കശ്‍മീര്‍ താഴ്‍വരയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണക്കേസ് മൂന്നുപതിറ്റാണ്ടിന് ശേഷം വിചാരണയ്‌ക്കെത്തുമ്പോൾ

By Web TeamFirst Published Sep 7, 2019, 10:59 AM IST
Highlights

യാസിൻ മലിക് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ പി ചിദംബരം കിടക്കുന്നതിന്റെ തൊട്ടടുത്ത സെല്ലിൽ കിടക്കുന്നുണ്ട്. 
ഭീകരവാദികൾക്ക് ധനം സമാഹരിച്ചുനൽകി എന്ന പേരിൽ എൻഐഎയാണ് മലിക്കിനെ കസ്റ്റഡിയിലെടുത്തത്. 

ഒടുവിൽ ഏകദേശം മുപ്പതു വർഷത്തെ കാലതാമസത്തിനൊടുവിൽ, കശ്മീർ താഴ്വരയെ പിടിച്ചുകുലുക്കിയ ഒരു ഭീകരാക്രമണക്കേസ് വിചാരണയ്‌ക്കെടുക്കാൻ പോവുകയാണ് അടുത്താഴ്ച. 1990  ജനുവരി 25 -ന് ശ്രീനഗറിൽ വെച്ച് നാല് വ്യോമസേനാ ഓഫീസർമാരെ വെടിവെച്ചു കൊന്ന കേസിന്റെ വിചാരണയാണ് ഏറെ വൈകിയെങ്കിലും തുടങ്ങാൻ പോവുന്നത്. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം കാശ്മീരിൽ വന്നിറങ്ങിയതായിരുന്നു വ്യോമസേനയുടെ സംഘം. നാല്പതോളം പേർ, വ്യോമസേനാ ആസ്ഥാനത്തുനിന്നും ഒരു ബസ് അവരെ കൊണ്ടുപോകാൻ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു. അതിനിടയിലാണ് ബൈക്കുകളിൽ വന്ന ഭീകരസംഘം നിരായുധരായ വ്യോമസേനാംഗങ്ങൾക്കുനേരെ യന്ത്രത്തോക്കുകളാൽ വെടിയുതിർക്കുന്നത്. നിമിഷനേരം കൊണ്ട് നിരവധിപേർ വെടിയേറ്റുവീണു. അക്കൂട്ടത്തിൽ സ്ക്വാഡ്രൺ ലീഡർ രവി ഖന്ന, കോർപ്പറൽ ഡിബി സിങ്, കോർപ്പറൽ ഉദയ് ശങ്കർ, എയർമാൻ അജാദ് അഹ്‌മദ്‌ എന്നിവർ കൊല്ലപ്പെട്ടു. ആ ആക്രമണത്തിൽ ഇന്നുവരെ കോടതിയിൽ വിചാരണ തുടങ്ങാനായിട്ടില്ല.  യാസിൻ മലിക് ആണെങ്കിൽ സർക്കാരുമായി പിന്നാമ്പുറചർച്ചകൾ നടത്തി തന്റെ ആയുസ്സ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു അതിനിടെ.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മാറിമാറി വന്ന സർക്കാരുകളുടെ ഭാഗത്തുനിന്നും തികഞ്ഞ ഉദാസീനമനോഭാവമാണ് ഈ കേസിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. സംഭവത്തിലെ പ്രധാന പ്രതിയും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുടെ ചെയർമാനുമായ യാസിൻ മലിക് എൺപതുകളിൽ അതിർത്തികടന്ന് പാകിസ്താനിലേക്ക് പോയി, അവിടെ സായുധ പരിശീലനം നേടി തിരികെ വന്ന് 1989-90  കാലത്ത് താഴ്‌വരയിൽ ഭീകരവാദം പടർത്തിയ മാസ്റ്റർ മൈൻഡ് ആണ്. ചുരുങ്ങിയത് രണ്ടു ഡസൻ ഭീകരവാദ കേസുകളിലെങ്കിലും മലിക് മുഖ്യ പ്രതിയാണ്. 2007 -ൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. 

