നഗരത്തെ കാൻവാസാക്കിയ വിപ്ലവകാരി, ബാദൽ നഞ്ചുണ്ടസ്വാമിയുടെ അത്ഭുതലോകം

By Web TeamFirst Published Sep 5, 2019, 6:56 PM IST
Highlights

ചന്ദ്രയാന്റെ വിക്രം ലാൻഡർ അതിന്റെ പ്രഗ്യാൻ റോവറിനോടൊപ്പം അതിന്റെ മാതൃവാഹനത്തിൽ നിന്നും വേർപെട്ട അന്ന് തന്നെ ഈ മൂൺ വാക്ക് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അതിനെ കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിച്ചു

നഗരമധ്യത്തിലെ തിരക്കേറിയ നിരത്തിൽ രൂപം കൊണ്ട ഒരു ഗട്ടർ നിറങ്ങളുടെ തോളോടുതോൾ ചേർന്നു നിന്ന് മറ്റെന്തിന്റെയോ ഒക്കെ രൂപത്തിലേക്ക് ആവാഹിക്കപ്പെടുമ്പോൾ അവിടെ വിജയിക്കുന്നത് ഒരു കലാകാരനാണ്. തന്റെ ഓരോ  പുതിയ സൃഷ്ടിയിലൂടെയും  സമൂഹത്തോട്  പലതും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട് ബാദൽ നഞ്ചുണ്ടസ്വാമി എന്ന ഈ കലാകാരൻ.

മുമ്പും അദ്ദേഹത്തിന്റെ പല സൃഷ്ടികളും ഏറെ ജനപ്രിയമായിട്ടുണ്ടെങ്കിലും, ഈയടുത്ത് അദ്ദേഹം കലയെ പ്രതിഷേധവുമായി കലർത്തിക്കൊണ്ട് വിഭാവനം ചെയ്ത ഈ സൃഷ്ടി, ഗർത്തങ്ങൾ നിറഞ്ഞ ബെംഗളൂരുവിലെ ടാർ റോഡുകളെ ചന്ദ്രോപരിതലമെന്നു കാണിച്ചുകൊണ്ടുള്ള ബഹിരാകാശസഞ്ചാരിയുടെ വേഷത്തിലുള്ള മൈക്രോ ഗ്രാവിറ്റി 'മൂൺവാക്ക്' ഒരക്ഷരം പോലും ഉരിയാടാതെ ജനങ്ങളെ റോഡുകളുടെ പരിതാപാവസ്ഥയിലേക്ക് വലിച്ചടുപ്പിച്ചു. സംഭവം ജനശ്രദ്ധ പിടിച്ചു പറ്റിയതോടെ BBMPക്കും അടങ്ങിയിരിക്കാനായില്ല. നഞ്ചുണ്ടസ്വാമി നടന്ന ആ ഗർത്തങ്ങളെല്ലാം തന്നെ തൊട്ടടുത്ത ദിവസം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പയർ ചെയ്യപ്പെട്ടു. 

Hello bbmp👋 pic.twitter.com/hsizngTpRH

— baadal nanjundaswamy (@baadalvirus)

 

ആരാണീ ബാദൽ നഞ്ചുണ്ടസ്വാമി ? 

1979-ൽ മൈസൂരുവിലെ കുക്കരഹള്ളിയിൽ  നഞ്ചയ്യയ്ക്കും നരസമ്മയ്ക്കും മകനായി ബാദൽ നഞ്ചുണ്ടസ്വാമി നഞ്ചയ്യ എന്ന പേരിൽ ജനനം. കുട്ടിക്കാലം മുതൽക്കുതന്നെ ചിത്രകലയിൽ അപാരമായ കഴിവ് പ്രകടിപ്പിച്ചിരുന്നു എങ്കിലും വീട്ടിലെ സാമ്പത്തികനില കലാഭ്യസനത്തിനുള്ള സാഹചര്യമൊരുക്കിയില്ല. നിരാശനാകാതെ അദ്ദേഹം പരിശ്രമം തുടർന്നു. ഒരു കുഞ്ഞുകടയെ പെയിന്റിങ്ങ്  വർക്ക് ഷോപ്പ് ആക്കിമാറ്റി തന്റെ പെയിന്റിങ്ങുകൾ വില്പനനടത്താൻ തുടങ്ങി.   2004 -ൽ വിഖ്യാതമായ ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വൽ ആർട്സിൽ നിന്നും സ്വർണ്ണ മെഡലോടുകൂടി ഫൈൻ ആർട്ട്സ് ബിരുദം. ചിത്രകലയ്ക്കു പുറമെ ശില്പകലയിലും വിദഗ്ധനാണ് നഞ്ചുണ്ടസ്വാമി.

