടുകളിലേക്ക് എത്തിച്ചിരുന്നത് പ്രധാനമായും വാമനപുരം നദിയിലൂടെയായിരുന്നു. വാമനപുരം നദിക്ക് പുറമേ പാര്‍വ്വതി പുത്തനാറും അഞ്ചുതെങ്ങ് കായലും ജലഗതാഗതത്തെ ഏറെ പരിപോഷിപ്പിച്ചു. മലഞ്ചരക്ക് തേടി ഈസ്റ്റിന്ത്യാ കമ്പനി അഞ്ചുതെങ്ങ് എത്തുമ്പോള്‍ വേണാടിന്‍റെ ഭരണം ആറ്റിങ്ങൽ റാണിയായ ഉമയമ്മ റാണിക്കായിരുന്നു (1677 -1684). ഇതിനകം കൊല്ലം കൈവശപ്പെടുത്തിയ ഡച്ചുകാരുടെ അപ്രമാധിത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉമയമ്മ കേരളത്തില്‍ ആദ്യമായി ബ്രിട്ടീഷുകാര്‍ക്ക് കോട്ട പണിയാനുള്ള അനുമതി നല്‍കി. അതൊരു തുടക്കമായിരുന്നു.
1673 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി അഞ്ചുതെങ്ങില്‍ ആദ്യ പണ്ടികശാല തുറന്നു. അവിടെ നിന്നും കുരുമുളകും ചീട്ടിത്തുണിയും പതുക്കെ കടല്‍ കടന്നു. ഇതിനിടെ പ്രദേശവാസികളും ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ശക്തമായ മുസ്ലിം മത്സ്യബന്ധന തൊഴിലാളികളുടെ സാന്നിധ്യം കമ്പനിക്ക് താത്പര്യമില്ലാത്തതായിരുന്നു. 1679 -ല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സമാധാന ഉടമ്പടി നിലവില്‍ വന്നു. ഉടമ്പടിയുടെ മറവിൽ അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ഉമയമ്മയിൽ നിന്നും ഈസ്റ്റിന്ത്യാ കമ്പനി നേടി. ഈ കുത്താകാധികാരം വലിയൊരു കലാപത്തിലേക്ക് വഴിമരുന്നിടുകയായിരുന്നു. ഇതിനിടെ 1684 -ല്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് അഞ്ചുതെങ്ങ് കോട്ട പണിയാനുള്ള അനുമതി ഉമയമ്മ നല്‍കി. 1695 -ല്‍ കോട്ടയുടെ പണി കഴിഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞ് ഉമയമ്മ റാണി മരിച്ചു.
ഇതിനിടെ അഴിമതിയിൽ മുങ്ങിയ ഈസ്റ്റിന്ത്യാ കമ്പനി, അഞ്ചുതെങ്ങ് കോട്ട കേന്ദ്രീകരിച്ച് സാധാരണക്കാര്‍ക്ക് നേരെ അമിതാധികാരവും ഇടയ്ക്കിടെ കുടുംബങ്ങൾക്കിടയിലേക്ക് കടന്നാക്രമണവും അഴിച്ചുവിട്ടു. ഹിന്ദു - മുസ്ലിം സമൂഹങ്ങള്‍ കമ്പനി ഉദ്യോഗസ്ഥരുടെ അപമാനം ഒരുപോലെ നേരിട്ടു. നാട്ടുകാര്‍ പകവീട്ടാൻ ഒരു അവസരത്തിനായി കാത്തിരുന്നു. ഇതേസമയത്താണ് പഴയ എട്ട് വീട്ടില്‍ പിള്ളമാരുടെ പരമ്പരകള്‍ കമ്പനിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് തുടങ്ങിയതും. പ്രദേശത്തെ മുസ്ലീം - ഹിന്ദു മതവിഭാഗങ്ങളിലെ ആളുകളെ പരസ്പരം അക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ തന്ത്രശാലിയായ അക്കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി മേധാവി ഗൈഫോർഡ്, 1721 ഏപ്രില്‍ 14 വിഷു ദിനത്തില്‍ പതിവ് പോലെ അക്കാലത്തെ ആറ്റിങ്ങല്‍ റാണിയെ സുഖിപ്പിക്കുന്നതിനായി ഉപഹാരങ്ങളും കപ്പവുമായി 140 സൈനികരും 30 അടിമകളുമായി വാമനപുരം പുഴയിലൂടെ വഞ്ചികളിൽ ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് നീങ്ങി.
വിഷു ആഘോഷത്തില്‍ പങ്കുചേരാനായി ഗൈഫോർഡിന്‍റെ നേതൃത്വത്തില്‍ പോയ ആ 170 പേരും ആറ്റിങ്ങല്‍ കോട്ടയ്ക്കുള്ളില്‍ വച്ചുണ്ടായ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശവശരീരങ്ങള്‍ വാമനപുരം പുഴയിലേക്ക് വലിച്ചെറിയപ്പെട്ടു. ഈ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്ക് വാമനപുരം പുഴ പിന്നീട് കൊല്ലും പുഴയായും കാലക്രമേണ കൊല്ലമ്പുഴയുമായി പേരുമാറി. ഗൈഫോർഡിന്‍റെ നാക്ക് പിഴുതെടുത്താണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക ചരിത്രം പറയുന്നു. കമ്പനി മേധാവി കൊല്ലപ്പെട്ടതോടെ അഞ്ചുതെങ്ങ് കോട്ട നിയന്ത്രിക്കാനാളില്ലാതായി. പിന്നാലെ പ്രദേശവാസികള്‍ കോട്ടയും കീഴടക്കി. അങ്ങനെ ഭിന്നിപ്പിക്കാന്‍ നോക്കിയ മുസ്ലിമും ഹിന്ദുവും ഇസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടി.
പിന്നീട് തലശ്ശേരിയില്‍ നിന്നും കൂടുതല്‍ സൈനികരെത്തി കോട്ട കമ്പനി തിരിച്ച് പിടിച്ചെങ്കിലും ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ പോരാട്ടമായിരുന്നു ആ ഗറില്ലായുദ്ധം എന്നതില്‍ അശേഷം സംശയിക്കേണ്ടതില്ല. സ്വന്തം ദേശത്തിന്റെ ഭരണാധികാരവും വ്യാപാരാധികാരവും കൈയാളാനുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ ശ്രമത്തിനെതിരെ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയർ നടത്തിയ ആദ്യ സംഘടിത സ്വാതന്ത്ര്യ പോരാട്ടമായി അത് ചരിത്രത്തിൽ ഇടം പിടിച്ചു. ഒപ്പം മതത്തിന് അധീതമായി, വൈദേശിക ശക്തിക്കെതിരെ ഒരുമിച്ച് നിന്ന് പോരാടിയ ഒരു ദേശത്തിന്റെ ചരിത്രം കൂടിയായി ആ പോരാട്ടം മാറി.
(ചിത്രം: Prasanthvembayam/ Wikipedia)