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ വ്യോമസേനയെ ഉപയോഗിച്ചുകൊണ്ട് സർജിക്കൽ സ്ട്രൈക്കുകളും മറ്റും നടത്തിയ പശ്ചാത്തലത്തിലാണ് ഈ പഴയ കേസിൽ നീതി നടപ്പിലാക്കണം എന്നുള്ള മുറവിളി വീണ്ടും ഉയർന്നതും ആ ദിശയിൽ കാര്യങ്ങൾ പുരോഗമിച്ചതും. ഇതേത്തുടര്‍ന്ന് നടത്തിയ നിയമ നീക്കത്തിലാണ് 2019  ഏപ്രിൽ മാസം 2007 -ലെ ഏർപ്പെടുത്തിയ സ്റ്റേ കോടതി നീക്കുന്നതും, എൻഐഎ പഴയ മറ്റൊരു കേസിൽ യാസീൻ മലിക്കിനെ അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതും. യാസിൻ മലിക് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ പി ചിദംബരം കിടക്കുന്നതിന്റെ തൊട്ടടുത്ത സെല്ലിൽ കിടക്കുന്നുണ്ട്. 
ഭീകരവാദികൾക്ക് ധനം സമാഹരിച്ചുനൽകി എന്ന പേരിൽ എൻഐഎയാണ് മലിക്കിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ ഇപ്പോൾ കോടതി സെപ്റ്റംബർ 11-ന് യാസിൻ മലിക്കിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങ് വഴി മലിക്കിന്റെ വിചാരണ നടത്താനാണ് സാധ്യത.

ആക്രമണത്തെത്തുടർന്നു നടന്ന അന്വേഷണത്തിൽ നിരവധി ദൃക്‌സാക്ഷികൾ ഭീകരസംഘത്തിന്റെ ഭാഗമായിരുന്ന യാസിൻ മലിക് അടക്കമുള്ള പലരെയും തിരിച്ചറിഞ്ഞു. തുടരന്വേഷണം നടത്തിയ സിബിഐ ടാഡ ചുമത്തി, കുറ്റപത്രം സമർപ്പിച്ചു. ഈ ആക്രമണത്തിന് ഒരു വർഷം മുമ്പ് മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകൾ റുബയ്യ സയ്യിദിനെ തട്ടിക്കൊണ്ടു പോയ കേസിലും ടാഡ ചുമത്തിത്തന്നെ സിബിഐ യാസിൻ മലിക്കിനെതിരെ കുറ്റപത്രം നൽകിയിട്ടുണ്ട്.

യാസിൻ മാലിക്ക് എന്ന ഭീകരവാദി

സ്വാതന്ത്ര്യാനന്തരം രണ്ടു പരമാധികാര രാഷ്ട്രങ്ങളായ അന്ന് തൊട്ട് പാകിസ്ഥാൻ കശ്മീരിന്റെ പേരും പറഞ്ഞുകൊണ്ട് പല തരത്തിൽ ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നുണ്ട്. കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്നതു പോലും ഒരു സൈനിക നടപടിയിലൂടെയായിരുന്നു. അതിനുശേഷം അറുപതുകളിൽ പ്രസിഡന്റ് അയൂബ് ഖാനും, എൺപതുകളിൽ സിയാ ഉൽ ഹഖും പട്ടാളത്തെ ഉപയോഗിച്ചുതന്നെ കാശ്മീരിൽ സംഘർഷങ്ങളുണ്ടാക്കി. തൊണ്ണൂറുകളിൽ കാശ്മീരിൽ ഭീകരവാദം പടർന്നുപിടിച്ച കാലത്ത് അതിനെ കയ്യയച്ചു സഹായിച്ചത് ബേനസീർ ഭൂട്ടോ ആയിരുന്നു. തീവ്രവാദികളെ അവരാണ് 'മുജാഹിദീൻ' അഥവാ മതത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്നവർ എന്ന് വിളിച്ചത്. അക്കാലത്താണ് മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകളും മെഹ്ബൂബാ മുഫ്തിയുടെ സഹോദരിയുമായി റുബയ്യ തട്ടിക്കൊണ്ടു പോകപ്പെടുന്നതും അവരുടെ മോചനത്തിന് പകരമായി ഹമീദ് ഷേക്ക് എന്ന ജെകെഎൽഎഫ് നേതാവിനെ വിട്ടയയ്ക്കേണ്ടി വരുന്നതും. ഈ ഓപ്പറേഷന് പിന്നിലും യാസിൻ മലിക് ആയിരുന്നു.