ബിരുദം നേടിയിറങ്ങിയ ഉടനെ തന്നെ വിഖ്യാതമായ പരസ്യനിർമ്മാണ കമ്പനിയായ ഒളിഗ്വി ആൻഡ് മേത്തറിൽ വിഷ്വലൈസറായി നിയമനം കിട്ടി. അവിടെ മൂന്നുവർഷം തുടർന്ന ശേഷം ഫുൾ ടൈം ഫ്രീലാൻസർ ആയി മാറി. ചിത്രം വരയ്‌ക്കൊപ്പം കന്നടയിൽ നാടകങ്ങൾ സംവിധാനം ചെയ്തു. ഡോക്യൂമെന്ററി ചിത്രങ്ങൾ പിടിച്ചു. ആർട്ട് ഡയറക്ടറായി നിരവധി ചിത്രങ്ങളിൽ. ലൂസിയ, ലിഫുഇഷ്‌ടീന്‍, പൊലീസ് ക്വാർട്ടർ, പ്രകൃതി തുടങ്ങിയ പല സിനിമകളുടെയും ഭാഗമായി. 

2012-ൽ ബാദൽ കളർ ജെൽ പേനകൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വരച്ചുകൂട്ടി. ആ സീരീസിൽ പെട്ട 40  ചിത്രങ്ങൾ ഒന്നിച്ച് 'കളേഴ്സ് ആൻഡ് ബീയോണ്ട്' എന്ന പേരിൽ സുചിത്രാ ആർട്ട് ഗാലറിയിൽ ഒരു ചിത്രപ്രദർശനം നടത്തി. 2013-യിൽ 'മച്ചിനെ മനുഷ്യ' എന്ന പേരിൽ സബരംഗ് ഗാലറിയിൽ അടുത്ത എക്സിബിഷൻ നടന്നു. മൈസൂരുവിലെ കലാമന്ദിരയിലും ബാദലിന്റെ നിരവധി ഇൻസ്റ്റലേഷനുകളുണ്ട്. 

ചിത്രകലയുടെയും ശിൽപ്പകലയുടെയും പരസ്യ, നാടക, സിനിമാ സങ്കേതങ്ങളുടെയും മാധ്യമത്തിൽ ബദൽ നഞ്ചുണ്ട സ്വാമി പലതരത്തിൽ സമൂഹത്തോട് സംവദിക്കാൻ നിരന്തരശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ജനപ്രിയനാക്കിയ മാധ്യമം എന്നും തെരുവുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കലാ സൃഷ്ടികളായിരുന്നു. 

ചില ജനപ്രിയ ബാദൽ നഞ്ചുണ്ടസ്വാമി ഇൻസ്റ്റലേഷനുകൾ

2015-ൽ ബംഗളുരുവിലെ സുൽത്താൻ പാളയ എന്ന സ്ഥലത്തെ ടാറിട്ട റോഡിലെ കുഴികളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചെയ്ത 'ദ ക്രൊക്കഡൈൽ ഇൻസ്റ്റലേഷൻ' എന്ന വർക്കാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇത് ശ്രദ്ധയിൽപെട്ടപ്പോൾ ആനന്ദ് മഹിന്ദ്ര അദ്ദേഹത്തെ അഭിനന്ദിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. 

പിന്നീട് അദ്ദേഹം ചെയ്ത മറ്റൊരു ശ്രദ്ധേയമായ ഇൻസ്റ്റലേഷനാണ് ആർ ടി നഗറിലെ വാ പിളർന്നു നിൽക്കുന്ന യമരാജൻ 

അതിനു ശേഷം കന്നഡ നദി സോനു ഗൗഡയെ വെച്ചുള്ള മത്സ്യകന്യക വർക്ക് 


 

ഏറ്റവും ഒടുവിലായി അദ്ദേഹം ചെയ്തതാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബെംഗളൂരു റോഡുകളെ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളോട് ഉപമിച്ചുകൊണ്ടുള്ള മൈക്രോഗ്രാവിറ്റി മൂൺ വാക്ക്.  ചന്ദ്രയാന്റെ വിക്രം ലാൻഡർ അതിന്റെ പ്രഗ്യാൻ റോവറിനോടൊപ്പം അതിന്റെ മാതൃവാഹനത്തിൽ നിന്നും വേർപെട്ട അന്ന് തന്നെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അതിനെ കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിച്ചു. 

click me!