തൊണ്ണൂറുകളുടെ പകുതിയോടെ, കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്രമാക്കുക എന്നതൊന്നും നടക്കില്ല എന്ന് യാസിൻ മലിക് അടക്കമുള്ള നേതാക്കൾ തിരിച്ചറിഞ്ഞു. പക്ഷേ, കാശ്മീരിനെ പ്രക്ഷുബ്ധമായി നിലനിർത്തുന്നതിന് കൃത്യമായ ഫണ്ടിങ് വരുന്നുണ്ടായിരുന്നു. പലർക്കും പണം വന്നിരുന്നത് പാകിസ്ഥാനിൽ നിന്നും നേരിട്ടായിരുന്നു. ആയുധങ്ങൾക്കും, സ്ഫോടകവസ്തുക്കൾക്കും മറ്റുമുള്ള ഫണ്ടിങ്ങ് വന്നിരുന്നത് സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റും. ഇതിനൊക്കെ മാധ്യസ്ഥം വഹിച്ചിരുന്നത് യാസിൻ മലിക്കും. സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അയഞ്ഞ നിലപാടുകൾ യാസിൻ മലിക്കിനെപ്പോലുള്ള തീവ്രവാദികൾക്ക് തദ്ദേശീയർക്കിടയിൽ ഒരു വീരപരിവേഷം സമ്മാനിച്ചു. SAS ഗിലാനിയെപ്പോലുള്ളവർ ഇത്തരത്തിലുള്ള തീവ്രവാദികളെ പിന്തുണച്ച് പ്രസംഗങ്ങളും നടത്തിപ്പോന്നു.

2008  മുതൽ 2010 വരെയുള്ള കാലമായിരുന്നു കാശ്മീരിൽ താരതമ്യേന ശാന്തി നിറഞ്ഞുനിന്ന ഒരു ഇടവേള. 2010 -ൽ നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടത്തിയ ഒരു സൈനിക ഓപ്പറേഷനെച്ചൊല്ലിയുണ്ടായ തർക്കം കശ്മീർ താഴ്വരയെ സംഘർഷഭരിതമാക്കി. സൈന്യം ഭീകരവാദികളെന്നും പറഞ്ഞ് കൊന്നുകളഞ്ഞ മൂന്നുപേരും നിരപരാധികളായ കാശ്മീരികളാണ് എന്നായിരുന്നു ആക്ഷേപം.

 

എന്തായാലും അത് കടുത്ത പ്രതിഷേധ പ്രകടനങ്ങൾക്ക് തുടക്കമിട്ടു. പ്രകടനങ്ങൾക്കിടെ സൈനികർക്കു നേരെ തുടർച്ചയായ കല്ലേറ് നടന്നു. സൈന്യം തിരിച്ച് പെല്ലറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. ടിയർ ഗ്യാസ് ഷെൽ വീണ് ഒരു പതിനേഴുകാരൻ കൊല്ലപ്പെട്ടത് സംഘർഷങ്ങൾ കടുപ്പിച്ചു. ഈ സംഘർഷങ്ങൾ അടങ്ങിയ ശേഷം പിന്നെയും കുറച്ചു നാൾ ശാന്തമായ താഴ്വര വീണ്ടും കലുഷിതമായത് 2016 -ൽ ബുർഹാൻ വാണി ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതോടെയാണ്.


ബുർഹാൻ വാണി 

രണ്ടാം മോദി സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ശേഷം, കശ്മീരിലെ നയം പാടെ മാറിയിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങളാണ് ആർട്ടിക്കിൾ 370, 35(A) തുടങ്ങിയവ റദ്ദാക്കിയതും, ജമ്മു കാശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതുമൊക്കെ. ഈ നടപടികൾക്ക് പിന്നാലെ, മൂന്നു പതിറ്റാണ്ടുകാലം ഒരു പുരോഗതിയുമില്ലാതിരുന്ന പഴയൊരു ഭീകരാക്രമണ കേസുകൂടി വിചാരണയ്ക്കുവരുമ്പോൾ അത്, കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും കശ്മീരിന്റെ കാര്യത്തിൽ  കടുത്ത നിലപാടുകൾ തന്നെ പ്രതീക്ഷിക്കാം എന്നതിന്റെ വ്യക്തമായ സൂചനയാണ്. 

click me!